
നാലു ദിവസത്തെ ഉക്രൈൻ സന്ദർശനത്തിനു ശേഷം കർദിനാൾ സുപ്പി ജൂലൈ 16 ന് റോമിലേക്ക് മടങ്ങി. ഉക്രൈൻ സ്റ്റേറ്റ്‌ഹുഡ് ദിനാഘോഷങ്ങൾക്കു ശേഷം, ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. യുദ്ധത്തടവുകാരുടെ മോചനം, കുട്ടികളെ തിരികെയെത്തിക്കൽ, മാനുഷിക സഹായങ്ങൾ, റഷ്യയിലെ തടവറകൾ സന്ദർശിക്കാൻ തടവുകാരുടെ കുടുംബങ്ങൾ കർദിനാളിനോട് നടത്തിയ അഭ്യർഥനകൾ എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളായി.
അതേസമയം, 2023 ലെ സന്ദർശനത്തിനു ശേഷമുള്ള തന്റെ രണ്ടാമത്തെ ഉക്രൈൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് കർദിനാൾ മത്തെയോ മരിയ സുപ്പി റോമിലേക്ക് മടങ്ങിയത്. എൽവിവ് (Lviv) മേഖലയിലും കൈവിലും (Kyiv) ചെലവഴിച്ച നാല് ദിവസങ്ങളിൽ, സമാധാനത്തിനും മനുഷ്യാന്തസ്സിന്റെ സംരക്ഷണത്തിനുമായി നിരന്തരം അഭ്യർഥിക്കുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രാർഥനയും സാമീപ്യവും അദ്ദേഹം ഉക്രൈൻ ജനതയെ അറിയിച്ചു.
ചർച്ചയ്ക്കിടെ, വത്തിക്കാന്റെ മാനുഷിക ഇടപെടലുകൾക്ക് വിദേശകാര്യമന്ത്രി സിബിഹ നന്ദി അറിയിക്കുകയും നിലവിലെ സമാധാനശ്രമങ്ങളെയും മുൻഗണനകളെയും കുറിച്ച് സംസാരിക്കുകയും ചെയ്തു. തടവിലാക്കപ്പെട്ട ഉക്രൈൻ ജനതയുടെ അവസ്ഥ ചൂണ്ടിക്കാണിച്ച അദ്ദേഹം, അവരുടെ മോചനം സുഗമമാക്കുന്നതിന് ഒരു മാനുഷിക സംവിധാനം ആവശ്യമാണെന്ന് ആവശ്യപ്പെട്ടു. കൂടാതെ, റഷ്യൻ അധിനിവേശത്തിലുള്ള ഖേർസൺ മേഖലയിലെ ഒലേഷ്കി (Oleshky), ഹോള പ്രിസ്താൻ (Hola Prystan) എന്നീ പ്രദേശങ്ങളിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഓഗസ്റ്റിൽ 975-ാം വാർഷികം ആഘോഷിക്കുന്ന യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലുള്ള ‘കൈവ്-പെചെർസ്ക് ലാവ്‌റ’യ്ക്കു (Kyiv-Pechersk Lavra) നേരെ അടുത്തിടെയുണ്ടായ ആക്രമണത്തെക്കുറിച്ചും മന്ത്രി പരാമർശിച്ചു. ഇതിന്റെ സംരക്ഷണവും പുനരുദ്ധാരണവും സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്നും അദ്ദേഹം വ്യക്തമാക്കി.




