
ജിയോവന്നി ബോഷ്കയെ തങ്ങളുടെ അടുത്ത ഡയറക്ടർ ജനറലായി നിയമിച്ച് വത്തിക്കാൻ ബാങ്ക് എന്ന് അറിയപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വർക്സ് ഓഫ് റിലീജിയൻ (IOR). വിരമിച്ച ജിയാൻ ഫ്രാങ്കോ മാമ്മിയുടെ പിൻഗാമിയായാണ് ബോഷ്ക എത്തുന്നത്. 2015 മുതൽ ഐഒആറിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് മാമ്മിയായിരുന്നു. 55 വയസ്സുകാരനായ പുതിയ ഡയറക്ടർ ഒക്ടോബർ ഒന്നിന് ഔദ്യോഗികമായി ചുമതലയേൽക്കും.
ജൂലൈ 15 ലെ ഐഒആറിന്റെ പത്രക്കുറിപ്പനുസരിച്ച്, ഈ നിയമനം മേൽനോട്ടം, ഭരണം, ഭരണം നിർവഹിക്കുന്ന സമിതികൾ എന്നിവ വ്യക്തമായി വേർതിരിച്ചുകൊണ്ടുള്ള ശക്തമായ ഒരു ഭരണസംവിധാനത്തെ പ്രതിഫലിപ്പിക്കുന്നു. സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇത്. പരിശുദ്ധ സിംഹാസനത്തിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനും കത്തോലിക്കാ സഭയുടെ ആഗോള ഫണ്ടുകളുടെ ഭരണം കേന്ദ്രീകരിക്കുന്നതിനുമായി 1942 ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് ഐഒആർ സ്ഥാപിച്ചത്. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പ്രധാന ധനകാര്യ സ്ഥാപനം കൂടിയാണിത്.
2019-ൽ ഐ.ഒ.ആറിൽ ചേരുന്നതിന് മുൻപ്, സോളമൻ ബ്രദേഴ്സ്, സിറ്റിഗ്രൂപ്പ്, ആർ.ബി.എസ് (RBS), ക്രെഡിറ്റ് സൂയിസ് ഫസ്റ്റ് ബോസ്റ്റൺ ഉൾപ്പെടെയുള്ള വിവിധ കമ്പനികളിലായി അന്താരാഷ്ട്ര സാമ്പത്തിക വിപണിയിൽ 30 വർഷത്തിലധികം പ്രവൃത്തിപരിചയം ബോഷ്കയ്ക്കുണ്ട്. ഇറ്റലിയിലെ മിലാനിലുള്ള ബൊക്കോണി സർവകലാശാലയിൽ നിന്ന് ഫിനാൻസിൽ മികച്ച വിജയത്തോടെ മാസ്റ്റർ ബിരുദവും ലണ്ടൻ ബിസിനസ് സ്കൂളിൽ നിന്ന് എക്സിക്യൂട്ടീവ് എം.ബി.എയും അദ്ദേഹം നേടിയിട്ടുണ്ട്.
2019-ൽ റോമിലേക്ക് മാറിയ അദ്ദേഹം ഐ.ഒ.ആറിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും സി.ഇ.ഒ ആയും ചുമതലയേറ്റു. പിന്നീട് 2021-ൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായും, 2023-ൽ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു.




