ആരോഗ്യനില വഷളായതിനെ തുടർന്ന് കർദ്ദിനാൾ സെൻ ആശുപത്രിയിൽ

റോമിൽ, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കർദ്ദിനാൾ ജോസഫ് സെന്നിനെ, അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഹോങ്കോങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 91 -കാരനായ കർദ്ദിനാൾ സെന്നിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ജനുവരി 31 -ന് ബ്ലോഗിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി അഞ്ചിന് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മൃതസംസ്കാര ചടങ്ങുകൾക്കായി റോമിലേക്ക് പോകുന്നതിന് ഹോങ്കോംഗ് കോടതിയിൽ നിന്ന് അനുമതി ലഭിക്കുന്നതിനു മുമ്പു തന്നെ തനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. തോളിൽ വീക്കം, നടുവേദന, കൈകളിൽ മരവിപ്പ് എന്നിവ ഉണ്ടായിരുന്നിട്ടും, മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും അദ്ദേഹം പിൻവാങ്ങിയില്ല.

“ബെനഡിക്ട് മാർപാപ്പയുടെ മൃതസംസ്കാരം എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു; ഒരു അത്ഭുതം പോലെ, റോമിലേക്ക് പോകാൻ ദൈവം എന്നെ അനുവദിച്ചു. കോടതിയിൽ അത് അംഗീകരിക്കപ്പെട്ടു. എന്റെ പാസ്‌പോർട്ട് തിരികെ എടുക്കാൻ പോലീസ് അനുവദിച്ചു. കൃത്യസമയത്ത് അവിടെ എത്താൻ എയർലൈൻസിന് ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നു. അതിനാൽ, ഈ അവസരം ഉപേക്ഷിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നി. ഞാൻ പോകാൻ തീരുമാനിച്ചു. റോമിൽ ചെന്നപ്പോൾ, ബെനഡിക്ട് പതിനാറാമൻ മാർപാപ്പയോട് ഞങ്ങളുടെ ബഹുമാനവും സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് ഹോങ്കോങ്ങിനെയും ചൈനയെ മുഴുവനായും ഞാൻ പ്രതിനിധീകരിക്കുന്നതായി എനിക്ക് തോന്നി” – അദ്ദേഹം പറയുന്നു.

റോമിലേക്കുള്ള തന്റെ നാലു ദിവസത്തെ യാത്രക്കു ശേഷം, കർദ്ദിനാൾ 10 ദിവസം ഹോങ്കോങ്ങിൽ വിശ്രമിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ആരോഗ്യം അപ്രതീക്ഷിതമായി വഷളാവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.