ഇറാഖ് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കർദ്ദിനാൾ സാക്കോ ബാഗ്ദാദിലേക്ക്

ബാഗ്ദാദിലെ ആർച്ച് ബിഷപ്പും കൽദായ ബാബിലോണിലെ പാത്രിയാർക്കീസുമായ കർദിനാൾ ലൂയിസ് റാഫേൽ സാക്കോ ബാഗ്ദാദിലേക്ക് മടങ്ങുന്നു. ഏപ്രിൽ 10 മുതൽ 13 വരെ കർദ്ദിനാൾ സാക്കോയുടെ ബാഗ്ദാദ് സന്ദർശനം “ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയുടെ വ്യക്തിപരമായ ക്ഷണപ്രകാരമാണ്” എന്ന് കൽദായ പാത്രിയാർക്കേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വെളിപ്പെടുത്തുന്നു.

ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹാൾ ഓഫ് ഓണേഴ്സിൽ കർദ്ദിനാൾ സാക്കോയെ സ്വാഗതം ചെയ്യാൻ അൽ സുഡാനി ഒരു പ്രതിനിധിയെ ചുമതലപ്പെടുത്തി. ബിഷപ്പ് തോമസ് മിർമിനോടൊപ്പം ബാഗ്ദാദിലെത്തിയ പാത്രിയാർക്കീസ്, ​​പാത്രിയാർക്കൽ ഹൗസിലേക്ക് പോയി. അവിടെ ബിഷപ്പ് ഷ്ലിമോൻ വാർദുനിയും ബിഷപ്പ് ബസേലിയോസ് യൽദോയും ബാഗ്ദാദ് അതിരൂപതയിലെ വൈദികരോടൊപ്പം അദ്ദേഹത്തെ സ്വീകരിച്ചു.

ഏപ്രിൽ 11-ന്, പ്രധാനമന്ത്രി അൽ സുഡാനി കർദിനാൾ സാക്കോയെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും സന്ദർശിച്ച് ഇറാഖിലെ പൊതു സ്ഥിതിവിശേഷം, പ്രത്യേകിച്ച് “രാജ്യത്തിന്റെ സ്ഥിരത” സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തുവെന്ന് പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് പറയുന്നു. ബാഗ്ദാദിലെ പാത്രിയർക്കീസിന്റെ സാന്നിധ്യവും സ്വാധീനശക്തിയും പുനരുജ്ജീവിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി അൽ സുഡാനി പറഞ്ഞു. ഇറാഖി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും സഹവർത്തിത്വവും സാഹോദര്യവും യഥാർഥ  പൗരത്വവും വളർത്തിയെടുക്കുന്നതിനുള്ള തന്റെ സർക്കാരിന്റെ  പ്രതിബദ്ധത അദ്ദേഹം ഉറപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.