
ഫ്രാൻസിസ് മാർപാപ്പ ഉക്രൈന് സംഭാവനചെയ്ത നാല് ആംബുലൻസുകളിൽ മൂന്നെണ്ണം സപോരിഷിയയിലേക്കും മറ്റൊന്ന് ഖാർകിവിലേക്കും നൽകി ഉക്രൈൻ സന്ദർശിക്കുന്ന കർദിനാൾ ക്രായെവ്സ്കി. സംഘർഷത്തിൽ പരിക്കേറ്റവരെ സഹായിക്കാനും യുദ്ധത്തിന്റെ ഇരകളായവരെ ആശ്വസിപ്പിക്കാനും കർദിനാൾ ഇപ്പോൾ ഉക്രൈനിലുണ്ട്.
ഖാർകിവ്-സപോരിഷ്യ ലാറ്റിൻ രൂപതയുടെ സഹായമെത്രാൻ ബിഷപ്പ് ജാൻ സോബിലോ, യുദ്ധത്തിന് മുമ്പ് മെലിറ്റോപോളിൽ സേവനമനുഷ്ഠിച്ച ഫാദർ തോമാസ് നദ്‌ബെറെസ്‌നി, ഖാർകിവ്-സപോരിഷ്യ രൂപതയുടെ കാരിത്താസ്-സ്‌പെസിന്റെ ഡയറക്ടർ ഫാദർ വോയ്‌സിക് സ്റ്റാസിവിച്ച്‌സ് എന്നിവരും സന്ദർശനത്തിൽ പങ്കാളികളാകുന്നുണ്ട്. മറ്റു സന്ദർഭങ്ങളിൽ, ഉക്രൈനിലേക്കുള്ള യാത്രയ്ക്കുമുമ്പ് മാർപാപ്പ ആംബുലൻസുകളെ ആശീർവദിക്കാറുണ്ട്. എന്നാൽ ഇത്തവണ വത്തിക്കാൻ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.
“ദൈവത്തിന് നന്ദി, 3,300 കിലോമീറ്റർ യാത്രയ്ക്കുശേഷമാണ് ഞങ്ങൾ എത്തിയത്. മഞ്ഞ് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ഒഴികെ, വലിയ ബുദ്ധിമുട്ടുകളൊന്നും ഞങ്ങൾക്ക് നേരിടേണ്ടി വന്നില്ല; റോഡ് മഞ്ഞുമൂടിയതിനാൽ ഞങ്ങൾക്ക് പതുക്കെ പോകേണ്ടിവന്നു” – കർദിനാൾ ക്രായെവ്സ്കി പ്രസ്താവനയിൽ വിശദീകരിച്ചു.
ഉക്രൈനിൽ യുദ്ധം മൂലം വളരെയധികം കേടുപാടുകൾ സംഭവിച്ച രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള സപോരിഷിയ നഗരമായിരുന്നു ഈ സംഘം ആദ്യം സന്ദർശിച്ചത്. നഗരത്തിലുണ്ടായ രണ്ട് ബോംബാക്രമണങ്ങളിൽ 20-ലധികം പേർ കൊല്ലപ്പെട്ടു. 2022 ലെ അധിനിവേശത്തിനുശേഷമുള്ള ആദ്യ ആഴ്ചകളിൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത ആണവനിലയവും ഈ പ്രദേശത്താണ്. അപ്പസ്തോലിക് അൽമോണർ സ്വീകരിച്ച സംഭാവനകൾ ഉപയോഗിച്ച് വാങ്ങിയ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കർദിനാൾ ക്രാജെവ്സ്കി ഇവിടെ വിതരണം ചെയ്തു.
ബ്രെഡ് നിറച്ച പ്ലാസ്റ്റിക് ബാഗുകൾ, മാംസം, ട്യൂണ, പാസ്ത, അരി എന്നിവയുടെ പായ്ക്കറ്റുകളാണ് വിതരണം നടത്തിയത്.




