
മൊസാംബിക്കിലെ സായി-സായി (Xai-Xai) രൂപതയുടെ എമിരിറ്റസ് ബിഷപ്പായ കർദിനാൾ ജൂലിയോ ദ്വാർത്തേ ലാംഗ (98) അന്തരിച്ചു. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ മാപുട്ടോ സെൻട്രൽ ആശുപത്രിയിൽ രോഗബാധയെ തുടർന്നായിരുന്നു അന്ത്യം.
കർദിനാളിന്റെ വേർപാടിൽ മൊസാംബിക് ബിഷപ്പ് കോൺഫറൻസ് (CEM) ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. “മൊസാംബിക്കിലെ കത്തോലിക്കാ സഭയ്ക്കും, പ്രത്യേകിച്ച് സായി-സായി രൂപതയ്ക്കും വേണ്ടിയുള്ള ദ്വാർത്തേ ലാംഗയുടെ സമർപ്പിതജീവിതത്തിന് ദൈവത്തിന് നന്ദിയർപ്പിക്കുന്നു. അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി പ്രാർഥിക്കാൻ എല്ലാ വിശ്വാസികളോടും അഭ്യർഥിക്കുന്നു” – പ്രസ്താവനയിൽ കോൺഫറൻസ് വ്യക്തമാക്കി. സംസ്കാരചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണങ്ങൾ തനിക്ക് വ്യക്തമായി അറിയാമായിരുന്ന പ്രാദേശികഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിന് നേതൃത്വം നൽകിയത് കർദിനാൾ ലാംഗയായിരുന്നു. പട്ടിണിയും പകര്‍ച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും നേരിട്ട ഒരു ദരിദ്രപ്രദേശത്ത്, വിശ്വാസികൾക്കിടയിൽ ക്രിസ്തീയവിശ്വാസം നിലനിർത്താൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കർദിനാളായിരുന്നു ദ്വാർത്തേ ലാംഗ. മൊസാംബിക്കിലെ സഭാചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കർദിനാളായിരുന്നു അദ്ദേഹമെന്ന് ‘വത്തിക്കാൻ ന്യൂസ്’ വെളിപ്പെടുത്തി.
ആരായിരുന്നു കർദിനാൾ ദ്വാർത്തേ ലാംഗ?
വത്തിക്കാൻ ന്യൂസിന്റെ കണക്കനുസരിച്ച്, 1927 ഒക്ടോബർ 27 ന് മൊസാംബിക്കിലെ മൻഗുൻസെയിലാണ് കർദിനാൾ ദ്വാർത്തേ ലാംഗ ജനിച്ചത്. 1957 ജൂൺ ഒൻപതിന് ലൊറൻസോ മാർക്വസ് (ഇപ്പോഴത്തെ മാപുട്ടോ) കത്തീഡ്രലിൽ വച്ച് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് രൂപതയുടെ കൺസൾട്ടന്റ്, പ്രെസ്ബിറ്ററൽ കൗൺസിൽ അംഗം, വികാരി ജനറാൾ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
1976 മേയ് 31 ന് 48-ാം വയസ്സിൽ വി. പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ ജോവായോ ബെലോ രൂപതയുടെ ബിഷപ്പായി നിയമിച്ചു (അതേ വർഷം ഒക്ടോബർ ഒന്നിന് ഈ രൂപതയുടെ പേര് ‘സായി-സായി’ എന്ന് മാറ്റി). 1976 ഒക്ടോബർ 24 നായിരുന്നു അദ്ദേഹത്തിന്റെ മെത്രാഭിഷേകം. 1992 ഒക്ടോബർ നാലിന് റോമിൽ ഒപ്പുവച്ച കരാറുകളിലൂടെ ലഭിച്ച മൊസാംബിക്കിന്റെ സ്വാതന്ത്ര്യവും അതിനു വഴിവച്ച ദീർഘകാല ആഭ്യന്തരയുദ്ധവും നിറഞ്ഞ 28 വർഷക്കാലം (2004 ജൂൺ 24 വരെ) അദ്ദേഹം ഈ രൂപതയെ നയിച്ചു.
സഭയ്ക്കു നൽകിയ മികച്ച സേവനങ്ങൾ കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ 87-ാം വയസ്സിൽ (2015 ഫെബ്രുവരി 14 ലെ കൺസിസ്റ്ററിയിൽ) ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തെ ‘കർദിനാൾ’ പദവിയിലേക്ക് ഉയർത്തി. കർദിനാൾ ദ്വാർത്തേ ലാംഗയുടെ വേർപാടോടെ, സഭയിലെ കർദിനാൾമാരുടെ സംഘത്തിൽ (College of Cardinals) ഇപ്പോൾ 240 അംഗങ്ങളാണുള്ളത്. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ വോട്ടവകാശമുള്ള 116 പേരും (80 വയസ്സിൽ താഴെയുള്ളവർ) വോട്ടവകാശമില്ലാത്ത 124 പേരും (80 വയസ്സും അതിനു മുകളിലുമുള്ളവർ) ഇതിൽ ഉൾപ്പെടുന്നു.




