പീലാത്തോസ് മുതൽ ഇന്റർനെറ്റ് യുഗം വരെയുള്ള ആളുകൾ യേശുവിനോട് മുഖം തിരിച്ചിരിക്കുന്നു: കർദ്ദിനാൾ കാന്റലമെസ്സ

പീലാത്തോസ് മുതൽ ഇന്റർനെറ്റ് യുഗം വരെയുള്ള ആളുകൾ യേശുവിനോട് മുഖം തിരിച്ചിരിക്കുകയാണെന്ന് കർദ്ദിനാൾ റാനീറോ കാന്റലമെസ്സ. ദുഃഖവെള്ളിയാഴ്ച വത്തിക്കാനിലെ സെന്റ്. പീറ്റേഴ്സ് ചത്വരത്തിൽ നടന്ന കർമ്മങ്ങൾക്കിടയിലാണ് ഫ്രാൻസിസ് പാപ്പായുടെ സാന്നിധ്യത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

വി. യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള വായനയ്ക്കുശേഷം അദ്ദേഹം യേശുവും പീലാത്തോസും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ചാണ് സംസാരിച്ചത്. “ഇൻറർനെറ്റിലൂടെ, മതത്തെയും ശാസ്ത്രത്തെയും വിശ്വാസത്തെയും നിരീശ്വരവാദത്തെയും കുറിച്ചുള്ള എണ്ണമറ്റ സംവാദങ്ങൾക്ക് ഞാൻ സാക്ഷിയായിട്ടുണ്ട്. അതിൽ ഒരു കാര്യം എന്നെ സ്പർശിച്ചു. അതായത് യേശുവിന്റെ പേര് ഒരിക്കലും പരാമർശിക്കാതെയാണ് മണിക്കൂറുകൾ നീളുന്ന ഈ സംവാദങ്ങൾ. എന്തെങ്കിലും വിശ്വാസികൾ യേശുവിന്റെ പേരും മരിച്ചവരിൽ നിന്നുള്ള അവന്റെ ഉയിർപ്പും പരാമർശിച്ചാൽ, അവർ ഉടൻ തന്നെ അപ്രസക്തമായ ഒരു കാര്യമായി അതിനെ കണ്ട് ചർച്ച അവസാനിപ്പിക്കും”- കർദ്ദിനാൾ പറഞ്ഞു. ഇന്നത്തെ കാലത്ത് ‘ദൈവം’ എന്ന വാക്ക് എല്ലാവർക്കും ഇഷ്ടാനുസരണം ഉപയോഗിക്കാനുള്ള ഒരു നാമം മാത്രമായി തീർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വചനപ്രഘോഷണത്തിനുശേഷം, ഒരു ഡീക്കനും ഫ്രാൻസിസ് മാർപാപ്പയും 11 മധ്യസ്ഥ പ്രാർത്ഥനകൾ ഉരുവിട്ടു. അതിൽ യഹൂദ ജനതയ്ക്കും അവിശ്വാസികൾക്കും യുദ്ധത്തിൽ കഷ്ടപ്പെടുന്നവർക്കും വേണ്ടിയുള്ള പ്രാർത്ഥനകൾ ഉൾപ്പെടുന്നു. തുടർന്ന് വിശുദ്ധ കുരിശിന്റെ ആരാധനയും ‘സ്വർഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥനയും ഉരുവിട്ടു. അതിനുശേഷം വിശുദ്ധ കുർബാന സ്വീകരണമായിരുന്നു. ഏകദേശം 3,500 പേരാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ദുഃഖവെള്ളി കർമ്മങ്ങളിൽ പങ്കാളികളായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.