
കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയാണ് വിശുദ്ധ കതേരി തെക്കാക്വിത. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അവൾ, തദ്ദേശീയ ആത്മീയതയുടെയും കഠിനമായ അതിജീവനത്തിന്റെയും അചഞ്ചലമായ വിശ്വാസത്തിന്റെയും പ്രതീകമായിട്ടാണ് ഇന്ന് ലോകമെങ്ങും വണങ്ങപ്പെടുന്നത്. ജൂലൈ 14-നാണ് സഭ ഈ വിശുദ്ധയുടെ തിരുനാൾ ആഘോഷിക്കുന്നത്. വിശുദ്ധ കതേരിയെക്കുറിച്ച് കൂടുതൽ വായിച്ചറിയാം.
1656-ൽ ഇന്നത്തെ ന്യൂയോർക്കിലെ ഒസ്സെർനെനോൺ (Ossernenon) എന്ന മോഹോക്ക് ഗ്രാമത്തിലാണ് കതേരി ജനിച്ചത്. ജീവിതത്തിന്റെ ഭൂരിഭാഗം സമയവും അവൾ ചെലവഴിച്ചതും ന്യൂയോർക്കിലായിരുന്നു. കത്തോലിക്കാ വിശ്വാസിയായ അമ്മയുടെയും മോഹോക്ക് ഗോത്രത്തലവനായ അച്ഛന്റെയും മകളായാണ് അവൾ ജനിച്ചത്. അമ്മയുടെ ആഴമേറിയ വിശ്വാസം കതേരിയുടെ കുരുന്നുമനസ്സിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
അക്കാലത്ത് പടർന്നുപിടിച്ച വസൂരി രോഗത്തെ അതിജീവിച്ച അവളുടെ കുടുംബത്തിലെ ഏകവ്യക്തി കതേരിയായിരുന്നു. എന്നാൽ ഈ രോഗം അവളുടെ ശാരീരികക്ഷമതയെ തളർത്തുകയും കാഴ്ചശക്തിയെ ഭാഗികമായി ബാധിക്കുകയും മുഖത്ത് വടുക്കൾ അവശേഷിപ്പിക്കുകയും ചെയ്തു. ഇരുപതാമത്തെ വയസ്സിൽ, 1676-ലെ ഈസ്റ്റർ ദിനത്തിലാണ് കതേരി മാമ്മോദീസ സ്വീകരിച്ചത്. വിശ്വാസത്തിന്റെ പേരിൽ സ്വന്തം ഗോത്രത്തിൽ നിന്നും നേരിട്ട എതിർപ്പുകളെത്തുടർന്ന് അവൾ പിന്നീട് മോൺട്രിയലിനു സമീപമുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ മിഷനിലേക്ക് താമസം മാറ്റി.
വിശുദ്ധ കുർബാനയ്ക്ക് മുന്നിൽ മണിക്കൂറുകളോളം പ്രാർഥനയിൽ ചെലവഴിക്കാൻ അവൾ പ്രത്യേകം താല്പര്യപ്പെട്ടിരുന്നു. എപ്പോഴും കൈയിലൊരു ജപമാല സൂക്ഷിക്കുന്നതും പ്രാർഥിക്കുന്നതും അവളുടെ പതിവായിരുന്നു. കേവലം 24-ാം വയസ്സിൽ കതേരി ഈ ലോകത്തോട് വിടപറഞ്ഞു. മരണസമയത്ത് അവളുടെ നാവിൽ നിന്ന് പുറത്തുവന്ന അവസാന വാക്കുകൾ, ‘ഈശോയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു’ എന്നതായിരുന്നു.
കതേരിയുടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന വൈദികർ സാക്ഷ്യപ്പെടുത്തിയത്, മരണത്തിന് തൊട്ടുപിന്നാലെ അവളുടെ മുഖത്തുണ്ടായിരുന്ന വസൂരിയുടെ വടുക്കൾ അദ്ഭുതകരമായി അപ്രത്യക്ഷമാവുകയും മുഖം അതീവസുന്ദരവും പ്രകാശപൂരിതവുമായി മാറുകയും ചെയ്തു എന്നാണ്.
വടക്കേ അമേരിക്കൻ മണ്ണിൽ നിന്നും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ തദ്ദേശീയ (Indigenous) വനിതയാണ് വിശുദ്ധ കതേരി. തദ്ദേശീയ ജനവിഭാഗങ്ങൾ, പരിസ്ഥിതി സംരക്ഷണം, പ്രകൃതി എന്നിവയുടെ സ്വർഗീയ മധ്യസ്ഥയായിട്ടാണ് കത്തോലിക്കാ സഭ വിശുദ്ധ കതേരി തെക്കാക്വിതയെ വണങ്ങുന്നത്.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




