
ദൈവദാസന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ ഓര്‍മ്മദിനം നമ്മെ സംബന്ധിച്ചിടത്തോളം വലിയ അനുഗൃഹത്തിന്റെയും ദൈവകൃപയുടെയും സുദിനമാണ്. 1882 സെപ്റ്റംബര്‍ 21 ന് മാവേലിക്കരയില്‍ പ്രശസ്തമായ പണിക്കര്‍ കുടുംബത്തില്‍ തോമസ് പണിക്കരുടെയും അന്നാമ്മ പണിക്കരുടെയും മകനായി ജനിച്ച്, 1953 ജൂലൈ 15 ന് കാലം ചെയ്യുന്നതുവരെയുള്ള 70 വര്‍ഷക്കാലം നീണ്ട സംഭവബഹുലമായ ജീവിതമായിരുന്നു പിതാവിന്റേത്. മലങ്കര സഭാഭാസുരന്‍ എന്നറിപ്പെട്ടിരുന്ന വട്ടശ്ശേരില്‍ മാര്‍ ഡയനീഷ്യസ് തിരുമേനി 1908 സെപ്റ്റംബര്‍ 15 ന് വൈദികപട്ടവും 1925 മെയ് ഒന്നിന് ബസേലിയോസ് ഗീവര്‍ഗീസ് ബാവ മെത്രാഭിഷേകവും പിതാവിനു നല്‍കി. ‘കൂദാശ ശെമ്മാശന്‍’, ‘എം.എ. അച്ചന്‍’,’ ബഥനി മെത്രാപ്പോലീത്ത’ എന്നീ പേരുകളിലും പിതാവ് അറിയപ്പെട്ടിരുന്നു. എം.ഡി. സെമിനാരി ഹൈസ്‌കൂള്‍ പ്രിന്‍സിപ്പളായും സെറാമ്പൂര്‍ കോളേജ് പ്രൊഫസറായും സേവനമനുഷ്ഠിച്ചത് പിതാവിന് ചെറുപ്പത്തില്‍ത്തന്നെ ആത്മീയവും ഭരണപരവുമായ വലിയ അറിവുകള്‍ ലഭിക്കുന്നതിനു കാരണമായി.
മെത്രാന്‍കക്ഷിയെന്നും ബാവാകക്ഷിയെന്നും വിഭജിതമായ പുത്തന്‍കൂര്‍ സഭാവിഭാഗത്തിലെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശക്തനായ വക്താവയിരുന്നു പി.റ്റി. ഗീവര്‍ഗീസ് അച്ചന്‍. തന്റെ സഭയുടെ ഐക്യവും ആത്മീയനവീകരണവും മാത്രമായിരുന്നു പിതാവിന്റെ ലക്ഷ്യം. സെറാമ്പൂര്‍ കാലയളവില്‍ വി. ബസേലിയോസിന്റെ സന്ന്യാസ നിയമപഠനവും മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും ആശ്രമസന്ദര്‍ശനവും ബഥനി സന്ന്യാസ-സന്ന്യാസിനീ സ്ഥാപനത്തിലെത്തിച്ചു. ഭാരതത്തിന്റെ സുവിശേഷവത്ക്കരണത്തിന് ‘പാശ്ചാത്യസംസ്കാരത്തില്‍ രൂപപ്പെടുത്തിയ ഒരു യേശുവിനെ ഇവിടെ പ്രതിഷ്ഠിക്കുകയല്ല’ ഭാരതസംസ്കാരത്തില്‍ യേശുവിനെ കണ്ടെത്തി പകര്‍ന്നുനല്‍കുന്ന ഒരു ശൈലി പിതാവ് അനുവര്‍ത്തിച്ചു.
പിതാവിന്റെ പഠനവും പ്രാര്‍ഥനയും അദ്ദേഹത്തെ കൊണ്ടെത്തിച്ചത് ആഗോള കത്തോലിക്കാ സഭാസംസര്‍ഗത്തിലാണ്. 1930 സെപ്റ്റംബര്‍ 20 ന് മാര്‍ ഇവാനിയോസ് പിതാവിന്റെ നേതൃത്വത്തില്‍ അഞ്ചുപേര്‍ കൊല്ലം അരമനയില്‍ വച്ച് അലോഷ്യസ് ബെന്‍സിഗര്‍ തിരുമേനിയുടെ അടുത്ത് കത്തോലിക്കാ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ട് പുനരൈക്യപ്പെട്ടത് ഭാരത സഭാചരിത്രത്തിലെ ഒരു നിര്‍ണ്ണായക സംഭവമാണ്. ഇന്ന് തിരുവനന്തപുരം മേജര്‍ അതിരൂപതയും തിരുവല്ല അതിരൂപതയും ഇന്ത്യയിലും വിദേശത്തുമായി 12 രൂപതകളും 14 മെത്രാന്മാരും ഈ സഭയ്ക്കുണ്ട്. അഞ്ചുലക്ഷത്തിനടുത്ത് വിശ്വാസികളുള്ള ഈ സഭ, മിഷന്‍ ചൈതന്യത്തിലും പുനരൈക്യ പ്രവര്‍ത്തനങ്ങളിലും പിതാവിന്റെ പാത പിന്തുടരുന്നു. ജന്മം കൊണ്ട് മഹാനും കര്‍മ്മം കൊണ്ട് വിശുദ്ധനുമായിത്തീര്‍ന്ന ദൈവദാസന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ ദൈവാലയം അനേകര്‍ക്ക് ആശ്വാസം നല്‍കുന്ന ആത്മീയ അഭയസ്ഥാനവുമാണ്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




