ബഫർ സോൺ സംരക്ഷിതവനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറ്റി നിശ്ചയിക്കുക: കെസിബിസി

രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം കേരളത്തിലെ സാമാന്യജനങ്ങളെ ബാധിക്കുന്ന വിഷയമാണ് വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമായി ഒരു കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോൺ/ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി. സ്വന്തം ആവശ്യത്തിനല്ലാതെ കൃഷി ചെയ്യുന്നതും മാത്രമല്ല സ്വന്തം ആവശ്യത്തിനായി വീട് വയ്ക്കുന്നത് പോലും നിരോധിക്കപ്പെട്ടിരിക്കുന്ന ഇടമാണ് ബഫർ സോൺ. ഇതിനുള്ളിൽ വരുന്ന ലക്ഷക്കണക്കിന് മനുഷ്യർ അപ്രഖ്യാപിത കുടിയിറക്കലിന് ഇരയായി ജനിച്ച മണ്ണിൽനിന്ന് പലായനം ചെയ്യേണ്ടി വരുമെന്ന സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 29.65 ശതമാനവും സംരക്ഷിത വനങ്ങളാണ്. 2021 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം കേരളത്തിലെ വൃക്ഷാവരണം 59.79 ശതമാനമാണ്. (ദേശീയ ശരാശരി 36.18 മാത്രമാണ്). ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 1.2 ശതമാനം മാത്രം വിസ്തൃതിയുള്ള കേരളത്തിലാണ് ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 4 ശതമാനം (24 എണ്ണം) നിലനിൽക്കുന്നത്. ജനസാന്ദ്രത ദേശീയ ശരാശരി വെറും 382 മാത്രമുള്ളപ്പോൾ കേരളത്തിലേത് 859 ആണെന്ന കാര്യവും പരിഗണിക്കേണ്ടതായുണ്ട്. ഇതെല്ലം ചൂണ്ടിക്കാണിക്കുന്നത്, ദുഷ്‌കരമായ സാഹചര്യത്തിലും കേരളം ഏറ്റവും മികച്ച രീതിയിൽ വനവും വന്യജീവികളും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഏകശിലാരൂപത്തിൽ വന്ന വനനിയമങ്ങൾ കേരളത്തിലെ റവന്യു ഭൂമിയിൽ അടിച്ചേൽപ്പിക്കുന്നത് സാമാന്യ നീതിയുടെ ലംഘനവുമാണെന്നും വ്യക്തമാകുന്നു. ആയതിനാൽ എല്ലാവിഭാഗം ജനങ്ങളെയും സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ സത്വരമായി ഇടപെടൽ നടത്തണം. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുന്നതിനുമുമ്പുതന്നെ സംസ്ഥാനസർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച് ഇക്കോ സെൻസിറ്റീവ് സോൺ /ബഫൽ സോൺ കേരളത്തിന്റെ സംരക്ഷിത വനത്തിന്റെ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറ്റി നിശ്ചയിക്കണം. മാത്രമല്ല കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ബഫർസോൺ സീറോ കിലോമീറ്ററിൽ നിജപ്പെടുത്തണമെന്ന പ്രമേയം നിയമസഭ പാസാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെസിബിസിയുടെ പ്രതിനിധികൾ നാളെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിക്കും.

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ/ഔദ്യാഗിക വക്താവ്,
ഡയറക്ടർ,പിഒസി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.