കൊലക്കയറിന് കാത്തുനിൽക്കുന്ന പ്രതി കത്തോലിക്കാ വിശ്വാസത്തിലേക്ക്

“യഥാർഥത്തിൽ ആരാണ് ദൈവം? അവിടുന്ന് എന്നെപ്പോലൊരാളോട് ക്ഷമിക്കുമോ?” തടവറയിൽ മരണം കാത്ത് കിടക്കുന്ന ബ്രൈലി പൈപ്പർ എന്ന വ്യക്തിയുടെ ചോദ്യം ആയിരുന്നു ഇത്. ഒരു സാധാരണ ചോദ്യത്തിനപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ലാത്ത, നിസ്സഹായതയുടെയും കുറ്റബോധത്തിന്റെയും അവഗണനയുടെയും ചിന്തകൾ പേറി നിൽക്കുന്ന ആ വ്യക്തിക്ക് മുന്നിൽ ദൈവം തന്റെ സ്നേഹത്തിന്റെ, കരുതലിന്റെ വാതിൽ തുറക്കുകയായിരുന്നു ഈ ഒരു ചോദ്യത്തിലൂടെ. ഈ ചോദ്യത്തിൽ നിന്നും ഉള്ള ബ്രൈലി പൈപ്പർ എന്ന കുറ്റവാളിയുടെ സഞ്ചാരം ഇന്ന് എത്തിയ നിൽക്കുന്നത് ഒരു കത്തോലിക്കൻ എന്ന നിലയിൽ ആണ്. ഒരു കൊലയാളിയെ പോലും മാറ്റി മറിക്കുവാൻ ദൈവത്തിന്റെ സ്നേഹത്തിനു കഴിയും എന്നതിന്റെ തെളിവാണ് യു.എസിലെ സൗത്ത് ഡക്കോട്ടയിലെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവറയിൽ കഴിയുന്ന ബ്രൈലി പൈപ്പർ എന്ന മനുഷ്യന്റെ ജീവിതം.

കൊലക്കയറിലേക്കുള്ള വഴിയും അപ്രതീക്ഷിത വഴിത്തിരിവും

ചെറുപ്പത്തിലെ വഴിതെറ്റിപ്പോയ ബ്രൈലി പൈപ്പർ, 2000-ൽ ചെസ്റ്റർ അലൻ പോജ് എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ ഭാഗമായതോടെയാണ് തടവറയിലാകുന്നത്. തുടർന്ന് കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു. ജീവിതത്തിന്റെ എല്ലാ വാതിലുകളും അടഞ്ഞ അവസ്ഥയിൽ, ഭാവിയില്ലാത്ത ദിനങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് തടവറയിലെ ഫോൺ കോളുകളിലൂടെയും കത്തുകളിലൂടെയും അയാൾ ആത്മീയ ചിന്തകളിലേക്ക് തിരിയുന്നത്.

തുടക്കത്തിൽ സ്പാനിഷ് ഭാഷ പഠിക്കാനായി തടവറയിൽ നിന്ന് കോൺടാക്റ്റ് ചെയ്ത സിസ്റ്റർ ഗാബ്രിയേല ക്രൗളി എന്ന സന്യാസിനിയുമായുള്ള ഫോൺ സംഭാഷണങ്ങളാണ് ബ്രൈലിയുടെ ജീവിതം മാറ്റിയെഴുതിയത്. ഭാഷാ പഠനത്തിനപ്പുറം ബ്രൈലി ചോദിച്ച ലളിതമായ ഒരു ചോദ്യം — “യഥാർഥത്തിൽ ആരാണ് ദൈവം? അവിടുന്ന് എന്നെപ്പോലൊരാളോട് ക്ഷമിക്കുമോ?” — അവരുടെ സംഭാഷണങ്ങളെ ആത്മീയതയിലേക്ക് തിരിച്ചുവിട്ടു. തുടർന്ന് ഒരു കത്തോലിക്കാ വൈദികന്റെ സഹായത്തോടെ ബ്രൈലി സഭാ പഠനങ്ങളിലേക്ക് കടന്നു.

ചങ്ങലകൾക്കിടയിലെ ജ്ഞാനസ്നാനം

2008-ലെ ഒരു പ്രഭാതത്തിലായിരുന്നു ബ്രൈലിയുടെ ജീവിതത്തിലെ ആ നിർണ്ണായക നിമിഷം. സൗത്ത് ഡക്കോട്ടയിലെ സിയോക്സ് ഫോൾസ് രൂപതയുടെ ബിഷപ്പ് പോൾ സ്വെയിൻ, വൈദികൻ, സിസ്റ്റർ ഗാബ്രിയേല എന്നിവർ അദ്ദേഹത്തെ സന്ദർശിക്കാനെത്തി. കൈകാലുകളിൽ ചങ്ങലകൾ ബന്ധിച്ച്, കടുത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ചെറിയൊരു മുറിയിലേക്ക് കൊണ്ടുവരുമ്പോൾ ബ്രൈലി വിറയ്ക്കുന്നുണ്ടായിരുന്നു. “കോടതിയിൽ വധശിക്ഷ വിധിച്ച ദിവസം പോലും എനിക്ക് ഇത്രയും പരിഭ്രമം ഉണ്ടായിരുന്നില്ല” എന്നാണ് അന്ന് തടവറയിലെ വൈദികനോട് ബ്രൈലി പറഞ്ഞത്. അവിടെവച്ച് ബിഷപ്പ് പോൾ സ്വെയിന്റെ നേതൃത്വത്തിൽ ബ്രൈലി ജ്ഞാനസ്നാനം സ്വീകരിക്കുകയും കത്തോലിക്കാ സഭയുടെ ഭാഗമാവുകയും ചെയ്തു.

ചെയ്തുപോയ തെറ്റുകളുടെ ഭാരവും വധശിക്ഷ നേരിടേണ്ടിവരുമെന്ന ഭീതിയും ഉള്ളിലൊതുക്കുമ്പോഴും, പുതിയ വിശ്വാസം തനിക്ക് നൽകുന്ന സമാധാനം ചെറുതല്ലെന്ന് ബ്രൈലി പറയുന്നു. കൊലക്കയറിന് മുന്നിൽ നിൽക്കുമ്പോഴും മനസ്സിന്റെ ശാന്തിയും തെറ്റുകളിൽ നിന്നുള്ള പശ്ചാത്താപവുമാണ് യഥാർഥ മോചനമെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.