നൈജീരിയയിൽ 11 പേരെ കൊലപ്പെടുത്തി ബോക്കോ ഹറാം തീവ്രവാദികൾ

നവംബർ ആറ് തിങ്കളാഴ്ച നൈജീരിയയുടെ പ്രാദേശിക തലസ്ഥാനമായ മൈദുഗുരിക്കുപുറത്ത് സബർമാരിയിൽ കർഷകഗ്രാമത്തിലെ നെൽവയലുകളിൽ ബോക്കോ ഹറാം തീവ്രവാദികൾ ആക്രമണം നടത്തി. ആക്രമണത്തിൽ 11 പേരെ തീവ്രവാദികൾ കൊലപ്പെടുത്തി. വിളവെടുത്ത സാധനങ്ങൾ പിറ്റേന്നുരാവിലെ കൊണ്ടുപോകുന്നതിനായി, രാത്രി കർഷകർ തങ്ങളുടെ പാടങ്ങളിൽ ഉറങ്ങുമ്പോഴായിരുന്നു ആക്രമണം.

ആക്രമണത്തിനുശേഷം കാണാതായ തങ്ങളുടെ സമുദായാംഗങ്ങൾക്കായി സബർമാരിയിലെ കർഷകർ തിരച്ചിൽ തുടരുകയാണ്. “ഞങ്ങൾ ഇപ്പോഴും സമീപപ്രദേശങ്ങളിലെ മറ്റു നെൽപ്പാടങ്ങളിൽ തിരച്ചിൽനടത്തുകയാണ്. കാരണം നിരവധിയാളുകളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല” – കമ്മ്യൂണിറ്റി നേതാവ് ഉമർ അരി പറഞ്ഞു.

നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്കെതിരെ അക്രമം അഴിച്ചുവിട്ട ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പാണ് ബോക്കോ ഹറാം. 2011 മുതൽ ബോക്കോ ഹറാം ആക്രമണങ്ങൾ വർധിപ്പിച്ചു. പള്ളികളിൽ ആയിരക്കണക്കിന് ബോംബുകൾ സ്ഥാപിച്ചു. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു. കൂടാതെ, ആയിരക്കണക്കിന് ആളുകളെയാണ് ഇവർ കൊന്നൊടുക്കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.