ലെയോ പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി പ്രശസ്ത അമേരിക്കൻ ഗായകനും നോബൽ സമ്മാന ജേതാവുമായ ബോബ് ഡിലൻ

ലെയോ പതിനാലാമൻ മാർപാപ്പയുമായി പ്രശസ്ത അമേരിക്കൻ ഗായകനും നോബൽ സമ്മാന ജേതാവുമായ ബോബ് ഡിലൻ കൂടിക്കാഴ്ച നടത്തി. നവംബർ നാലിന് വത്തിക്കാനിലെ അപ്പോസ്തോലിക് കൊട്ടാരത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തന്റെ ‘റഫ് ആൻഡ് റൗഡി വേസ്’ എന്ന സംഗീത പര്യടനത്തിന്റെ ഭാഗമായി റോമിൽ എത്തിയതായിരുന്നു ബോബ് ഡിലൻ.

കൂടിക്കാഴ്ചയിൽ കറുത്ത ഹൂഡഡ് ജാക്കറ്റ് ധരിച്ചെത്തിയ ഡിലന് പരിശുദ്ധ പിതാവ് ഒരു ജപമാല സമ്മാനിച്ചു. പകരം, 85-കാരനായ ഗായകൻ തന്റെ ആത്മകഥയായ ‘ക്രോണിക്കിൾസ്: വോളിയം വൺ’ (Chronicles: Volume One) എന്ന പുസ്തകത്തിന്റെ ഒരു പതിപ്പ് മാർപാപ്പയ്ക്ക് കൈമാറിയതായി വത്തിക്കാൻ വെളിപ്പെടുത്തി. മുൻപ് യുദ്ധങ്ങളെ വിമർശിച്ചുകൊണ്ട് ജൂലൈയിൽ ലെയോ പതിനാലാമൻ മാർപാപ്പ ഡിലന്റെ വരികൾ ഉദ്ധരിച്ചിരുന്നു. “ഗായകനും ഗാനരചയിതാവും കവിയുമായ ബോബ് ഡിലൻ 1963-ലെ തന്റെ ‘ഗോ എവേ യൂ ബോംബ്’ (Go Away You Bomb) എന്ന പ്രശസ്തമായ കവിതയിൽ ആറ്റംബോംബിനെ പ്രതീകാത്മകമായി അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയതുപോലെ: ‘മനുഷ്യൻ നിർമ്മിച്ചതും അവന്റെ ഉടമസ്ഥതയിലുള്ളതും അവൻ കൈകാര്യം ചെയ്യുന്നതുമായ ഒന്നായതുകൊണ്ടാണ് എനിക്ക് നിന്നോട് ഇത്ര വെറുപ്പ്,’ എന്നായിരുന്നു മാർപാപ്പയുടെ കുറിപ്പ്.

വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ‘അൺആംഡ് ആൻഡ് ഡിസാർമിങ്: പീസ് ഈസ് എ ഗിഫ്റ്റ്’ (Unarmed and Disarming: Peace Is a Gift) എന്ന പുസ്തകത്തിലെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു ലേഖനത്തിലാണ് ഈ ഉദ്ധരണി ഉൾപ്പെടുത്തിയിരിക്കുന്നത്. 2025 മെയ് എട്ടിന് തിരഞ്ഞെടുക്കപ്പെട്ടത് മുതൽ സമാധാന വിഷയത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ നടത്തിയ വിവിധ പ്രസ്താവനകൾ ഉൾപ്പെടുത്തിയിട്ടുള്ള ആദ്യത്തെ സമാഹാരമാണിത്.

ഒരു മാർപാപ്പയുമായി ബോബ് നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയല്ല ഇത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി 1997-ൽ ഇറ്റലിയിലെ ബോളോഞ്ഞയിൽ വച്ച് ഡിലൻ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് നടന്ന 23-ാമത് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും മുന്നൂറായിരത്തോളം വരുന്ന യുവജനങ്ങളുടെയും മുന്നിൽ ഗാനങ്ങൾ ആലപിക്കാൻ അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.