ജൂത വിരുദ്ധ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്ന സിനിമയ്ക്ക് രാജ്യവ്യാപക നിരോധനവുമായി ദക്ഷിണാഫ്രിക്ക

കറുത്തവർഗക്കാരാണ് യഥാർഥ ജൂതരെന്നും, ഇന്നത്തെ ജൂതർ യഥാർഥ ജൂതരല്ലെന്നും അവകാശപ്പെടുന്ന വിവാദ ഡോക്യുമെന്ററി സിനിമയായ ‘ഹീബ്രൂസ് ടു നീഗ്രോസ്: വേക്ക് അപ്പ് ബ്ലാക്ക് അമേരിക്ക’ പ്രദർശിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ദക്ഷിണാഫ്രിക്ക രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തി. ഈ സിനിമ ഔദ്യോഗികമായി നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ദക്ഷിണാഫ്രിക്ക.

2018-ൽ പുറത്തിറങ്ങിയ ഈ സിനിമ, ആഫ്രിക്കൻ അമേരിക്കക്കാരെയും കറുത്തവർഗക്കാരെയും വഞ്ചിക്കാൻ അന്താരാഷ്ട്ര ജൂത ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നു. ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുകയും, ഹോളോകോസ്റ്റിനെ ‘വ്യാജം’ എന്ന് വിശേഷിപ്പിക്കുകയും ജൂതരെ ‘പരാന്നഭോജികൾ’ എന്ന് അപമാനിക്കുകയും ചെയ്യുന്ന ഈ ചിത്രം ഒരു ഡോക്യുമെന്ററിയുടെ നിലവാരം പുലർത്തുന്നില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ ഫിലിം ആൻഡ് പബ്ലിക്കേഷൻ ബോർഡ് (FPB) കണ്ടെത്തി.

ഒരു പ്രത്യേക വിഭാഗത്തിനെതിരെ വിദ്വേഷവും ഉപദ്രവങ്ങളും ഉണ്ടാക്കാൻ ഈ ചിത്രം കാരണമാകുന്നുവെന്ന് ബോർഡ് ചൂണ്ടിക്കാണിച്ചു. 2023 ജൂണിൽ ദക്ഷിണാഫ്രിക്കയിലെ സൗവേറ്റോ തിയേറ്ററിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് സൗത്ത് ആഫ്രിക്കൻ ജ്യൂവിഷ് ബോർഡ് ഓഫ് ഡെപ്യൂട്ടിന്റെ (SAJBD) പരാതിയെത്തുടർന്നാണ് എഫ്പിബി ഈ നടപടി സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.