
തട്ടിക്കൊണ്ടുപോകപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 11 മാസമായി തടവിൽ കഴിയുന്ന വൈദികന്റെ സുരക്ഷിതമായ മോചനത്തിനായി പ്രാർഥനകൾ തുടരണമെന്ന ആഹ്വാനവുമായി നൈജീരിയയിലെ സറിയ കത്തോലിക്കാ രൂപത. നവംബർ രണ്ട് തിങ്കളാഴ്ച പുറത്തുവിട്ട സന്ദേശത്തിൽ ആണ് ഫാ. ഇമ്മാനുവൽ എസേമയ്ക്ക് വേണ്ടിയുള്ള പ്രാർഥന ശക്തമാക്കണം എന്ന് രൂപതാധികൃതർ വിശ്വാസികളോട് ആവശ്യപ്പെട്ടത്.
2025 ഡിസംബർ രണ്ടിന് രാത്രി റൂമിയിലെ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളിയിലുള്ള തന്റെ വസതിയിൽ നിന്ന് അക്രമികൾ ഫാ. ഇമ്മാനുവൽ എസേമയെ തട്ടികൊണ്ട് പോകുകയായിരുന്നു. “ദയവായി അദ്ദേഹത്തിനായി പ്രാർഥിക്കുന്നത് തുടരുക,” എന്ന് നൈജീരിയൻ രൂപത അഭ്യർഥിച്ചു. കഴിഞ്ഞ 11 മാസമായി വൈദികൻ തടവിൽ കഴിയുകയാണെന്നും ആശങ്കയോടെ രൂപത ഓർമിപ്പിച്ചു.
കത്തോലിക്കാ വൈദികർ തട്ടിക്കൊണ്ടുപോകപ്പെടുന്ന ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് നൈജീരിയ കടന്നു പോകുന്നത്. ഒക്ടോബർ 16-ന് ഒതുക്പോ (Otukpo) കത്തോലിക്കാ രൂപതയിലെ വൈദികരിലൊരാളായ ഫാ. ജോൺ ഇനലെഗ്വു ഒറ്റാച്ചെയെ തട്ടികൊണ്ട് പോയിരുന്നു. എന്നാൽ അഞ്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹം മോചിതനായി.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള ഈ രാജ്യത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു എന്ന് ആരോപിക്കപ്പെടുന്ന ബോക്കോ ഹറാം (Boko Haram) തീവ്രവാദി സംഘത്തിന്റെ അക്രമങ്ങൾ 2009 മുതൽ രാജ്യത്തിന് വലിയൊരു വെല്ലുവിളിയാണ്. ക്രൈസ്തവരും മിഷനറിമാരും വൈദികരും വലിയ തോതിൽ ഇവരുടെ അതിക്രമങ്ങൾക്ക് ഇരയാകുന്നു. ഇത് കൂടാതെ ഫുലാനി തീവ്രവാദികളും നിലവിലെ സാഹചര്യത്തിൽ ക്രൈസ്തവർക്ക് രൂക്ഷമായ സുരക്ഷാ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്.




