മാർപാപ്പായുടെ സന്ദർശനം ഞങ്ങൾക്ക് വളരെയധികം ഗുണംചെയ്യും: അർജന്റീനയിലെ ബിഷപ്പുമാർ

മാർപാപ്പായുടെ സന്ദർശനം ഞങ്ങൾക്ക് വളരെയധികം ഗുണംചെയ്യുമെന്ന് അറിയിച്ചുകൊണ്ട് അർജന്റീനിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസിലെ ബിഷപ്പുമാർ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തെഴുതി. 123 -ാമത് പ്ലീനറി അസംബ്ലിയിൽ ഒത്തുകൂടിയ ബിഷപ്പുമാരാണ് മാതൃരാജ്യത്തേക്ക് പാപ്പാ ഉടൻ സന്ദർശനം നടത്തണമെന്ന ആഗ്രഹം അറിയിച്ചുകൊണ്ട് കത്തെഴുതിയത്.

തങ്ങളുടെ ഇടയനെ കാണാനാഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തിൽ ഞങ്ങളും ചേരുകയാണെന്നാണ് എപ്പിസ്‌കോപ്പിന്റെ പ്രസിഡന്റ് മോൺസ് ഓസ്‌കാർ വിസെന്റ് ഓജിയ ഒപ്പിട്ട കത്തിൽ ബിഷപ്പുമാർ വ്യക്തമാക്കുന്നത്. “അങ്ങയുടെ സാമീപ്യവും അനുഗ്രഹവും ദുഷ്‌കരമായ സമയങ്ങളിൽ ഞങ്ങൾക്കെല്ലാം ഒരുപാട് നന്മകൾ പ്രദാനംചെയ്യുന്നുണ്ട്. സ്വന്തം മാതൃരാജ്യമായ അർജന്റീനയിലേക്കുള്ള സന്ദർശനം അങ്ങ് പരിഗണിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് അർജന്റീനയുടെ രക്ഷാധികാരിയായ പരിശുദ്ധ മറിയത്തിന് അങ്ങയെ ഭരമേല്പിക്കുന്നു” – ബിഷപ്പുമാർ കത്തിൽ കുറിച്ചു.

കഴിഞ്ഞ മെയ് മാസത്തിൽ സ്‌കോളസ് ഒക്യുറന്റസിലെ യുവാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ “നിങ്ങൾക്ക് ഉടൻ അർജന്റീന സന്ദർശിക്കാൻ പദ്ധതിയുണ്ടോ?” എന്ന ചോദ്യത്തിന് “അടുത്തവർഷം പോകാനാണ് ആഗ്രഹിക്കുന്നത്” എന്ന് മാർപാപ്പ മറുപടി പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.