യുക്തിഹീനതയും ക്രൂരതയും ഏകാധിപത്യത്തിന്റെ ദുരന്തലക്ഷണങ്ങൾ: നിക്കരാഗ്വയിൽ നിന്നും നാടുകടത്തപ്പെട്ട ബിഷപ്പ്

2019 ഏപ്രിലിൽ നിക്കരാഗ്വ വിടാൻ നിർബന്ധിതനായ മനഗ്വയിലെ സഹായമെത്രാൻ സിൽവിയോ ബായെസ്, ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും ഭരണകൂടത്തെക്കുറിച്ച് രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. മനുഷ്യാവകാശങ്ങൾക്കായുള്ള ഇന്റർ-അമേരിക്കൻ കോടതിയുടെ കണക്കനുസരിച്ച് 350-ലധികം പേർ കൊല്ലപ്പെട്ട അടിച്ചമർത്തലിനെതിരെ പ്രതിഷേധിച്ചവരെ പിന്തുണച്ചതിനാണ് അദ്ദേഹത്തെ നാടുകടത്തിയത്. പ്രവാസത്തിലിരുന്ന് നൽകിയ ഒരു അഭിമുഖത്തിൽ, ഈ ഏകാധിപത്യത്തിന്റെ യുക്തിരഹിതവും ക്രൂരവുമായ മുഖത്തെക്കുറിച്ച് ബിഷപ്പ് ബായെസ് മുന്നറിയിപ്പ് നൽകി.

“ഈ ഏകാധിപത്യത്തിന്റെ ഏറ്റവും ദാരുണമായ സവിശേഷതകളിലൊന്ന് അതിന്റെ യുക്തിരാഹിത്യമാണ്. യുക്തിരാഹിത്യത്തോടൊപ്പം ക്രൂരതയുമുണ്ട്. ഈ ഭരണകൂടത്തിന്റെ യുക്തിരാഹിത്യം അങ്ങേയറ്റം അപലപനീയമാണ്” – മാഡ്രിഡിൽ വച്ച് നിക്കരാഗ്വൻ പത്രമായ ‘കോൺഫിഡൻഷ്യൽ’ന് നൽകിയ അഭിമുഖത്തിൽ ബിഷപ്പ് ബായെസ് പറഞ്ഞു.

അടിച്ചമർത്തലിനെതിരെ 2018 ഏപ്രിലിൽ താൻ നടത്തിയ ആഹ്വാനം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “അക്രമവും അടിച്ചമർത്തലും അവസാനിപ്പിക്കാൻ ഞാൻ ഡാനിയൽ ഒർട്ടേഗയോടും അദ്ദേഹത്തിന്റെ ഭാര്യയോടും അഭ്യർഥിക്കുന്നു. രാജ്യത്തിന്റെ സമാധാനം അപകടത്തിലാക്കരുത്. കേൾക്കൂ, ചർച്ചകൾക്ക് തയ്യാറാകൂ, തെറ്റുകൾ തിരുത്താനുള്ള പക്വത കാണിക്കൂ. നിക്കരാഗ്വയുടെ നന്മയ്ക്കായി വിവേകമുള്ളവരാകൂ!”

എട്ട് വർഷത്തിന് ശേഷവും ഇതേ വാക്കുകൾ തനിക്ക് അവരുടെ മുഖത്തു നോക്കി പറയാൻ കഴിയുമെന്ന് ബിഷപ്പ് പറഞ്ഞു. “ധാരാളം രക്തം ചിന്തപ്പെട്ടു, അനേകം ജീവനുകൾ ബലിയർപ്പിക്കപ്പെട്ടു. ഇതിനൊക്കെ വലിയൊരു വിലയുണ്ട്. ഇതെല്ലാം വെറുതെയാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു. ചിന്തപ്പെട്ട രക്തവും സഹനവും നിക്കരാഗ്വയുടെ ചരിത്രത്തിലെ പുതിയൊരു ഘട്ടത്തിന് വളമായി മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു” ബിഷപ്പ് കൂട്ടിച്ചേർത്തു.

എന്നാൽ അതിനുശേഷം, നിക്കരാഗ്വൻ ഏകാധിപത്യം കത്തോലിക്കാ സഭയ്‌ക്കെതിരായ വേട്ടയാടൽ ശക്തമാക്കി. വൈദികരെ നിയന്ത്രിക്കുക, കന്യാസ്ത്രീകളെ പുറത്താക്കുക, സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടുക, തിരുപ്പട്ടം നൽകുന്നത് നിരോധിക്കുക, ബിഷപ്പുമാരെ നാടുകടത്തുക തുടങ്ങിയ അടിച്ചമർത്തലുകൾ തുടർന്നു. നിലവിൽ മിയാമിയിൽ കഴിയുന്ന മോൺസിഞ്ഞോർ ബായെസും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.