

അമൃതിനെയും യയാതിയെയും കുറിച്ചുള്ള പഴങ്കഥകളിൽ നിന്ന് വാർധക്യത്തെ കീഴടക്കാനുള്ള മനുഷ്യന്റെ ആഗ്രഹം ഇന്ന് ശാസ്ത്രീയ പരീക്ഷണശാലകളിൽ എത്തിനിൽക്കുകയാണ്. കോശങ്ങളെ വീണ്ടും ചെറുപ്പമാക്കാൻ ലക്ഷ്യമിടുന്ന ER-100 എന്ന ജീൻ തെറാപ്പിയുടെ ആദ്യഘട്ട പരീക്ഷണത്തിന് അമേരിക്കൻ FDA അനുമതി നൽകിയതാണ് പുതിയ വാർത്ത. എന്നാൽ, വാർധക്യം പിന്നോട്ടടിക്കുന്ന ചികിത്സ നിലവിൽ വന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവകാശവാദം പൂർണ്ണമായും തെറ്റാണ്. കണ്ണിന്റെ കാഴ്ചനാഡിയെ കേന്ദ്രീകരിച്ച് നടത്തുന്ന ഈ പ്രാരംഭപരീക്ഷണത്തിന്റെ ശാസ്ത്രീയ സത്യവും അതിലെ യഥാർഥ സാധ്യതകളും വിശദമായി അറിയാം. ഡോ. ജോജോ ജോസഫ് എഴുതുന്നു.
“മരണം കീഴടക്കുക. വാർധക്യം തടയുക. നഷ്ടപ്പെട്ട യൗവനം തിരികെ നേടുക.” മനുഷ്യൻ ഇന്നോ ഇന്നലെയോ കണ്ടുതുടങ്ങിയ സ്വപ്നമല്ല ഇത്. ആയിരക്കണക്കിന് വർഷങ്ങളായി കഥകളിലും പുരാണങ്ങളിലും ഐതിഹ്യങ്ങളിലും മനുഷ്യൻ അതിനുള്ള വഴി അന്വേഷിച്ചിട്ടുണ്ട്.
ഭാരതീയ പുരാണങ്ങളിൽ അതിന്റെ ഏറ്റവും ശക്തമായ പ്രതീകമാണ് അമൃത്. ദേവന്മാർക്കും അസുരന്മാർക്കും അമരത്വം വേണം. അതിനായി അവർ മന്ദരപർവതത്തെ കടകോലും വാസുകിയെ കയറുമാക്കി പാലാഴി മഥിക്കുന്നു. മഥനത്തിൽ പല അദ്ഭുതവസ്തുക്കൾക്കൊപ്പം ധന്വന്തരി അമൃതകലശവുമായി പ്രത്യക്ഷപ്പെടുന്നു. അമൃത് കുടിക്കുന്നവർക്ക് മരണമില്ലെന്നായിരുന്നു വിശ്വാസം. അതോടെ ദേവന്മാരും അസുരന്മാരും തമ്മിൽ അമൃത് സ്വന്തമാക്കാനുള്ള മത്സരം ആരംഭിക്കുന്നു. ഒടുവിൽ വിഷ്ണു മോഹിനിയുടെ രൂപത്തിലെത്തി അമൃത് ദേവന്മാർക്ക് നൽകുന്നതാണ് കഥ.
കഥയിലെ അമൃത് ഒരു പാനീയം മാത്രമല്ല. മരണത്തെയും വാർധക്യത്തെയും മറികടക്കാനുള്ള മനുഷ്യന്റെ സ്വപ്നത്തിന്റെ പ്രതീകമാണ്. മഹാഭാരതത്തിലെ യയാതിയുടെ കഥ അതിലും കൗതുകകരമാണ്. ശുക്രാചാര്യന്റെ ശാപത്താൽ രാജാവായ യയാതിക്ക് അകാലത്തിൽ വാർധക്യം വരുന്നു. ശരീരം വൃദ്ധമായി; പക്ഷേ ജീവിതത്തോടുള്ള ആഗ്രഹവും ഭൗതികസുഖങ്ങളോടുള്ള മോഹവും അവസാനിച്ചിരുന്നില്ല. അതുകൊണ്ട് യയാതി തന്റെ മക്കളോട് വിചിത്രമായ ഒരു ചോദ്യം ചോദിച്ചു.
“എന്റെ വാർധക്യം നിങ്ങൾ ഏറ്റെടുത്ത് നിങ്ങളുടെ യൗവനം എനിക്ക് തരാമോ?”
മറ്റു മക്കൾ വിസമ്മതിച്ചു. എന്നാൽ മകൻ പുരു സമ്മതിച്ചു. അങ്ങനെ പിതാവിന്റെ വാർധക്യം മകൻ ഏറ്റെടുത്തു; മകന്റെ യൗവനം പിതാവിന് ലഭിച്ചു.
യയാതി വീണ്ടും യുവാവായി. ഏറെക്കാലം ജീവിതസുഖങ്ങൾ അനുഭവിച്ചു. പക്ഷേ, അവസാനം അദ്ദേഹം തിരിച്ചറിഞ്ഞത് മറ്റൊരു സത്യമായിരുന്നു – ആഗ്രഹങ്ങളെ വീണ്ടും വീണ്ടും നിറവേറ്റിയതുകൊണ്ട് ആഗ്രഹം അവസാനിക്കുന്നില്ല. ഒടുവിൽ യയാതി യൗവനം പുരുവിന് തിരികെ നൽകി തന്റെ വാർധക്യം വീണ്ടും ഏറ്റെടുത്തു.
അങ്ങനെ നോക്കുമ്പോൾ യയാതിയുടെ കഥയിൽ മനുഷ്യൻ ഇന്ന് അന്വേഷിക്കുന്ന ഒരു വിചിത്രമായ ആശയം ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപുതന്നെ കഥയായി പ്രത്യക്ഷപ്പെടുന്നു.
വാർധക്യം തിരിച്ചെടുക്കാനാകുമോ?
ഭാരതത്തിൽ മാത്രമായിരുന്നില്ല ഈ സ്വപ്നം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ മനുഷ്യൻ അന്വേഷിച്ചത് യൗവനത്തിന്റെ നീരുറവ (Fountain of Youth) ആയിരുന്നു. അതിലെ വെള്ളം കുടിച്ചാലോ, അതിൽ കുളിച്ചാലോ നഷ്ടപ്പെട്ട യൗവനം തിരികെ കിട്ടുമെന്നായിരുന്നു ഐതിഹ്യം. നിത്യയൗവനം നൽകുന്ന അത്തരമൊരു ജലസ്രോതസ്സിനെക്കുറിച്ചുള്ള കഥകൾ പല സംസ്കാരങ്ങളിലും പല രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
അമൃത്, യയാതിയുടെ യൗവനം, നീരുറവ… കഥകൾ വ്യത്യസ്തമായിരുന്നു; മനുഷ്യന്റെ ആഗ്രഹം ഒന്നായിരുന്നു. വീണ്ടും ചെറുപ്പമാകാൻ കഴിയുമോ? ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ അതേ ചോദ്യം പുരാണങ്ങളിൽ നിന്നിറങ്ങി പരീക്ഷണശാലയിലെത്തിയിരിക്കുകയാണ്.
2026 ൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വാർത്ത അതിവേഗം പ്രചരിച്ചു: “മനുഷ്യനിൽ വാർധക്യം പിന്നോട്ടടിക്കുന്ന ആദ്യ പരീക്ഷണത്തിന് എഫ്.ഡി.എ. അനുമതി നൽകി” (FDA approves first human age-reversal trial). മനുഷ്യന്റെ വാർധക്യം തിരിച്ചുകൊണ്ടുപോകാനുള്ള ആദ്യ മനുഷ്യപരീക്ഷണത്തിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (FDA) അനുമതി നൽകിയിരിക്കുന്നു!
അത് കേൾക്കുമ്പോൾ ആരും ഒന്ന് ശ്രദ്ധിച്ചുപോകും. കാരണം, ഇവിടെ പറയുന്നത് ഒരു പുതിയ സൗന്ദര്യവർധക ക്രീമിനെക്കുറിച്ചോ, ജീവിതശൈലി പോഷകങ്ങളെ (Vitamin Supplement) കുറിച്ചോ അല്ല. മനുഷ്യകോശത്തിന്റെ പ്രായവുമായി ബന്ധപ്പെട്ട പ്രവർത്തനക്രമത്തിൽ തന്നെ ഇടപെട്ട് അതിനെ ചെറുപ്പകാലത്തേതിന് സമാനമായ അവസ്ഥയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന ഇ.ആർ-100 (ER-100) എന്ന പരീക്ഷണചികിത്സയെക്കുറിച്ചാണ്.
അതോടെ സ്വാഭാവികമായും വലിയ ചോദ്യങ്ങൾ ഉയർന്നു:
മനുഷ്യൻ ശരിക്കും വാർധക്യം പിന്നോട്ടടിക്കുന്നതിന്റെ (Age Reversal) വാതിൽ തുറന്നോ?
70 വയസ്സുള്ള ഒരാളെ ജൈവപരമായി (Biologically) 40 വയസ്സിലേക്ക് കൊണ്ടുവരുന്ന കാലം അടുത്തെത്തിയോ?
യയാതിയുടെ കഥയിൽ സംഭവിച്ചത് ഇനി പരീക്ഷണശാലയിൽ സംഭവിക്കാൻ പോകുകയാണോ?
ഈ വാർത്തയെ ജൈവപരിഷ്കരണ (Biohacking), ദീർഘായുസ്സ് (Longevity) മേഖലകളിൽ പ്രവർത്തിക്കുന്ന ചിലർ വലിയ ആവേശത്തോടെയാണ് അവതരിപ്പിച്ചത്. വാർധക്യ പ്രതിരോധ (anti-aging), ദീർഘായുസ്സ് (longevity) ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരും ഈ വാർത്ത പ്രചരിപ്പിച്ചവരിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വാർത്തയുടെ ആവേശത്തിൽ ഒഴുകിപ്പോകുന്നതിനു മുൻപ് അതിന്റെ പിന്നിലെ ശാസ്ത്രം എന്താണെന്ന് നോക്കേണ്ടതുണ്ട്. അതിന് ആദ്യം മനസ്സിലാക്കേണ്ടത് ഒരു കോശത്തിന് ‘പ്രായം കൂടുന്നു’ എന്നതിന്റെ അർഥമാണ്.
നമ്മുടെ കോശങ്ങൾക്ക് പ്രായം കൂടുന്നത് എങ്ങനെ?
നമ്മുടെ ശരീരത്തിൽ മസ്തിഷ്കകോശം (brain cell), കരൾകോശം (liver cell), പേശീകോശം (muscle cell), ത്വക്കിലെ കോശം (skin cell), കണ്ണിലെ ദൃഷ്ടിപടല കോശം (retinal cell) എന്നിങ്ങനെ അനവധി തരത്തിലുള്ള കോശങ്ങളുണ്ട്. അവയുടെ രൂപവും ജോലിയും വ്യത്യസ്തമാണെങ്കിലും ഭൂരിഭാഗം കോശങ്ങളിലും അടിസ്ഥാനപരമായി ഒരേ ഡി.എൻ.എ. (DNA) തന്നെയാണ് ഉള്ളത്.
അപ്പോൾ ഒരേ ഡി.എൻ.എ. ഉള്ള ഒരു കോശം നാഡീകോശം (neuron) ആകുകയും മറ്റൊന്ന് കരൾകോശമാകുകയും ചെയ്യുന്നത് എങ്ങനെ? കാരണം എല്ലാ പ്രത്യേക ജനിതക ഘടകങ്ങളും (genes) എല്ലാ കോശങ്ങളിലും ഒരേപോലെ പ്രവർത്തിക്കുന്നില്ല. ചിലത് പ്രവർത്തിക്കും, ചിലത് നിശ്ശബ്ദമായിരിക്കും. ഏതൊക്കെ ജീനുകൾ എപ്പോൾ, എത്രത്തോളം പ്രവർത്തിക്കണം എന്ന് നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ പ്രധാന ഭാഗമാണ് ബാഹ്യജനിതക ശാസ്ത്രം (epigenetics).
ഡി.എൻ.എ.യെ ഒരു വലിയ ഗ്രന്ഥശാലയായി കരുതാം. എല്ലാ പുസ്തകങ്ങളും അവിടെയുണ്ട്. എന്നാൽ ഏത് പുസ്തകം തുറക്കണം, ഏത് അടച്ചുവയ്ക്കണം, ഏത് അധ്യായം വായിക്കണം എന്നതിലാണ് വ്യത്യാസം. ആ തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്ന സംവിധാനങ്ങളാണ് ബാഹ്യജനിതക നിയന്ത്രണം (epigenetics) എന്ന് ലളിതമായി പറയാം.
പ്രായം കൂടുമ്പോൾ ഈ നിയന്ത്രണക്രമത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു. പക്ഷേ വാർധക്യം ബാഹ്യജനിതക മാറ്റങ്ങൾ കൊണ്ടുമാത്രം ഉണ്ടാകുന്നതല്ല. ഡി.എൻ.എയിൽ കേടുകളും ജനിതക വ്യതിയാനങ്ങളും (mutations) അടിഞ്ഞുകൂടുന്നു, ഡി.എൻ.എ. അഗ്രഭാഗങ്ങൾ (Telomeres) മാറുന്നു. കോശോർജ നിലയങ്ങളുടെ (Mitochondria) പ്രവർത്തനം കുറയാം, കേടായ മാംസ്യങ്ങൾ (proteins) അടിഞ്ഞുകൂടാം, നിഷ്ക്രിയ കോശങ്ങൾ (Senescent cells) വർധിക്കാം, മൂലകോശങ്ങളുടെ (Stem cells) പ്രവർത്തനം കുറയാം, ദീർഘകാല വീക്കം/അസ്വസ്ഥതകൾ (inflammation) ഉണ്ടാകാം. പേശി, എല്ല്, പ്രതിരോധവ്യവസ്ഥ, മസ്തിഷ്കം തുടങ്ങി പല സംവിധാനങ്ങളിലും മാറ്റങ്ങൾ സംഭവിക്കുന്നു. അതുകൊണ്ട് വാർധക്യം ഒരു ഒറ്റപ്പെട്ട രോഗമല്ല (single disease); നിരവധി ജൈവപ്രക്രിയകൾ ചേർന്നുണ്ടാകുന്ന സങ്കീർണ്ണമായ അവസ്ഥയാണ്.
എന്നാൽ ഇതിൽ അദ്ഭുതകരമായ ഒരു ചോദ്യം ശാസ്ത്രജ്ഞരെ ആകർഷിച്ചു:
“പ്രായത്തോടൊപ്പം മാറിയ ബാഹ്യജനിതക ക്രമീകരണങ്ങളിൽ (epigenetic settings) ചിലത് വീണ്ടും പഴയ നിലയിലേക്ക് കൊണ്ടുപോയാൽ കോശത്തിന്റെ പ്രവർത്തനവും ചെറുപ്പകാലത്തേതിന് സമാനമാകുമോ?”
യമനാക മാറ്റിമറിച്ച ധാരണ
2006 ൽ ജാപ്പനീസ് ശാസ്ത്രജ്ഞനായ ഷിൻയ യമനാകയും (Shinya Yamanaka) സംഘവും അദ്ഭുതകരമായ ഒരു കണ്ടെത്തൽ നടത്തി. പൂർണ്ണമായി വളർന്ന ഒരു മുതിർന്ന കോശത്തിന് (adult cell) ചില പ്രത്യേക തന്മാത്രാ സൂചനകൾ (molecular signals) നൽകിയാൽ അതിനെ വീണ്ടും ബഹുമുഖ ശേഷിയുള്ള മൂലകോശത്തിന് (Pluripotent Stem Cell) സമാനമായ പ്രാരംഭാവസ്ഥയിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് അവർ തെളിയിച്ചു. അതിന് ഉപയോഗിച്ച നാല് ഘടകങ്ങളാണ് OCT4, SOX2, KLF4, c-MYC – ഇവ പിന്നീട് ‘യമനാക ഘടകങ്ങൾ’ (Yamanaka factors – OSKM) എന്ന പേരിൽ പ്രശസ്തമായി. ഈ മേഖലയിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് ഷിൻയ യമനാകയ്ക്കും ജോൺ ഗർഡനും 2012 ൽ നോബൽ സമ്മാനം ലഭിച്ചു.
ഇതോടെ ഒരു പഴയ ധാരണ മാറി. ഒരു കോശം ഒരിക്കൽ പൂർണ്ണമായി വളർന്ന് ഒരു പ്രത്യേക ജോലി ഏറ്റെടുത്താൽ അതിന്റെ അടയാളവും സ്വഭാവവും എന്നെന്നേക്കുമായി മാറ്റാനാവാത്തതല്ല. ശരിയായ നിർദേശങ്ങൾ നൽകിയാൽ അതിന്റെ ജൈവഘടികാരത്തിലെ ചില മാറ്റങ്ങളെ പിന്നോട്ടു കൊണ്ടുപോകാൻ കഴിയും.
പക്ഷേ, അതിനൊപ്പം വലിയൊരു അപകടവും ഉണ്ടായിരുന്നു. ഒരു കരൾകോശത്തെ പൂർണ്ണമായി പുനഃക്രമീകരണം (Reprogram) ചെയ്താൽ അത് സ്വന്തം വ്യക്തിത്വം തന്നെ നഷ്ടപ്പെടുത്താം. കലകളുടെ (Tissue) സ്വാഭാവിക ഘടന തകരാം. കോശങ്ങൾ നിയന്ത്രണം വിട്ട് വളരാം. അർബുദ മുഴകൾ (Tumour) ഉണ്ടാകാം. പ്രത്യേകിച്ച് c-MYC എന്നത് കാൻസറിന് കാരണമായേക്കാവുന്ന ശക്തമായ ഒരു അർബുദജനക ജീൻ (Oncogene) കൂടിയാണ്.
അപ്പോൾ മറ്റൊരു ആശയം ഉയർന്നു: “കോശത്തെ പൂർണ്ണമായി പഴയ അവസ്ഥയിലേക്ക് കൊണ്ടുപോകേണ്ട. കുറച്ചുമാത്രം പിന്നോട്ടു കൊണ്ടുപോയാൽ പോരേ?”
അതാണ് ഭാഗിക ബാഹ്യജനിതക പുനഃക്രമീകരണം (Partial Epigenetic Reprogramming). കോശം തന്റെ തനിമയും ജോലിയും നിലനിർത്തണം. പക്ഷേ പ്രായത്തോടൊപ്പം വന്ന ചില ബാഹ്യജനിതക (Epigenetic) മാറ്റങ്ങൾ മാത്രം ചെറുപ്പകാലത്തേതിന് സമാനമായ രീതിയിലേക്ക് മാറ്റാൻ ശ്രമിക്കാം.
ഒരു ഫോൺ പൂർണ്ണമായി പഴയപടി ആക്കുന്നതിന് (Factory Reset) പകരം, അതിലെ വിവരങ്ങൾ നിലനിർത്തിക്കൊണ്ട് തെറ്റിയ ചില ക്രമീകരണങ്ങൾ (Settings) മാത്രം ശരിയാക്കുന്നതുപോലെ. ആശയം ലളിതമാണ്. പക്ഷേ മനുഷ്യശരീരത്തിൽ അത് സുരക്ഷിതമായി ചെയ്യുക അത്ര ലളിതമല്ല.
ഇവിടെയാണ് ഇ.ആർ-100 (ER-100) എത്തുന്നത്. ലൈഫ് ബയോസയൻസസ് (Life Biosciences) വികസിപ്പിച്ച ER-100 ഈ ആശയത്തെ മനുഷ്യരിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ്. ഇവിടെ യമനാകയുടെ നാല് ഘടകങ്ങളും മുഴുവനായി ഉപയോഗിക്കുന്നില്ല. OCT4, SOX2, KLF4 — ഒ.എസ്.കെ (OSK) എന്ന മൂന്ന് ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. c-MYC ഒഴിവാക്കിയിരിക്കുന്നു.
ഇവയുടെ ജനിതക നിർദേശങ്ങൾ (Genetic Instructions) ലക്ഷ്യമിട്ട കോശങ്ങളിലിത്തിക്കാൻ മാറ്റം വരുത്തിയ എ.എ.വി വാഹകരെയാണ് (AAV vector) ഉപയോഗിക്കുന്നത്. അതുകൊണ്ട് ER-100 ഒരു വാർധക്യ പ്രതിരോധ (Anti-aging) ഗുളികയല്ല, പോഷക ഘടകവുമല്ല (Supplement), ക്രീമുമല്ല. ഇത് ഒരു പരീക്ഷണഘട്ടത്തിലുള്ള ജീൻ തെറാപ്പിയാണ് (Gene Therapy).
എന്നാൽ, ഇവിടെ മറ്റൊരു പ്രധാന ട്വിസ്റ്റുണ്ട്. ആദ്യ പരീക്ഷണം മനുഷ്യന്റെ ശരീരം മുഴുവൻ ചെറുപ്പമാക്കാനല്ല, മറിച്ച് കണ്ണിലാണ്. ഓപ്പൺ ആംഗിൾ ഗ്ലോക്കോമ (Open-angle Glaucoma), എൻ.എ.ഐ.ഒ.എൻ. (NAION) തുടങ്ങിയ കാഴ്ചനാഡിയെ (Optic Nerve) ബാധിക്കുന്ന അവസ്ഥകളിൽ പ്രവർത്തനം നഷ്ടപ്പെട്ട ദൃഷ്ടിപടല നാഡീകോശങ്ങളുടെ (Retinal Ganglion Cells) പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്.
കണ്ണ് തിരഞ്ഞെടുക്കുന്നത് യാദൃച്ഛികമല്ല. ചികിത്സ ഒരു ചെറിയ പ്രദേശത്ത് മാത്രം നൽകാം, ദൃഷ്ടിപടലം (Retina) നേരിട്ട് നിരീക്ഷിക്കാം, കാഴ്ചയിലെ മാറ്റം വ്യക്തമായി അളക്കാം. ഒപ്പം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് മരുന്ന് പടരുന്നത് (Exposure) പരിമിതപ്പെടുത്താനും കഴിയും.
ER-100 കണ്ണിനുള്ളിലേക്ക് നേരിട്ടുള്ള കുത്തിവയ്പ്പായി (Intravitreal Injection) നൽകുന്നു. തുടർന്ന് OSK ജീനുകൾ എപ്പോൾ പ്രവർത്തിക്കണം എന്നത് നിയന്ത്രിക്കാൻ ഡോക്സിസൈക്ലിൻ (Doxycycline) ഉപയോഗിക്കുന്ന ഒരു സ്വിച്ച് സംവിധാനവുമുണ്ട്. ഇവിടെ ഡോക്സിസൈക്ലിൻ ഉപയോഗിക്കുന്നത് അണുബാധ (Infection) ചികിത്സിക്കാനല്ല; ജീൻ പ്രകടനം (Gene Expression) നിയന്ത്രിക്കാനാണ്.
ഇനി നമുക്ക് തുടക്കത്തിലെ വാർത്തയിലേക്ക് തിരികെ വരാം.
എഫ്.ഡി.എ. (FDA) യഥാർഥത്തിൽ എന്താണ് അനുവദിച്ചത്?
ഇ.ആർ-100 (ER-100) മനുഷ്യരിൽ ആദ്യമായി പരീക്ഷിക്കുന്നതിനുള്ള അന്വേഷണാത്മക പുതിയ ഔഷധ അനുമതി (IND Clearance) ആണ് ലഭിച്ചത്. ചെറിയൊരു ഒന്നാം ഘട്ട (Phase-1) പഠനമാണ് ആരംഭിച്ചിരിക്കുന്നത്. അതിനർഥം മനുഷ്യന്റെ വാർധക്യം പിന്നോട്ടടിക്കുന്ന (Reverse) ചികിത്സ FDA അംഗീകരിച്ചു എന്നല്ല. അതിനർഥം ഇത്രമാത്രം: “ലഭ്യമായ പ്രാരംഭ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിയന്ത്രിത സാഹചര്യത്തിൽ മനുഷ്യരിൽ ഈ പരീക്ഷണം ആരംഭിക്കാം.”
ഒന്നാം ഘട്ടത്തിന്റെ (Phase 1) പ്രധാന ചോദ്യം പോലും “ഇത് മനുഷ്യനെ ചെറുപ്പമാക്കുമോ” എന്നതല്ല.
ആദ്യ ചോദ്യം:
“ഇത് സുരക്ഷിതമാണോ” എന്നതാണ്.
ഒരു പുതിയ ചികിത്സയുടെ യാത്രയിൽ ഒന്നാം ഘട്ടം (Phase 1) തുടക്കം മാത്രമാണ്. തുടർന്ന് രണ്ടാം ഘട്ടത്തിൽ (Phase 2) പ്രവർത്തനത്തിന്റെ സൂചനയും അനുയോജ്യമായ ഔഷധ അളവും (Dose) പരിശോധിക്കും. വലിയ മൂന്നാം ഘട്ട (Phase 3) പഠനങ്ങളിലാണ് യഥാർഥ ചികിത്സാഗുണവും അപകടങ്ങളും കൂടുതൽ ഉറപ്പാക്കുന്നത്. അതിനു ശേഷമാണ് സാധാരണ ഉപയോഗത്തിനുള്ള അംഗീകാരം പരിഗണിക്കുന്നത്.
അർബുദ (cancer) ചികിത്സയിൽ അനവധി മരുന്നുകൾ ഒന്നാം ഘട്ടം (Phase 1) വരെ എത്തുകയും പിന്നീട് പരാജയപ്പെടുകയും ചെയ്യുന്നത് നാം കാണുന്ന കാര്യമാണ്. അതിനാൽ ഒരു ഒന്നാം ഘട്ട പരീക്ഷണത്തിന് (Phase-1 trial) അനുമതി ലഭിച്ചത് ഒരു ചികിത്സ വിജയിച്ചതിന്റെ പ്രഖ്യാപനമല്ല; പരീക്ഷണം തുടങ്ങാനുള്ള അനുമതിയാണ്.
ഏറ്റവും വലിയ ചോദ്യം – കാൻസർ
കോശങ്ങളെ വീണ്ടും ചെറുപ്പകാലത്തേതിന് സമാനമായ പ്രവർത്തനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൽ ഏറ്റവും ഗൗരവമുള്ള ആശങ്കകളിലൊന്നാണ് അർബുദം. കാരണം വളർച്ച (Growth), കോശ വൈവിധ്യവൽക്കരണം (Differentiation), കോശ തനിമ (Cell Identity) എന്നിവ നിയന്ത്രിക്കുന്ന വഴികളിലാണ് നമ്മൾ ഇടപെടുന്നത്. c-MYC ഒഴിവാക്കിയതുകൊണ്ട് ഒരു പ്രധാന അപകട ഘടകം കുറയാം. പക്ഷേ, അപകടം കുറഞ്ഞു എന്നത് അപകടമില്ല എന്നല്ല. OCT4, SOX2, KLF4 എന്നിവയും കോശത്തിന്റെ സ്വഭാവത്തെ ശക്തമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇവിടെയാണ് യൗവന പുനഃസ്ഥാപന (Rejuvenation) ഗവേഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളി: “കാൻസറിന് ഇടയാക്കാതെ പുനരുജ്ജീവിപ്പിക്കുക” (Regenerate without creating cancer).
കോശത്തോട് “കുറച്ച് ചെറുപ്പമാവൂ” എന്ന് പറയണം. അതോടൊപ്പം, “നിയന്ത്രണം വിട്ട് വളരരുത്” എന്നും ഉറപ്പാക്കണം. അതുകൊണ്ട് വീക്കം/ അസ്വസ്ഥതകൾ (Inflammation), പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം (Immune Reaction), ദൃഷ്ടിപടല തരാർ (Retinal Damage), കാഴ്ച മോശമാകൽ, അസാധാരണമായ കലകളുടെ വളർച്ച (Tissue Growth), നിയന്ത്രണം വിട്ട ജീൻ പ്രകടനം (Gene Expression) എന്നിവയെല്ലാം ദീർഘകാലം നിരീക്ഷിക്കേണ്ടിവരും.
ജൈവിക പ്രായം (Biological Age) കുറഞ്ഞാൽ നമ്മൾ ചെറുപ്പമായോ?
ജനനത്തീയതി അനുസരിച്ചുള്ള പ്രായമാണ് കാലഗണനാപരമായ പ്രായം (Chronological Age). എന്നാൽ, ഒരേ പ്രായമുള്ള രണ്ടുപേരുടെ ശരീരാവസ്ഥ ഒരുപോലെ ആവണമെന്നില്ല. അതുകൊണ്ട് ജൈവികമായ വാർധക്യം (Biological Aging) അളക്കാൻ ഗവേഷകർ പല ജൈവസൂചകങ്ങളും (Biomarkers) ഉപയോഗിക്കുന്നു. അതിൽ ശ്രദ്ധേയമാണ് ഡി.എൻ.എ. മീഥൈലേഷൻ ഘടികാരങ്ങൾ (DNA Methylation Clocks),
ഉദാഹരണത്തിന് ഹോർവാത്ത് ക്ലോക്ക് (Horvath Clock). എന്നാൽ ഒരു വ്യക്തിയുടെ ബാഹ്യജനിതക ഘടികാരം (Epigenetic Clock) അഞ്ചുവർഷം കുറഞ്ഞു എന്നതുകൊണ്ട് ആ വ്യക്തി യഥാർഥത്തിൽ അഞ്ചുവർഷം ചെറുപ്പമായി എന്ന് പറയാനാവില്ല. അദ്ദേഹത്തിന് ഹൃദയാഘാതം കുറയുന്നുണ്ടോ, അർബുദം കുറയുന്നുണ്ടോ, മറവിരോഗം കുറയുന്നുണ്ടോ, പേശികളുടെ ശക്തി മെച്ചപ്പെടുന്നുണ്ടോ, അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുന്നുണ്ടോ, കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കുന്നുണ്ടോ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചോദ്യങ്ങൾ. ഒരു പരീക്ഷണശാലാ സംഖ്യ (Laboratory Number) മാറുന്നത് മാത്രം യൗവനം തിരിച്ചുകിട്ടിയതിന്റെ തെളിവല്ല.
നമുക്ക് വേണ്ടത് ദീർഘായുസ്സോ, ആരോഗ്യകരമായ ആയുസ്സോ?
ഒരാൾ എത്ര വർഷം ജീവിക്കുന്നു എന്നതാണ് ആയുർദൈർഘ്യം (Lifespan). അതിൽ എത്ര വർഷം ആരോഗ്യത്തോടെയും സ്വതന്ത്രമായും പ്രവർത്തനക്ഷമമായും ജീവിക്കുന്നു എന്നതാണ് ആരോഗ്യകരമായ ആയുസ്സ് (Health span). വാർധക്യ ഗവേഷണത്തിന്റെ യാഥാർഥ്യബോധമുള്ള ലക്ഷ്യം മനുഷ്യനെ നിർബന്ധമായും 150 വയസ്സ് വരെ ജീവിപ്പിക്കുക എന്നതല്ല. വാർധക്യവുമായി ബന്ധപ്പെട്ട രോഗങ്ങളും വൈകല്യങ്ങളും കഴിയുന്നത്ര വൈകിപ്പിച്ച് ആരോഗ്യത്തോടെ കഴിയുന്ന വർഷങ്ങൾ വർധിപ്പിക്കുകയാണ് കൂടുതൽ പ്രസക്തമായ ലക്ഷ്യം.
റാപ്പാമൈസിൻ (Rapamycin), മെറ്റ്ഫോർമിൻ (Metformin), സെനോളിറ്റിക്സ് (Senolytics), മൂലകോശങ്ങൾ (stem cells), ടെലോമിയറുകൾ (Telomeres), എൻ.എ.ഡി. പാതകൾ (NAD pathways) തുടങ്ങി നിരവധി മേഖലകളിൽ ഗവേഷണം പുരോഗമിക്കുന്നുണ്ട്. പക്ഷേ, ആരോഗ്യവാനായ മനുഷ്യന്റെ വാർധക്യം തിരിച്ചു കൊണ്ടുപോകുന്ന തെളിയിക്കപ്പെട്ട ചികിത്സയായി ഇവയൊന്നും ഇന്ന് അംഗീകരിക്കപ്പെട്ടിട്ടില്ല. അതേസമയം വിപണി, ശാസ്ത്രത്തേക്കാൾ വേഗത്തിലാണ് ഓടുന്നത്.
‘മൂലകോശ യൗവന പുനഃസ്ഥാപനം’ (Stem-cell Rejuvenation), ‘യുവരക്തം’ (Young blood), ‘എൻ.എ.ഡി ബൂസ്റ്റർ’ (NAD Booster), ‘എൻ.എം.എൻ’ (NMN), ‘റെസ്വെറാട്രോൾ (Resveratrol), ‘പെപ്റ്റൈഡുകൾ’ (Peptides), ‘എക്സോസോം തെറാപ്പി’ (Exosome Therapy) തുടങ്ങിയ പേരുകളിൽ വാർധക്യ പ്രതിരോധ (Anti-aging) വിപണി ഇതിനകം വളർന്നുകഴിഞ്ഞു. ഇവിടെയാണ് ജൈവപരിഷ്കരണ (Biohacking) ലോകത്തിലെ വലിയ പ്രശ്നവും. പുതിയൊരു ശാസ്ത്രീയ കണ്ടെത്തൽ വന്നാൽ അതിന്റെ തെളിവുകൾ പൂർണ്ണമാകുന്നതിനു മുൻപു തന്നെ അതിലെ വാക്കുകൾ വിപണനം (Marketing) ഏറ്റെടുക്കും. ശാസ്ത്രം ആവേശകരമാകുമ്പോഴാണ് കപടശാസ്ത്രവും വിപണിയും അതിന്റെ ഭാഷ ഏറ്റവും വേഗത്തിൽ കടമെടുക്കുന്നത്. അതുകൊണ്ട്, ‘ഡി.എൻ.എ യൗവന പുനഃസ്ഥാപനം’ (DNA Rejuvenation), ‘ബാഹ്യജനിതക പുനഃക്രമീകരണം’ (Epigenetic Reset), ‘സെല്ലുലർ ഏജ് റിവേഴ്സൽ’ (cellular age reversal) എന്നൊക്കെ കേൾക്കുമ്പോൾ ആദ്യം ആവേശപ്പെടുന്നതിനു പകരം ചില കാര്യങ്ങൾ അന്വേഷിക്കണം.
മനുഷ്യരിൽ പഠനം നടന്നിട്ടുണ്ടോ? എത്ര പേരിലാണ്? താരതമ്യം ചെയ്യാൻ നിയന്ത്രിത പഠനഗ്രൂപ്പ് (Control Group) ഉണ്ടായിരുന്നോ? യഥാർഥ ആരോഗ്യഗുണം എന്തായിരുന്നു? എന്തൊക്കെ പാർശ്വഫലങ്ങൾ ഉണ്ടായി? എത്രകാലം നിരീക്ഷിച്ചു? ഇത്തരം ചോദ്യങ്ങൾക്കൊപ്പം മറ്റൊരു ചോദ്യം കൂടി പ്രസക്തമാണ്: ഈ അവകാശവാദം പറയുന്നയാൾ നിങ്ങൾക്ക് എന്തെങ്കിലും വിൽക്കാൻ ശ്രമിക്കുന്നുണ്ടോ? കാരണം, ശാസ്ത്രീയ വാർത്ത പറയുന്ന വ്യക്തി അതേ സമയം വാർധക്യ പ്രതിരോധ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനവുമായി സാമ്പത്തികബന്ധമുള്ള ആളാണെങ്കിൽ ആ താൽപ്പര്യ വൈരുദ്ധ്യം (conflict of interest) കൂടി അറിഞ്ഞിരിക്കണം.
ER-100 വിജയിച്ചാൽ എന്ത് സംഭവിക്കും?
ഈ പരീക്ഷണം സുരക്ഷിതമാണെന്നും ദൃഷ്ടിപടല കോശങ്ങൾ (Retinal Cells) സ്വന്തം തിരിച്ചറിയൽ നിലനിർത്തുന്നുവെന്നും കാഴ്ചനാഡിയുടെയോ (Optic Nerve), കാഴ്ചയുടെയോ പ്രവർത്തനം യഥാർഥത്തിൽ മെച്ചപ്പെടുന്നുവെന്നും ഗുരുതരമായ ദീർഘകാല അപകടങ്ങളില്ലെന്നും തെളിഞ്ഞാൽ അത് വലിയ നേട്ടമായിരിക്കും.
മനുഷ്യരിൽ ഭാഗിക ബാഹ്യജനിതക പുനഃക്രമീകരണം (Partial Epigenetic Reprogramming) ചികിത്സയ്ക്കായി ഉപയോഗിക്കാനാകുമെന്ന ആശയത്തിന് ശക്തമായ ആദ്യ തെളിവായി അത് മാറാം. പക്ഷേ, കണ്ണിൽ വിജയിച്ചതുകൊണ്ട് അടുത്ത ദിവസം ഹൃദയവും കരളും വൃക്കയും മസ്തിഷ്കവും ചെറുപ്പമാക്കാൻ കഴിയില്ല. ഓരോ അവയവത്തിന്റെയും കോശങ്ങൾ വ്യത്യസ്തമാണ്. ചികിത്സ അവിടെ എത്തിക്കുന്നതിലെ പ്രശ്നങ്ങൾ വ്യത്യസ്തമാണ്. പ്രതിരോധ പ്രതികരണവും പുനരുജ്ജീവനശേഷിയും അർബുദ സാധ്യതയും വ്യത്യസ്തമാണ്. കണ്ണിലെ ഏതാനും കോശങ്ങളിൽ നിന്ന് മനുഷ്യന്റെ ശരീരം മുഴുവൻ യൗവനപൂർണ്ണമാക്കുന്നതുവരെ വളരെ വലിയ ശാസ്ത്രീയ ദൂരം ബാക്കിയുണ്ട്.
അപ്പോൾ ഏറ്റവും കൗതുകകരമായ ചോദ്യം ചോദിക്കാം: “70 വയസ്സുള്ള ഒരാളെ വീണ്ടും 40 വയസ്സുകാരനാക്കാനാകുമോ?”
ഇന്നത്തെ ഏറ്റവും ശാസ്ത്രീയമായ മറുപടി: “നമുക്കറിയില്ല.”
കാരണം, മനുഷ്യന്റെ വാർധക്യം ബാഹ്യജനിതകം (Epigenetics) മാത്രം അല്ല. ധമനീ വീക്കം/ അടച്ചിൽ (Atherosclerosis), അടിഞ്ഞുകൂടിയ ജനിതക വ്യതിയാനങ്ങൾ (Accumulated Mutations), കലകളുടെ കാഠിന്യം (Fibrosis), പ്രതിരോധ സംവിധാനത്തിന്റെ വാർധക്യം (Immune Aging), മൂലകോശ ക്ഷയം (Stem-cell Exhaustion), പേശി നാശം (Muscle Loss), അസ്ഥി നാശം (Bone Loss), നാഡീ ക്ഷയം (Neurodegeneration) തുടങ്ങി അനവധി മാറ്റങ്ങൾ അതിനൊപ്പം നടക്കുന്നു.
ഒരു ബാഹ്യജനിതക പുനഃക്രമീകരണത്തിന് (Epigenetic Reset) ഇതെല്ലാം ഒരുമിച്ച് തിരികെ കൊണ്ടുപോകാൻ കഴിയുമെന്ന് തെളിവില്ല. അതുപോലെ വാർധക്യം പിന്നോട്ടടിക്കുന്നത് എന്നത് അമരത്വം അല്ല. വാർധക്യത്തിന്റെ ചില ഘടകങ്ങളെ ഒരുനാൾ നിയന്ത്രിക്കാൻ കഴിഞ്ഞാലും അണുബാധ, അർബുദം, ആഘാതം/അപകടങ്ങൾ, രക്തധമനീ രോഗങ്ങൾ തുടങ്ങി മനുഷ്യജീവിതത്തെ അവസാനിപ്പിക്കാവുന്ന മറ്റു കാരണങ്ങൾ നിലനിൽക്കും. വാർധക്യത്തെ നിയന്ത്രിക്കുന്നതും മരണത്തെ ഇല്ലാതാക്കുന്നതും രണ്ടുതന്നെയാണ്.
അതുവരെ നമ്മുടെ ആരോഗ്യകരമായ ആയുസ്സ് വർധിപ്പിക്കാൻ ഏറ്റവും ശക്തമായ തെളിവുള്ള കാര്യങ്ങൾ അത്ര ആകർഷകമായ പേരുകളുള്ളവയല്ല – പുകവലി ഒഴിവാക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, ഭാരമുയർത്തിയുള്ള പരിശീലനം ഉൾപ്പെടുത്തുക, രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കുക, ആരോഗ്യകരമായി ഭക്ഷണം കഴിക്കുക, ശരീരഭാരം നിയന്ത്രിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക, രോഗപ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുക, പ്രായത്തിനും വ്യക്തിഗത അപകടസാധ്യതയ്ക്കും അനുയോജ്യമായ അർബുദ പരിശോധനകൾ (Cancer Screening) നടത്തുക. ഇവയ്ക്ക് ‘യൗവന പുനഃസ്ഥാപന ഫോർമുല’ (Age Reversal Formula) എന്ന പേരില്ല. പക്ഷേ,ഇന്ന് നമുക്ക് ലഭ്യമായ തെളിവുകളിൽ ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ഇവയാണ്. ശാസ്ത്രത്തിന്റെ യാത്രയും അങ്ങനെയാണ്.
പരീക്ഷണശാല. മൃഗപഠനങ്ങൾ. സുരക്ഷാപഠനങ്ങൾ. ഒന്നാം ഘട്ടം (Phase 1). രണ്ടാം ഘട്ടം (Phase 2). മൂന്നാം ഘട്ടം (Phase 3). സ്വതന്ത്രമായി ആവർത്തിച്ചുള്ള സ്ഥിരീകരണം. ദീർഘകാല നിരീക്ഷണം.
ഇ.ആർ-100 (ER-100) ആ യാത്രയുടെ മനുഷ്യരിലെ ആദ്യപടിയിലാണ്. അത് വിജയിക്കാം. പരാജയപ്പെടാം. പ്രതീക്ഷിച്ചതിലും ചെറിയ ഗുണം മാത്രം നൽകാം. പ്രതീക്ഷിക്കാത്ത അപകടങ്ങൾ കണ്ടെത്താം. എന്തായാലും അതിൽ നിന്ന് ശാസ്ത്രം പഠിക്കും.
ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മനുഷ്യൻ അമൃത് തേടി. യയാതി നഷ്ടപ്പെട്ട യൗവനം തിരികെ നേടി. മറ്റൊരു സംസ്കാരം യൗവനത്തിന്റെ നീരുറവ (Fountain of Youth) സ്വപ്നം കണ്ടു. ഇന്ന് അതേ സ്വപ്നം മറ്റൊരു രൂപത്തിലാണ് നമ്മുടെ മുന്നിലുള്ളത്. ഒരു വയസ്സായ കോശത്തിന് അതിന്റെ ചെറുപ്പകാല ജൈവപ്രവർത്തനങ്ങളുടെ ചില ഭാഗങ്ങൾ വീണ്ടും ഓർമ്മിപ്പിക്കാൻ കഴിയുമോ?
മൃഗപഠനങ്ങൾ നൽകുന്ന സൂചന – ഒരുപക്ഷേ അതിന്റെ ചില ഭാഗങ്ങൾ സാധ്യമായേക്കാം.
മനുഷ്യരിലെ ആദ്യ പരീക്ഷണം ചോദിക്കുന്നത് – അത് സുരക്ഷിതമായി ചെയ്യാനാകുമോ?
അതിനു ശേഷമേ അടുത്ത ചോദ്യം ചോദിക്കാൻ കഴിയൂ:
അതുകൊണ്ട് നഷ്ടപ്പെട്ട പ്രവർത്തനം തിരികെ കിട്ടുമോ?
അതും തെളിഞ്ഞതിനു ശേഷം മാത്രമേ മനുഷ്യന്റെ പഴയ സ്വപ്നത്തിലേക്ക് ശാസ്ത്രത്തിന് തിരിഞ്ഞുനോക്കാൻ കഴിയൂ:
വാർധക്യം തന്നെ ഒരുനാൾ പിന്നോട്ടു കൊണ്ടുപോകാനാകുമോ?
നമ്മൾ ഇപ്പോഴും അമൃത് കണ്ടെത്തിയിട്ടില്ല. യയാതിയെപ്പോലെ യൗവനം മറ്റൊരാളിൽ നിന്ന് കടം വാങ്ങാനും കഴിയില്ല. ‘യൗവനത്തിന്റെ നീരുറവ’ (Fountain of Youth) കണ്ടെത്തിയിട്ടില്ല. വാർധക്യത്തെ കീഴടക്കിയിട്ടുമില്ല. പക്ഷേ ഒരു വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഒരിക്കൽ പുരാണങ്ങളും ഐതിഹ്യങ്ങളും മാത്രം ചോദിച്ചിരുന്ന “വീണ്ടും ചെറുപ്പമാകാനാകുമോ” എന്ന ചോദ്യം ഇന്ന് പരീക്ഷണശാലയിൽ പരിശോധിക്കാവുന്ന ഒരു ജൈവശാസ്ത്ര ചോദ്യമായി മാറിയിരിക്കുന്നു. അതാണ് യഥാർഥ വാർത്ത.
ശാസ്ത്രം എന്നത് വിശ്വസിച്ചു കൊണ്ടിരിക്കുക എന്നതല്ല. ചോദിക്കുക. പരീക്ഷിക്കുക. അളക്കുക. തെറ്റാണെങ്കിൽ ഉപേക്ഷിക്കുക. ശരിയാണെങ്കിൽ വീണ്ടും വീണ്ടും തെളിയിക്കുക. അങ്ങനെയാണ് മനുഷ്യൻ അമൃത്, യയാതി, യൗവനത്തിന്റെ നീരുറവ (Fountain of Youth) എന്നീ പഴയ സ്വപ്നങ്ങളിൽ നിന്ന് പുനർ യൗവനത്തിന്റെ യഥാർഥ ശാസ്ത്രത്തിലേക്ക് പതുക്കെ നടന്നെത്തുന്നത്.




