ബെയ്റൂട്ടിലെ സ്ഫോടനത്തിന് രണ്ടു വയസ്: വേദനകളിൽ ആശ്വാസമായി ഒപ്പം ചേർന്ന് കത്തോലിക്കാ സഭ

ലബനോൻ ജനതക്ക് വേദനയുടെ ദിനം സമ്മാനിച്ച ബെയ്റൂട്ടിലെ സ്ഫോടനത്തിന് രണ്ടു വയസ്. വേദനകളുടെയും നഷ്ടങ്ങളുടെയും ഇടയിലും ലബനോൻ ജനതയുടെ കൈ പിടിച്ചുകൊണ്ട് അവർക്കൊപ്പം ആയിരിക്കുകയാണ് ഈ രണ്ടു വർഷങ്ങളിലും കത്തോലിക്കാ സഭ. രണ്ടു വർഷങ്ങൾക്കു മുൻപ് ആഗസ്റ്റ് നാലാം തീയതിയാണ് ബെയ്‌റൂട്ടിനെ തകർത്ത സ്ഫോടനം നടന്നത്. അന്നു മുതൽ കത്തോലിക്കാ സംഘടനകളായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയും കാരിത്താസ് ലബനോനും കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചുകൊണ്ട് ഈ ജനതക്കൊപ്പമുണ്ട്.

“ബെയ്റൂട്ട് സ്ഫോടനം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുന്നു. ഒപ്പം അതിന്റെ വേദനകളും അവശേഷിക്കുന്നു. പക്ഷേ, ദൈവസ്നേഹം നമ്മെ സുഖപ്പെടുത്തുകയും അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യും” – കാരിത്താസ് ലെബനൻ അതിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നു. ഇന്നുവരെ, 19 പുനർനിർമ്മാണ പദ്ധതികൾ, 23 കുടുംബങ്ങൾക്ക് അടിയന്തിര സഹായം, 12 വൈദികർക്കും കന്യാസ്ത്രീകൾക്കും സബ്‌സിഡി നൽകുന്നതുൾപ്പെടെ 67 മാനുഷികപദ്ധതികളെ പിന്തുണച്ചതായി എസിഎൻ റിപ്പോർട്ട് ചെയ്തു.

150 വർഷത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ലെബനൻ ഇപ്പോൾ നേരിടുന്നത്. വ്യാപകമായ പണപ്പെരുപ്പം, ഏകദേശം 3 ദശലക്ഷം ആളുകളെ ബാധിക്കുന്ന ദാരിദ്ര്യം, ഭക്ഷ്യക്ഷാമം തുടങ്ങിയവയാൽ വലയുകയാണ് ഈ ജനത. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ് ലെബനൻ ജനത കടുത്ത ക്ഷാമം അനുഭവിക്കുന്നത്. രാജ്യത്തെ പല പ്രധാന ആശുപത്രികളും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ഇത് നിരവധി രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നു – എസിഎൻ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ തങ്ങളാലാകും വിധത്തിലുള്ള സഹായങ്ങൾ എല്ലാ മേഖലയിലും നൽകിക്കൊണ്ട് ഈ ജനതയുടെ കണ്ണീരൊപ്പുകയാണ് കത്തോലിക്ക സഭ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.