വീടുകളിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമം: ഫൈസലാബാദിൽ പ്രതിഷേധവുമായി ക്രൈസ്തവർ രംഗത്ത്

പാക്കിസ്ഥാനിലെ ഫൈസലാബാദ് ജില്ലയിലെ അക്ബരാബാദിൽ നിന്ന് ക്രൈസ്തവരെ ഒഴിപ്പിക്കുവാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധവുമായി ക്രൈസ്തവർ. മുൻ പ്രതിപക്ഷ നേതാവും, രാഷ്ട്രീയ സ്വാധീവുമുള്ള രാജാ റിയാസ് ആണ് ക്രൈസ്തവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ക്രൈസ്തവർ ജീവിക്കുന്ന സ്ഥലം തന്റെ കുടുംബ സ്വത്താണെന്ന് അവകാശപ്പെട്ട് രാജാ റിയാസ് അതിന്റെ അവകാശം കൈവശപ്പെടുത്തിയിരുന്നു. ഇതേ തുടർന്നു സ്ഥലം ഇരിക്കുന്ന ഭാഗത്തെ വീടുകൾ ഒഴിഞ്ഞു കൊടുക്കണം എന്ന് ഇയാൾ ആവശ്യം ഉയർത്തി. നിസഹായരായ ക്രൈസ്തവർ തങ്ങളുടെ വീടുകൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ അയാൾക്ക് വാടകയായി ഒരു നിശ്ചിത തുക നൽകാമെന്ന് ഏറ്റു. എന്നാൽ നിശ്ചിത തുക കൊടുത്തിട്ടും രാജാ റിയാസ് ക്രൈസ്തവരുമായിട്ടുള്ള കരാർ അസാധുവാണെന്ന് പറയുകയും അവർ സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടയിൽ ക്രൈസ്തവരെ ഇറക്കിവിടാനുള്ള ഉത്തരവ് സുപ്രീംകോടതിയിൽ നിന്ന് നേടിയെടുക്കുകയും ചെയ്തു. വാടക കൃത്യമായി നൽകിയിരുന്ന ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ ഇതുമൂലം വീടുവിട്ട ഇറങ്ങേണ്ടി വന്നിരിക്കുന്നത്. പണം നൽകിയതിന്റെ രസീതുകൾ ക്രൈസ്തവരുടെ കൈവശമുള്ള സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തണമെന്ന് അഭിഭാഷകനും കത്തോലിക്കാ മെത്രാൻ സമിതിയുടെ നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷൻ കോഡിനേറ്റർ പദവി വഹിക്കുന്ന ആളുമായ ഷാഹിദ് അൻവർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നീതി നടപ്പിലാക്കുവാൻ ആവശ്യപ്പെട്ട ഇവർ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.