യുഎസിൽ ഗര്‍ഭച്ഛിദ്ര അനുകൂലികൾ ആക്രമണം അഴിച്ചുവിടുന്നു; ലക്ഷ്യം കത്തോലിക്കാ ദൈവാലയങ്ങളും പ്രോ ലൈഫ് സെന്ററുകളും

യുഎസിൽ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കിയതിനു പിന്നാലെ ഗര്‍ഭച്ഛിദ്ര അനുകൂലികൾ പരക്കെ ആക്രമണങ്ങൾ നടത്തുന്നു. ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ കത്തോലിക്കാ ദൈവാലയങ്ങളും പ്രെഗ്നൻസി കേന്ദ്രങ്ങളും പ്രോ-ലൈഫ് സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടു.

ഫ്ലോറിഡയിലെ വിന്റർ ഹേവനിലുള്ള ലൈഫ് ചോയ്സ് പ്രെഗ്നൻസി സെന്ററാണ് ആക്രമിക്കപ്പെട്ട ക്ലിനിക്കുകളിലൊന്ന്. ജൂൺ 25-നാണ് ഗർഭച്ഛിദ്രത്തിന് അനുകൂലമായ ചുവരെഴുത്തുകൾ അവിടെ പ്രത്യക്ഷപ്പെട്ടത്. അതു മാത്രമല്ല, ക്ലിനിക്കിന്റെ സിസി ടിവി ക്യാമറകളും നശിപ്പിക്കപ്പെട്ടിരുന്നു. മൂവായിരം മുതൽ നാലായിരം ഡോളർ വരെ നാശനഷ്ടം സംഭവിച്ചട്ടുണ്ടെന്നാണ് കണക്ക്. ഒരു പ്രാദേശിക ക്രൈസ്തവസമൂഹം ക്ലിനിക്കിന്റെ നവീകരണപ്രവർത്തനങ്ങൾ നടത്താമെന്ന് ഉറപ്പ് നൽകിയതായി ക്ലിനിക്കിന്റെ ഡയറക്ടർ ഫ്ളനഗൻ പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ഒരു ദേശീയ സംഘടനയാണെന്നാണ് നിഗമനം.

ജൂൺ 24-നാണ് യുഎസിലെ സുപ്രീം കോടതി ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കിയത്. മൂന്ന് ദിവസങ്ങൾക്കു ശേഷം മാൻഹട്ടനിലെ അസെൻഷൻ ദൈവാലയത്തിന്റെ വാതിലുകളിൽ ഗർഭച്ഛിദ്രത്തിന് അനുകൂലമായ ചുവരെഴുത്തുകൾ കണ്ടെത്തിയിരുന്നു. അതുപോലെ വാഷിംഗ്ടണിലെ റെന്റണിലുള്ള സെന്റ് ആന്റണി കത്തോലിക്കാ ദൈവാലയവും ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിരുന്നു. ജൂൺ 25-ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ദൈവാലയത്തിന്റെ ജനാലകളും മൂന്ന് പൂട്ടുകളും തകർക്കപ്പെട്ടു. 25,000 മുതൽ 30,000 ഡോളർ വരെയുള്ള നാശനഷ്ടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഗർഭച്ഛിദ്രം മൂലം കൊല്ലപ്പെട്ട ശിശുക്കളെ അനുസ്മരിപ്പിക്കുന്ന ഒരു കുരിശും ആക്രമികൾ നശിപ്പിച്ചു.

“ആരാധനാലയത്തിനെതിരെ നടക്കുന്ന നശീകരണ പ്രവർത്തനങ്ങളും അക്രമങ്ങളും അപലപിക്കപ്പെടണം. പ്രത്യേകിച്ചും അത്തരം നശീകരണ പ്രവർത്തനങ്ങൾ ആ മതത്തോടുള്ള വിദ്വേഷത്തിന്റെ പേരിലാകുമ്പോൾ” – ന്യൂയോർക്ക് അതിരൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായ ജോസഫ് സ്വില്ലിംഗ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.