
പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ ബൈബിൾ കൺവൻഷനു നേരെ നടന്ന ആസൂത്രിതമായ അക്രമത്തിൽ ആറ് പേർക്ക് പരിക്കേറ്റു. നദിയ ജില്ലയിലെ ജലാൽഖള്ളിയിലുള്ള ‘ഡിവൈൻ ലവ് റിട്രീറ്റ് സെന്ററിൽ’, വിൻസെൻഷ്യൻ വൈദികരുടെ നേതൃത്വത്തിൽ സന്താളി കത്തോലിക്കാ സമൂഹത്തിനായി സംഘടിപ്പിച്ച കൺവൻഷനിടയിൽ, ഒക്ടോബർ ഒമ്പതിനാണ് അക്രമ സംഭവങ്ങൾ നടന്നത്.
ഒക്ടോബർ 8 മുതൽ 11 വരെ നാല് ദിവസങ്ങളിലായി നടത്താൻ നിശ്ചയിച്ചിരുന്ന കൺവൻഷനാണ് അക്രമികളെത്തി തടസ്സപ്പെടുത്തിയത്. പള്ളിയുടെ വസ്തുവകകൾ നശിപ്പിക്കുകയും അക്രമാസക്തരാകുകയും ചെയ്ത സംഘം, ഔദ്യോഗിക അനുമതികളോടെ നടന്നുവന്ന സമാധാനപരമായ പ്രാർഥനായോഗം നിർത്തിവയ്ക്കാൻ സംഘാടകരെ നിർബന്ധിതരാക്കുകയായിരുന്നു.
കേരളത്തിൽ നിന്നുള്ള വിൻസെൻഷ്യൻ വൈദികരുടെ നേതൃത്വത്തിൽ 2006 മുതൽ പ്രവർത്തിക്കുന്നതാണ് ഈ റിട്രീറ്റ് സെന്റർ. കൃത്യമായി വാർഷിക കൺവൻഷനുകൾ നടത്തിവരുന്നുണ്ട്. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ കഴിഞ്ഞ 12 വർഷമായി തുടർന്നുവന്ന ബൈബിൾ കൺവൻഷനാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.
സ്ഥാപനത്തിൽ വർഷങ്ങളായി മതംമാറ്റം നടക്കുന്നുണ്ടെന്ന പ്രചാരണം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ട്ർ ഫാ. ജോർജ് വർഗീസ് അറക്കൽ വിസി ശക്തമായി നിഷേധിച്ചു. പൂർണ്ണമായും പ്രാർഥനയ്ക്കും ആത്മീയ നവീകരണത്തിനുമായി മാത്രം മാറ്റിവച്ച ഈ സമ്മേളനത്തിൽ ക്രൈസ്തവർ മാത്രമാണ് പങ്കെടുത്തിരുന്നതെന്നും അല്ലാത്ത ആരും അവിടെയുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൺവൻഷനിലെ പ്രസംഗങ്ങളും മറ്റ് ശുശ്രൂഷകളും ഓൺലൈനിൽ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗാളിൽ ഏകദേശം ആറു ലക്ഷം ക്രൈസ്തവർ മാത്രമാണ് ഉള്ളത്, പിന്നെന്തിനാണ് അക്രമികൾ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒക്ടോബർ 9-ന് ഉച്ചകഴിഞ്ഞ് പുറത്തുനിന്നെത്തിയ ചില വ്യക്തികൾ സ്ഥാപനത്തിലെത്തി പരിപാടികളെക്കുറിച്ച് അന്വേഷിക്കുകയും ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്തിരുന്നു. ഇതിന് ഏകദേശം ഒരു മണിക്കൂറിനു ശേഷം മൈക്രോഫോണുകളുമായി പള്ളി കവാടത്തിന് പുറത്ത് തടിച്ചുകൂടിയ സംഘം ക്രൈസ്തവ വിശ്വാസത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും മതംമാറ്റം ആരോപിച്ച് പ്രസംഗങ്ങൾ നടത്തുകയും ചെയ്തു.
വൈകുന്നേരം 6 മണിയോടെ സംഘം പള്ളിക്കു മുന്നിൽ സ്ഥാപിച്ചിരുന്ന കുരിശിൽ പതാകകൾ കെട്ടാൻ ശ്രമിച്ചു. വിശ്വാസികൾ ഇത് എതിർത്തപ്പോൾ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടർന്ന് അക്രമികൾ പള്ളിക്ക് നേരെ തിരിയുകയും കൺവൻഷന്റെ ബാനറുകൾ വലിച്ചുകീറുകയും പള്ളിയുടെ പുറത്തുവശത്തെ ഗ്രോട്ടോയുടെ ഗ്ലാസ് പാനലുകൾ അടിച്ചുതകർക്കുകയും ചെയ്തു. ഈ സംഘർഷത്തിനിടയിലാണ് ആറ് വിശ്വാസികൾക്ക് പരിക്കേറ്റത്.
വൈകുന്നേരം 7 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചെങ്കിലും, പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അക്രമികൾ രംഗത്തുണ്ടായിരുന്നു. തുടർന്ന്, റിട്രീറ്റ് സെന്ററിനുള്ളിൽ പ്രവേശിച്ച പൊലീസ് പ്രാർഥനയ്ക്കായി ഒത്തുകൂടിയ വിശ്വാസികളെ ചോദ്യം ചെയ്യുകയാണുണ്ടായത്. മാത്രമല്ല, ഒക്ടോബർ 10-ലെ പ്രാർഥനാ ശുശ്രൂഷകൾ തുടരണമെങ്കിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക അനുമതി വേണമെന്ന് അറിയിച്ച് പരിപാടി താൽക്കാലികമായി നിർത്തിവയ്ക്കാൻ സംഘാടകർക്ക് നിർദേശം നൽകുകയും ചെയ്തു.
കൃത്യമായ അനുമതിയോടെ നടന്ന സമാധാനപരമായ ഒരു ആരാധനാ ചടങ്ങ് ആക്രമിക്കപ്പെട്ടതിന് ശേഷം, അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം പ്രാർഥനാ യോഗം നിർത്തിവയ്പ്പിച്ച നടപടി വിശ്വാസികളിൽ വലിയ ആശങ്കയും മനോവിഷമവും ഉണ്ടാക്കിയിട്ടുണ്ട്. കുറ്റക്കാരായ വ്യക്തികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ക്രൈസ്തവ സമൂഹത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും സഭാ പ്രതിനിധികൾ സംസ്ഥാന സർക്കാരിനോടും നിയമപാലകരോടും ആവശ്യപ്പെട്ടു. ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകൾ പ്രകാരം ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നടപടിയെടുക്കണമെന്ന് സഭ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ വേണമെന്നാണ് കത്തോലിക്കാ സഭാ സമൂഹത്തിന്റെ ശക്തമായ ആവശ്യം.




