ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: പന്ത്രണ്ടാം ദിവസം

ജിന്‍സി സന്തോഷ്‌

പെസഹാ തിരുനാൾ ദിവസം യഹൂദരെല്ലാം ദേവാലയത്തിൽ ഒന്നിക്കുന്ന അവസരം. തിരുക്കുടുംബം പതിവുകളൊന്നും തെറ്റിക്കാതെ മതാചാരനിഷ്ഠയോടെ ജെറുസലേം ദേവാലയത്തിൽ എത്തുന്നു. ദൈവികപദ്ധതിക്ക് ജീവിതം പരിപൂർണ്ണമായി സമർപ്പിച്ചു കൊണ്ട്, ദൈവത്തിന്റെ വാഗ്ദാനങ്ങളിലും അവിടുത്തെ പരിപാലനയിലും വിശ്വസിച്ചു കൊണ്ട്, ദൈവം പ്രവർത്തിക്കുന്ന വലിയ കാര്യങ്ങളെ എളിമയോടെ എറ്റുപറഞ്ഞ് എല്ലാ ദൈവിക വെളിപാടുകളെയും പ്രവചനങ്ങളെയും ഹൃദയത്തിൽ സംഗ്രഹിച്ച്, മതജീവിതത്തിൽ നിഷ്ഠ പുലർത്തി, ദൈവം ഏൽപിച്ചുകൊടുത്ത മകനെയും വ്യക്തികളെയും ദൈവികവഴികളിൽ നയിച്ച് സഭയോടും കൂദാശകളോടും ചേർന്ന് സഭക്കു വേണ്ടി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ, അങ്ങനെ ക്രിസ്തുശിഷ്യരായിത്തീരാൻ മാതൃകയും പ്രചോദനവുമേകിയ മറിയം.

യേശുവിന്റെ ജീവിതം പരിശോധിക്കുമ്പോൾ മുപ്പതു വയസ്സു വരെ തന്റെ മാതാപിതാക്കൾക്കു വിധേയനായി നസ്രത്തിൽ കഴിഞ്ഞ യേശു തന്റെ അമ്മയിൽ നിന്നും കണ്ടും കൊണ്ടും അറിഞ്ഞ പല കാര്യങ്ങളും തന്റെ പരസ്യശുശ്രൂഷയുടെ സമയത്ത് പ്രകടമാക്കിയതായി കാണാം. മക്കളുടെ ജീവിതവഴികളിൽ മാതാപിതാക്കൾക്ക് പ്രത്യേകിച്ച്, അമ്മക്ക് എത്രമാത്രം സ്ഥാനം വഹിക്കാനുണ്ടെന്ന് അമ്മമറിയം തന്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്നു.

നീ ഒന്നു കാതോർത്താൽ, പോയ കാലത്തെ ഒരു തലമുറയുടെ തേങ്ങലും നിശ്വാസവും നിനക്കു കേൾക്കാം. ഒന്നും നിക്ഷേപമില്ലാതിരുന്ന ഒരു കാലം. മഹാമാരികളും വന്യമൃഗങ്ങളും പ്രാണനെ തിന്നൊടുക്കുമെന്നു ഭയപ്പെട്ടിരുന്ന കാലം. പെരുമഴയിൽ ചോരാതിരിക്കാൻ തലക്കു മീതെ ഒരു കൂര വയ്ക്കുംമുമ്പേ അവർ ദേവാലയങ്ങൾ പണിതു. ആ ദേവാലയങ്ങളിലേക്ക്, തുണിത്തുമ്പിൽ കുഞ്ഞുമക്കളെയും കൂട്ടി പുലരികളിൽ ദൈവാരാധന നടത്തിയിരുന്ന ഒരു തലമുറ.

വിശ്വാസ സന്ദേഹങ്ങളെ ബലിപീഠത്തോട് ചേർത്തുവയ്ക്കാൻ അവർ മക്കളെ പഠിപ്പിച്ചു. അങ്ങനെ അവർ നട്ടുവളർത്തി വടവൃക്ഷമാക്കിയ തിരുസഭയുടെ തണലിൽ നിന്നുകൊണ്ട് പൂർവ്വിക മഹാപൈതൃകത്തെ സ്മരിക്കണം. “കർത്താവ് പ്രവർത്തിച്ച മഹത്തായ കാര്യങ്ങളും അവിടുത്തെ ശക്തിപ്രഭാവവും അത്ഭുതകൃത്യങ്ങളും വരുംതലമുറക്ക് വിവരിച്ചു കൊടുക്കണം. വരാനിരിക്കുന്ന തലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കൾ, അവ അറിയുകയും തങ്ങളുടെ മക്കൾക്ക് അവ പറഞ്ഞുകൊടുക്കുകയും ചെയ്യും” (സങ്കീ. 78: 4-6).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.