ആകാശത്തിലെ അപൂർവ കാഴ്ച: അച്ഛനൊപ്പം പൈലറ്റായി മകൾ, ഒപ്പം അമ്മയും

​യാത്രക്കാരുടെ തിരക്കിനിടയിൽ ഒരേ വിമാനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഒന്നിച്ചു ജോലിക്കെത്തുക എന്നത് ഏതൊരാളെയും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഡച്ച് എയർലൈൻസായ കെഎൽഎമ്മിന്റെ (KLM) വിമാനത്തിലാണ് ഇത്തരമൊരു മനോഹരമായ സംഭവം നടന്നത്.

​22 കാരിയായ സോയി തന്റെ അച്ഛൻ മൈക്കളിനൊപ്പം ആദ്യമായി ഒരു കൊമേഴ്സ്യൽ ജെറ്റിന്റെ കോക്പിറ്റിൽ പൈലറ്റായി ഇരുന്നു. അതേസമയം, സോയിയുടെ അമ്മ മാർജാൻ വിമാനത്തിനുള്ളിൽ കാബിൻ ക്രൂ അംഗമായി കൂടെയുണ്ടായിരുന്നു.

​ചെറുപ്പം മുതലേ അച്ഛൻ പൈലറ്റ് യൂണിഫോമിൽ ജോലിക്കായി പോകുന്നത് കണ്ടാണ് സോയി വളർന്നത്. അത് അവളിൽ വ്യോമയാന മേഖലയോട് വലിയൊരു ഇഷ്ടമുണ്ടാക്കാൻ കാരണമായി. അങ്ങനെ തന്റെ 17 -ാം വയസ്സിൽ കെഎൽഎമ്മിന്റെ ഫ്ലൈറ്റ് അക്കാദമിയിൽ പ്രവേശനം നേടിയ സോയി രണ്ടു വർഷത്തെ പഠനത്തിന് ശേഷം പൈലറ്റായി വിജയം നേടി പുറത്തിറങ്ങി.

​”എന്റെ മാതാപിതാക്കൾ കണ്ടുമുട്ടിയത് ഒരു വിമാനത്തിൽ വച്ചുള്ള ജോലിക്കിടയിലാണ്. അതിനാൽ തന്നെ അച്ഛനൊപ്പം കോക്പിറ്റിലിരുന്ന് വിമാനം പറത്താനും, അമ്മയ്‌ക്കൊപ്പം ഈ യാത്ര പങ്കിടാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ‘ഫുൾ സർക്കിൾ’ നിമിഷമാണ് ” സോയി സന്തോഷത്തോടെ പറയുന്നു.

​35 വർഷമായി പൈലറ്റായി സേവനം അനുഷ്ഠിക്കുന്ന മൈക്കളിനും, തന്റെ മകൾ തന്റെ പാത പിന്തുടർന്ന് ഒപ്പം ജോലി ചെയ്ത ആ നിമിഷം അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും മുഹൂർത്തമായി മാറി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.