
സുഡാൻ-ഈജിപ്ത് അതിർത്തി മേഖലയിൽ സ്വർണ്ണം ഖനനം ചെയ്തുവന്നിരുന്ന സാധാരണക്കാരായ തൊഴിലാളികൾക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 72 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മനുഷ്യാവകാശ സംഘടനയായ ‘എമർജൻസി ലോയേഴ്സ്’ അറിയിച്ചു.
സുഡാനിലെ റിവർ നൈൽ സ്റ്റേറ്റിലെ ജനപ്രിയ സ്വർണ്ണ ഖനന മേഖലയിലാണ് ഒക്ടോബർ പത്തിന് പുലർച്ചെ വ്യോമാക്രമണമുണ്ടായത്. ഖനന ക്യാമ്പുകൾക്ക് നേരെ അഞ്ച് മിസൈലുകളിലധികമാണ് അജ്ഞാതർ തൊടുത്തുവിട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിൽ 72-ലധികം പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കാമെന്ന് സുഡാൻ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഈജിപ്ത് വ്യോമസേനയാണ് ആക്രമണത്തിന് പിന്നിലെന്ന് എമർജൻസി ലോയേഴ്സ് ആരോപിച്ചു. എന്നാൽ ഈജിപ്ത് സർക്കാരോ സുഡാൻ അധികാരികളോ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




