
വത്തിക്കാനും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ വത്തിക്കാന്റെ ഉന്നത പ്രതിനിധി പാക്കിസ്ഥാനിൽ സന്ദർശനം നടത്തി. രാഷ്ട്രങ്ങൾക്കും അന്താരാഷ്ട്ര സംഘടനകൾക്കുമുള്ള വത്തിക്കാന്റെ സെക്രട്ടറിയായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ ആണ് പാക്കിസ്ഥാനിൽ സന്ദർശനം നടത്തിയത്.
ഒക്ടോബർ 8 മുതൽ 10 വരെ നടന്ന സന്ദർശന പരിപാടിയിൽ, അദ്ദേഹം രാജ്യത്തെ പ്രമുഖ മത-രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ പൊതു-മത പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്ന സർക്കാരിന്റെ ചുമതലയുള്ള കമ്മിറ്റിയിലെ അംഗമായ ക്രിസ്റ്റഫർ ഷെറഫ്, ആർച്ച് ബിഷപ്പ് ഗല്ലഘർ സന്ദർശനത്തിന്റെ ആദ്യ ദിവസം തന്നെ ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദാറുമായി കൂടിക്കാഴ്ച നടത്തിയതായി അറിയിച്ചു. കൂടിക്കാഴ്ചയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ പാക്കിസ്ഥാൻ വഹിക്കുന്ന പങ്കിനെ ആർച്ച് ബിഷപ്പ് അഭിനന്ദിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാൻ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റും ഹൈദരാബാദ് ബിഷപ്പുമായ സാംസൺ ഷൂക്കാർഡിൻ ഈ സന്ദർശനത്തെ ‘വളരെ പ്രാധാന്യമർഹിക്കുന്ന ഒന്ന്’ എന്നാണ് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ പുരോഗതിയിൽ കത്തോലിക്കാ സഭ നൽകുന്ന സംഭാവനകൾക്കും സഭയുടെ സ്വത്വത്തിനും കൂടുതൽ അംഗീകാരം ലഭിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാണിക്കാൻ ഈ സന്ദർശനം സഹായിച്ചു എന്നും അദ്ദേഹം പറഞ്ഞു.
സൈനിക ഭരണാധികാരിയായിരുന്ന മുഹമ്മദ് സിയാ-ഉൽ-ഹഖിന്റെ കാലത്ത്, 1981 ഫെബ്രുവരി 16-നാണ് അന്തരിച്ച ജോൺ പോൾ രണ്ടാമൻ മാർപാപ്പ പാക്കിസ്ഥാൻ സന്ദർശിച്ചത്. പാക്കിസ്ഥാൻ സന്ദർശിച്ച ഒരേയൊരു മാർപാപ്പയും അദ്ദേഹമാണ്. ആ സന്ദർശനവേളയിൽ സിന്ധ് പ്രവിശ്യയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ കറാച്ചിയിൽ വച്ച് ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികളുടെ സാന്നിധ്യത്തിൽ അദ്ദേഹം കുർബാന അർപ്പിച്ചിരുന്നു. തുടർന്നുള്ള പതിറ്റാണ്ടുകളിൽ പാക്കിസ്ഥാന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, മതപരമായ സാഹചര്യങ്ങൾ കൂടുതൽ മോശമായി മാറിയിരുന്നു. എന്നാൽ ഇന്ന് ആ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ക്രിസ്റ്റഫർ ഷെറഫ് വെളിപ്പെടുത്തി.




