
കല്ലാവോയിലെ ‘ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പുവർ’ വയോജന മന്ദിരത്തിൽ മാർപാപ്പ നടത്തിയ സന്ദർശനത്തിലെ പ്രധാന ആകർഷണം ആയിരുന്നു അവിടെ നടന്ന ‘മരിനേര’ (Marinera) നൃത്തം. 80 വയസ്സുള്ള ലൂയിസ റിവാസ് ഡെൽഗാഡോയും 75 വയസ്സുള്ള ഇവാൻ സൊളാരിയും പ്രായത്തെ മറന്നു നൃത്തച്ചുവടുകളുമായി മുന്നോട്ട് വന്നപ്പോൾ കത്തോലിക്കാ സഭയുടെ വലിയ ഇടയൻ കണ്ണുനീർ പൊഴിച്ചു. അദ്ദേഹത്തിന്റെ ഹൃദയം നിറഞ്ഞു. ലെയോ പതിനാലാമൻ പാപ്പയുടെ പെറു സന്ദർശനത്തിലെ ഏറ്റവും ഹൃദ്യമായ നിമിഷങ്ങളായിരുന്നു ഈ നൃത്തവും വയോജന മന്ദിരത്തിലെ സന്ദർശനവും.
പെറുവിന്റെയും വത്തിക്കാന്റെയും (പരിശുദ്ധ സിംഹാസനത്തിന്റെയും) പതാകകൾക്കിടയിൽ വിരിച്ച ചുവന്ന പരവതാനിയിൽ, അദ്ഭുതപ്പെടുത്തുന്ന ചടുലതയോടെ ലൂയിസയും ഇവാൻ സൊളാരിയും ചുവടുവച്ചു. ഈ സമയം ആശ്രമത്തിലെ സന്ന്യാസിനിമാരും മറ്റ് വയോജനങ്ങളും ആവേശത്തോടെ ആ താളത്തിനൊപ്പം ചേർന്നു. മാർപാപ്പയ്ക്കും ഇത് കണ്ട് വെറുതെ ഇരിക്കാനായില്ല. നൃത്തത്തിന്റെ താളത്തിനൊപ്പിച്ച് അദ്ദേഹം തന്റെ ചൂണ്ടുവിരൽ താളത്തിൽ ചലിപ്പിച്ചു. നൃത്തം അവസാനിച്ചപ്പോൾ, ആ കാഴ്ച കണ്ടിരുന്നവരുടെ മനസ്സ് നിറച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് ചെന്ന് ആ രണ്ട് നർത്തകരെയും നേരിട്ട് അഭിനന്ദിച്ചു.
വടക്കൻ പെറുവിൽ വർഷങ്ങളോളം തന്റെ ഇടയശുശ്രൂഷ നിർവഹിക്കുകയും ഈ സംസ്കാരവുമായി വളരെ അടുത്ത ബന്ധം പുലർത്തുകയും ചെയ്തിട്ടുള്ള മാർപാപ്പയ്ക്കുള്ള പ്രത്യേക ആദരവായിട്ടാണ് ഈ നൃത്തം ഒരുക്കിയത്. “ഇത് അദ്ദേഹത്തിനുള്ള ഒരു ആദരവാണ്; ഞങ്ങൾ മരിനേര നോർട്ടെന്യ (Marinera Norteña) നൃത്തം ചെയ്യാൻ പോവുകയാണ്,” ആ വയോജന കേന്ദ്രത്തിൽ താമസിക്കുന്ന ലൂയിസ പരിപാടിക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.
ഏകദേശം പതിനഞ്ച് വർഷമായി നൃത്തത്തെ സ്നേഹിക്കുന്ന ലിമ സ്വദേശിയായ ഇവാൻ സന്ന്യാസിനിമാരുടെ അഭ്യർഥനയെ തുടർന്നാണ് ഈ നൃത്ത പരിപാടിയിലേക്ക് എത്തപ്പെട്ടത്. നൃത്തം ചെയ്ത നിമിഷങ്ങളിൽ ആഘോഷത്തിന്റെ ആനന്ദത്തിന് മുന്നിൽ വാർധക്യം വഴിമാറിയതുപോലെ തോന്നി. സംഗീതം നിലച്ചതിന് ശേഷവും കുറച്ചുനേരം ആ ആനന്ദം നിലനിന്നു. പരിശുദ്ധ പിതാവിന് തികച്ചും പെറുവിയൻ ശൈലിയിലുള്ള ഒരു സ്വീകരണം നൽകാൻ കഴിഞ്ഞതിന്റെ അഭിമാനത്തോടെ ആയിരുന്നു ആ വയോജനങ്ങൾ.




