
പരിശുദ്ധ സിംഹാസനത്തിലേക്കുള്ള പുതിയ ബ്രിട്ടീഷ് അംബാസഡറായി ടാമി സന്ധു (Tammy Sandhu) സ്ഥാനമേറ്റു. ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഔദ്യോഗിക പത്രങ്ങൾ കൈമാറിയാണ് അവർ ചുമതലയേറ്റെടുത്തത്. പ്രശസ്തമായ ഈ പദവിയിലെത്തുന്ന വംശീയ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിതയാണ് ടാമി സന്ധു.
ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ ജനിച്ച ടാമി സന്ധുവിന്റെ മാതാപിതാക്കൾ 1960-കളിൽ പഞ്ചാബിൽ നിന്ന് യുകെയിലേക്ക് കുടിയേറിയവരാണ്. യുകെ ഡിപ്ലോമാറ്റിക് സർവീസിൽ 20 വർഷത്തെ പ്രവർത്തന പരിചയമുള്ള അവർ റബാത്, ബ്രസ്സൽസ്, സാൻ ഫ്രാൻസിസ്കോ, ചെന്നൈ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
“മാർപാപ്പയെ നേരിൽ കാണാനും ബ്രിട്ടീഷ് അംബാസഡറായി ചുമതലയേൽക്കാനും കഴിഞ്ഞതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. ഒരു ബ്രിട്ടീഷ് ഏഷ്യൻ വനിതയായി എന്റെ രാജ്യത്തെ ആഗോളതലത്തിൽ പ്രതിനിധീകരിക്കാൻ കഴിയുന്നത് കാണാൻ എന്റെ മാതാപിതാക്കൾ ഒപ്പമില്ലല്ലോ എന്നൊരു വിഷമം മാത്രമേയുള്ളൂ,” എന്ന് അവർ പ്രതികരിച്ചു.
സമാധാന നിർമ്മാണം, കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിയമങ്ങൾ, ആധുനിക അടിമത്തവും മനുഷ്യക്കടത്തും തടയൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളിൽ വത്തിക്കാനുമായും കത്തോലിക്കാ കൂട്ടായ്മകളുമായും ചേർന്ന് ടാമി പ്രവർത്തിക്കും.




