നൈജീരിയയിൽ സായുധസംഘത്തിന്റെ ആക്രമണത്തിൽ കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ കടുന സംസ്ഥാനത്ത് സായുധ സംഘം നടത്തിയ ക്രൂരമായ ആക്രമണത്തിൽ എട്ട് കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. കൗരു പ്രാദേശിക ഭരണമേഖലയിലെ നരിഡോൺ ഗ്രാമത്തിലേക്ക് അർദ്ധരാത്രിയോടെ ഇരച്ചെത്തിയ അക്രമിസംഘം ഗ്രാമവാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ചിലരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായും നാട്ടുകാർ പറഞ്ഞു.

സ്ത്രീകളും കുട്ടികളും വയോധികരുമാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. ആക്രമണത്തിൽ എട്ട് കുട്ടികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ അക്രമികൾ ഗ്രാമത്തിലെ നിരവധി വീടുകൾക്ക് തീയിട്ട ശേഷം കടന്നു കളയുകയായിരുന്നു. എന്നാൽ, ആക്രമണം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അതേസമയം നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ, വടക്കുമധ്യ ഭാഗങ്ങളിൽ സായുധ സംഘങ്ങളുടെയും ക്രിമിനൽ ഗ്രൂപ്പുകളുടെയും ആക്രമണങ്ങൾ വലിയ സുരക്ഷാ ഭീഷണി ഉയർത്തുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് കടുന സംസ്ഥാന പൊലീസ് വക്താവ് മൻസൂർ ഹസൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.