യു.എസ് സ്‌പീക്കർ നാൻസി പേരോസിയെ വിശുദ്ധ കുർബാന സ്വീകരിക്കുന്നത് വിലക്കി ആർച്ചുബിഷപ്പ്

യു.എസ് സ്‌പീക്കറായ നാൻസി പേരോസിയെ വിശുദ്ധ കുർബാന സ്വീകരിക്കുന്നത് വിലക്കി സാൻ ഫ്രാൻസിസ്‌കോ അതിരൂപത. മെയ് 20-ന് ആർച്ചുബിഷപ്പ് സാൽവത്തോർ കോർഡിലിയോനാണ് ഈ നടപടി പ്രഖ്യാപിച്ചത്. നാൻസി പേരോസി അബോർഷനെ പിന്തുണക്കുന്നതാണ് ഇത്തരമൊരു നടപടിക്ക് കാരണമായത്.

“ഗർഭച്ഛിദ്രത്തിനുള്ള പിന്തുണ പരസ്യമായി നിരസിക്കുന്നതു വരെ യു.എസ് സ്‌പീക്കറായ നാൻസി പേരോസി ദിവ്യബലിയിൽ സംബന്ധിക്കുകയോ, പരിശുദ്ധ കുർബാന സ്വീകരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. ഈ നടപടി തികച്ചും അജപാലനപരമാണ്; രാഷ്ട്രീയമല്ല. കത്തോലിക്കാ വിശ്വാസി എന്നാണ് നാൻസി പേരോസി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ അബോർഷനെ അനുകൂലിക്കുന്ന നാൻസിയുടെ വാദങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുള്ള സഭയുടെ ശ്രമങ്ങൾ പോലും നാൻസി ആവർത്തിച്ച് നിരസിച്ചതുകൊണ്ടാണ് ഇത്തരമൊരു നടപടി” – ആർച്ചുബിഷപ്പ് സാൽവത്തോർ പറഞ്ഞു. സഭയുടെ ഈ നടപടിയോട് നാൻസി പെരോസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാനോൻ നിയമസംഹിതയുടെ കാനോൻ 915 അനുസരിച്ചാണ് ആർച്ചുബിഷപ്പ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ആർച്ചുബിഷപ്പ് സാൽവത്തോറിന്റെ നടപടികൾ സാൻ ഫ്രാൻസിസ്കോ അതിരൂപതയിൽ മാത്രമാണ് ബാധകം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.