യേശുക്രിസ്തുവിന്റെ അപ്പസ്തോലൻ നടത്തുന്നത് മതപരിവർത്തനമല്ല: ഫ്രാൻസിസ് പാപ്പാ

മിഷനറിമാർ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരാണെന്നും അല്ലാതെ മതപരിവർത്തനമല്ല ലക്ഷ്യമിടുന്നതെന്നും ഫ്രാൻസിസ് പാപ്പാ. ജൂൺ 13-ന് ആഫ്രിക്കൻ മിഷനറിമാരുടെ ജനറൽ ചാപ്റ്ററിലെ അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“യേശുക്രിസ്തുവിന്റെ അപ്പസ്തോലൻ ഒരിക്കലും മതപരിവർത്തകനോ, പണ്ഡിതനോ, പ്രഭാഷകനോ അല്ല. മറിച്ച് ക്രിസ്തുവിന്റെ സാക്ഷിയാണ്. ക്രിസ്തുസാക്ഷികൾക്ക് പ്രാർത്ഥനയും സാഹോദര്യവും വളരെ ആവശ്യമാണ്. അതായത് ദൈവത്തോടും സഹോദരങ്ങളോടും തുറവിയുള്ളവരായിരിക്കണം അവർ” – പാപ്പാ പറഞ്ഞു. പരിശുദ്ധ കത്തോലിക്കാസഭ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ വിളിക്കപ്പെട്ടവരുടെ സമൂഹമാണെന്നും സാഹോദര്യം നിലനിർത്താൻ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം കൂടിയേ തീരുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മിഷനറിമാർ തങ്ങളുടെ സഹനങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ ദൈവത്തിന് നന്ദി പറയണം. അവർ എപ്പോഴും ദൈവപരിപാലനയിൽ ആശ്രയിക്കുന്നവരാകണമെന്നും പാപ്പാ ഈ അവസരത്തിൽ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.