
അയർലൻഡിലെ കൗണ്ടി മേയോയിലെ ഫോക്സ്ഫോർഡ് എന്ന കൊച്ചുഗ്രാമത്തിന് പറയാനുള്ളത് വ്യാവസായിക ചരിത്രത്തിലെ അതിശയകരമായ ഒരു അതിജീവനത്തെ കുറിച്ചാണ്. 130-ലധികം വർഷത്തെ പാരമ്പര്യമുള്ള ‘ഫോക്സ്ഫോർഡ് വൂളൻ മിൽ’ (FOXFORD) എന്ന പ്രശസ്തമായ ഈ കമ്പനിക്ക് പിന്നിൽ പ്രവർത്തിച്ചതും, ദാരിദ്ര്യത്തിൽ അധ്വാനത്തിന്റെ പാത കാണിച്ചു കൊടുത്തതും മദർ ആഗ്നസ് മൊറോഗ്-ബർണാർഡ് എന്ന കത്തോലിക്കാ സന്യാസിനിയായിരുന്നു.
1842-ൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച ആഗ്നസ്, പട്ടിണിയിലും ദാരിദ്ര്യത്തിലും ഉഴലുന്ന അയർലൻഡിലെ സാധാരണക്കാരുടെ ജീവിതം നേരിട്ടു കണ്ടയാളാണ്. 1863-ൽ ‘സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി’യിൽ ചേർന്ന അവർ 1890-ൽ ഫോക്സ്ഫോർഡിൽ എത്തുമ്പോൾ ഗ്രാമം മഹാക്ഷാമത്തിന്റെ ആഘാതങ്ങളിൽ നിന്ന് പൂർണ്ണമായി മുക്തമായിരുന്നില്ല.
ദാരിദ്ര്യം മാറ്റാൻ ആളുകൾക്ക് വെറുതെ പണമോ ആഹാരമോ നൽകുന്നതിനേക്കാൾ, അവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടതെന്ന് മദർ ആഗ്നസ് ഉറച്ചു വിശ്വസിച്ചു. “പ്രകാശമുള്ള വീടുകൾ, മികച്ച ജോലി, വലിയ സന്തോഷം” എന്നതായിരുന്നു അവരുടെ കാഴ്ചപ്പാട്. ഗ്രാമത്തിലൂടെ ഒഴുകുന്ന മോയ് (River Moy) നദിയും പ്രദേശത്തെ ആടുകളിൽ നിന്ന് ലഭിക്കുന്ന ധാരാളം കമ്പിളിയും ഉപയോഗിച്ച് ഒരു ടെക്സ്റ്റൈൽ മിൽ തുടങ്ങാൻ അവർ തീരുമാനിച്ചു. ഇതിനായി അവർ ജോൺ ചാൾസ് സ്മിത്ത് എന്ന കമ്പിളി മിൽ ഉടമയുടെ സഹായം തേടി.
മതപരമായ ഭിന്നതകൾ രൂക്ഷമായിരുന്ന കാലത്ത്, കത്തോലിക്കാ സന്യാസിനിയായ മദർ ആഗ്നസും ഒരു പ്രൊട്ടസ്റ്റന്റ്/ഫ്രീമേസൺ വിശ്വാസിയായ സ്മിത്തും കൈകോർത്തത് ചരിത്രത്തിലെ അപൂർവമായൊരു കൂട്ടുകെട്ടായി മാറി. 1892-ൽ ‘പ്രൊവിഡൻസ് വൂളൻ മിൽ’ പ്രവർത്തനം ആരംഭിച്ചു. നൂറുകണക്കിന് പ്രദേശവാസികൾക്കും സ്ത്രീകൾക്കും അവിടെ നെയ്ത്തിലും വസ്ത്രനിർമ്മാണത്തിലും പരിശീലനവും സ്ഥിരജോലിയും ലഭിച്ചു. ചെറിയ ചുറ്റുപാടിൽ ആരംഭിച്ച ആ മിൽ ദേശീയ തലത്തിൽ പോലും ശ്രദ്ധയാകർഷിക്കുന്ന ഒരു ബ്രാൻഡ് ആയി പെട്ടന്ന് തന്നെ വളർന്നു. 1932-ൽ മദർ ആഗ്നസ് അന്തരിച്ചെങ്കിലും മിൽ വിജയകരമായി മുന്നോട്ടുപോയി. എന്നാൽ 1970-കളിലും 80-കളിലും സിന്തറ്റിക് തുണിത്തരങ്ങളുടെ കടന്നുവരവും ഉപഭോക്തൃ സംസ്കാരത്തിലെ മാറ്റങ്ങളും മില്ലിനെ പ്രതിസന്ധിയിലാക്കി. 1987-ൽ കമ്പനി പൂട്ടിപ്പോകുന്ന ഘട്ടത്തിലെത്തി.
എന്നാൽ, ജോ ക്വീനൻ എന്ന പ്രാദേശിക അക്കൗണ്ടന്റും ഏതാനും നിക്ഷേപകരും ചേർന്ന് മില്ലിനെ ഏറ്റെടുത്ത് പുതിയൊരു മാറ്റത്തിന് തുടക്കമിട്ടു. പരമ്പരാഗത ഉൽപ്പന്നങ്ങൾക്ക് പകരം ആധുനിക രീതിയിലുള്ള ലക്ഷ്വറി ഡിസൈനർ വസ്ത്രങ്ങളും ഹോം ഡെക്കറേഷൻ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന ഐറിഷ് ഡിസൈൻ ബ്രാൻഡായി ഫോക്സ്ഫോർഡ് മാറി. ഇന്ന് പ്രീമിയം ബ്രാൻഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു ഫാക്ടറി എന്നതിലുപരി, വർഷം തോറും 1,30,000-ത്തിലധികം വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന കൗണ്ടി മേയോയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഫോക്സ്ഫോർഡ്.
ദാരിദ്ര്യത്തെ നിഷ്ക്രിയമായി നോക്കിനിൽക്കാതെ ഒരു ജനതയ്ക്ക് അധ്വാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ മദർ ആഗ്നസിന്റെ നിശ്ചയദാർഢ്യം തന്നെയാണ്, നൂറ്റാണ്ടുകൾക്കിപ്പുറവും നെയ്ത്തുതറികളുടെ ശബ്ദമായി അവിടെ മുഴങ്ങുന്നത്.




