
കത്തോലിക്കാ സഭ ആഗസ്റ്റ് 27-ാം തീയതി വി. മോനിക്കായുടെ തിരുനാൾ ആഘോഷിക്കുന്നു. സ്ഥിരതയോടെ പ്രാർഥിക്കുന്നതിന് ഉത്തമോദാഹരണമാണ് മഹാനായ വി. അഗസ്തീനോസിന്റെ അമ്മയായ വി. മോനിക്ക. വി. മോനിക്കായെക്കുറിച്ചുള്ള ചില വസ്തുതകൾ നമുക്കു പരിചയപ്പെടാം.
1. മൂന്നു മക്കളുടെ അമ്മ
വി. മോനിക്കയ്ക്ക് മൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. നാവിഗിയൂസ്, പെർപേത്വാ, അഗസ്റ്റിൻ. അഗസ്റ്റിനൊഴികെ മറ്റു രണ്ടുപേരും നേരത്തെ മാമ്മോദീസാ സ്വീകരിച്ചിരുന്നു.
2. വെള്ളം മാത്രം കുടിച്ചു ജീവിച്ചവൾ
ബാലികയായിരുന്നപ്പോൾ കുട്ടികൾക്കു വിലക്കപ്പെട്ടിരുന്ന വീഞ്ഞ് കുടിച്ചതിന് വേലക്കാരി മോനിക്കയെ ശാസിച്ചു. അന്നുമുതൽ വെള്ളമല്ലാതെ മറ്റൊന്നും കുടിക്കുകയില്ലെന്ന് മോനിക്ക ശപഥം ചെയ്തു.
3. വി. മോനിക്കായുടെ മാതൃകമൂലം ഭർത്താവും ഭർത്താവിന്റെ അമ്മയും മാനസാന്തരപ്പെട്ടു
നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രൈസ്തവ വിശുദ്ധയായിരുന്നു മോനിക്ക. എങ്കിലും പട്രീഷിയസ് എന്ന വിജാതിയനെയാണ് മാതാപിതാക്കൾ അവൾക്കു ഭർത്താവായി നൽകിയത്. വിജാതിയരായ പട്രീഷിയസും അമ്മയും ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുന്നത് വി. മോനിക്കായുടെ ജീവിതമാതൃകയും ക്ഷമയും ദയയും തിരിച്ചറിഞ്ഞാണ്.
4. വി. അഗസ്റ്റിന്റെ മാനസാന്തരത്തിനായി 17 വർഷം പ്രാർഥിച്ചു
സ്ഥിരതയോടെ പ്രാർഥിക്കുന്നതിന് ഉത്തമോദാഹരണമായ വി. മോനിക്ക, മകനായ അഗസ്തീനോസിന്റെ മാനസാന്തരത്തിനായി 17 വർഷമാണ് കണ്ണീരോടെ പ്രാർഥിച്ചത്. പലതവണ അമ്മുടെ ആവശ്യം അഗസ്റ്റിൻ നിഷേധിച്ചെങ്കിലും മകനെ സ്നേഹിക്കുന്നതിനും അവനുവേണ്ടി പ്രാർഥിക്കുന്നതിലും ആ അമ്മ ഒരിക്കലും വൈമന്യസം കാണിച്ചിരുന്നില്ല. മകന്റെ മാനസാന്തരത്തിനായി പലപ്പോഴും വി. കുർബാനമാത്രം ഭക്ഷിച്ച് മോനിക്ക ഉപവാസമനുഷ്ഠിച്ചിരുന്നു.
5. വിടാതെ പിന്തുടർന്ന അമ്മ
അഗസ്റ്റിൻ കാർത്തേജിൽ പഠിക്കുന്ന സമയത്ത് മനിക്കേയൻ പഠനങ്ങളിൽ ആകൃഷ്ടനായി, പിന്നീട് റോമിലേക്കു പോയപ്പോൾ അഗസ്റ്റിനെ തേടി മോനിക്ക റോമിലെത്തി. അഗസ്റ്റിൻ റോമിൽനിന്ന് മിലാനിലെത്തിയപ്പോൾ മകനെ അസന്മാമാർഗികതയിൽനിന്നു പിന്തിരിപ്പിക്കാൻ അവിടെയും മോനിക്ക എത്തി.
6. ‘കുമ്പസാരം’ ഒരു അമ്മസ്നേഹത്തിന്റെ കൃതി
ലോക ക്ലാസിക്കലുകളിലൊന്നായ വി. അഗസ്റ്റിന്റെ ‘കുമ്പസാര’ത്തിനു നിദാനം അഗസ്റ്റിന്റെ അമ്മയോടുള്ള സ്നേഹമാണ്. എ. ഡി. 387-ൽ വി. മോനിക്ക മരിച്ചു. അമ്മയുടെ വേർപാടിലുള്ള ഒരു മകന്റെ വേദനയാണ് ഇത് എഴുതാൻ അഗസ്റ്റിനെ പ്രേരിപ്പിച്ച മുഖ്യഘടകം.
7. 40-ാം വയസ്സിൽ വിധവ
എ. ഡി. 371-ൽ 40-ാം വയസ്സിൽ മോനിക്ക വിധവയായി. ദരിദ്രരെയും അനാഥരെയും ശുശ്രൂഷിച്ചും മകനുവേണ്ടി പ്രാർഥിച്ചുമാണ് ശിഷ്ടകാലം അവൾ ചെലവഴിച്ചത്.
8. നിരുത്സാഹപ്പെട്ട അവസ്ഥകളുണ്ടായങ്കിലും മോനിക്ക ഉപേക്ഷ കാണിച്ചില്ല
മകന്റെ പാപങ്ങളോർത്ത് മോനിക്ക വളരെ വേദനിച്ചിരുന്നെങ്കിലും അവൻ മാനസാന്തരപ്പെടുമെന്ന് ദൈവത്തിൽനിന്ന് അവൾക്ക് ഉറപ്പുലഭിച്ചിരുന്നു. മകനെയോർത്തു വിലപിച്ച ഒരു രാത്രിയിൽ മോനിക്കയ്ക്ക് ഒരു സ്വപ്നമുണ്ടായി. അവളുടെ മുറിയിലുണ്ടായിരുന്ന ഒരു തിരുസ്വരൂപം അവളോടു പറഞ്ഞു: “നിന്റെ മകനെ സഹായിക്കാൻ ഞാൻ കൂടെയുണ്ട്.” അതേപ്പറ്റി വി. അഗസ്റ്റിൻ തന്റെ ആത്മകഥയായ ‘കുമ്പസാര’ത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “എന്റെ ആത്മാവിന്റെ വിധിയോർത്താണ് അമ്മ അന്നു വിലപിച്ചത്. തിരുസ്വരൂപം, അവളോടു സമാധാനമായിരിക്കാാനും അവൾ ആയിരിക്കുന്നിടത്തു എന്നെയും കാണുമെന്നും ഉറപ്പുനൽകി.” മറ്റൊരിക്കൽ, ഇത്രയും കണ്ണീരിന്റെ ഈ പുത്രൻ ഒരിക്കലും നശിച്ചുപോവുകയില്ലെന്ന് സ്ഥലത്തെ മെത്രാൻ അവളോടു പറഞ്ഞു.
9. ജീവിതത്തിന്റെ ലക്ഷ്യം അവൾ അറിഞ്ഞിരുന്നു
വി. മോനിക്ക നീണ്ട വർഷങ്ങൾ അവളുടെ മകനുവേണ്ടി കരയുകയും പ്രാർഥിക്കുകയും പരിഹാരപ്രവർത്തികൾ അനുഷ്ഠിക്കുകയും ചെയ്തു. മകൻ കത്തോലിക്കാ സഭയിലേക്കു മാനസാന്തരപ്പെടണമെന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ജീവിതാഭിലാഷം. ഒരിക്കൽ അത് സംഭവിച്ചു. മരണക്കിടക്കയിൽ വി. മോനിക്ക അഗസ്റ്റിനോടു പറഞ്ഞു: “എന്റെ മകനേ, എന്നെക്കുറിച്ചു പറയുകയാണങ്കിൽ ഈ ഭൂമിയിലുള്ള ഒരു കാര്യങ്ങളും എന്നെ സന്തോഷിപ്പിക്കുന്നില്ല. എന്റെ ജീവിതനിയോഗം പൂർത്തിയാക്കിയിരിക്കുന്നു. മറ്റൊന്നും എനിക്ക് ആഗ്രഹിക്കാനില്ല.”
10. ഭാര്യമാർ, അമ്മമാർ, മാനസാന്തരങ്ങൾ, മദ്യത്തിന്റെയും പീഡനത്തിനത്തിന്റെയും ഇരകൾ: ഇവരുടെ മധ്യസ്ഥയായ വി. മോനിക്ക
മാനസാന്തരത്തിന്റെ ആവശ്യമുള്ളപ്പോഴും സഭാവിരോധികൾ സഭയെ ആക്രമിക്കുമ്പോഴും വി. മോനിക്കയുടെ വിശ്വാസവും പ്രത്യശയും നമുക്കു വലിയ മാതൃകയാണ്.
11. മറ്റുചില വസ്തുതകൾ
56-ാം വയസ്സിലാണ് വി. മോനിക്ക മരിക്കുന്നത്. മോനിക്കയുടെ തിരുശേഷിപ്പുകൾ റോമിലെ Piazza Navona യിലെ വി. ആഗസ്റ്റിന്റെ ദൈവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ മോനിക്കാ നഗരം വി. മോനിക്കയോടുള്ള ബഹുമാനസൂചകമായാണ്.
ഫാ. ജെയ്സൺ കുന്നേൽ MCBS




