ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ആഗസ്റ്റ് 27

എത്യോപ്യയുടെ ചക്രവർത്തിയായിരുന്ന ഹെയ്ലി സെലാസി അന്തരിച്ചത് 1975 ആഗസ്റ്റ് 27 നായിരുന്നു. മൂവായിരം വർഷങ്ങൾ നീണ്ട എത്യോപ്യൻ ഏകാധിപത്യ ഭരണത്തിലെ അവസാനത്തെ ഏകാധിപതിയായിരുന്നു സെലാസി. അരനൂറ്റാണ്ട് നീണ്ട സെലാസിയുടെ ഭരണം 1975 സെപ്റ്റംബറിൽ നടന്ന പട്ടാള അട്ടിമറിയോടെയാണ് അവസാനിച്ചത്. സെലാസി തന്നെ രാജ്യത്തു നടപ്പിലാക്കിയ സൈനിക-വിദ്യാഭ്യാസ പരിഷ്കാരങ്ങളാണ് അദ്ദേഹത്തിന്റെ പതനത്തിലേക്കു നയിച്ചത്.

അമേരിക്കൻ തീരങ്ങളിൽ നാശം വിതച്ച ഐറിൻ ചുഴലിക്കാറ്റ് അവസാനിച്ചത് 2011 ആഗസ്റ്റ് 27 നായിരുന്നു. കരീബീയൻ മേഖലയിൽ ആഗസ്റ്റ് 24 നാണ് ചുഴലിക്കാറ്റ് രൂപം കൊണ്ടത്. ബഹമാസ് പ്രദേശത്തെ തകർത്താണ് ചുഴലി ന്യൂയോർക്ക് തീരത്തെത്തിയത്. മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിലാണ് അമേരിക്കയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ കാറ്റ് വീശിയത്. കാറ്റും മഴയും പ്രളയവും ഒരുമിച്ചുണ്ടായതോടെ ഏഴു മില്യണിലധികം ഡോളറുകളുടെ നാശനഷ്ടമാണ് പ്രദേശത്തുണ്ടായത്. പ്രത്യേക പേരിലറിയപ്പെടുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ഐറിൻ.

ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര 20-20 ക്രിക്കറ്റ് മത്സരത്തിൽ ഏഴുവിക്കറ്റ് വീഴ്ത്തുന്ന താരം എന്ന റെക്കോർഡ് നെതർലൻഡ്സ് പേസർ ഫെഡറിക് ഓവർഡൈക്ക് സ്വന്തമാക്കിയത് 2021 ആഗസ്റ്റ് 27 നായിരുന്നു. ഫ്രാൻസിനെതിരെയുള്ള മത്സരത്തിലായിരുന്നു ഓവർഡൈക്കിന്റെ അവിശ്വസനീയമായ പ്രകടനം. യൂറോപ്യൻ മേഖല വനിതാ 20-20 ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് ഈ നേട്ടം. നാല് ഓവറിൽ വെറും മൂന്നു റൺസ് മാത്രം വിട്ടുനൽകിയാണ് താരം ഏഴു വിക്കറ്റുകൾ വീഴ്ത്തിയത്. അതിൽ രണ്ട് ഓവറുകൾ മെയ്ഡനായിരുന്നു. ഏഴു വിക്കറ്റുകളിൽ ആറും ക്ലീൻ ബൗൾഡും ഒരെണ്ണം എൽ ബി ഡബ്ല്യൂവുമായിരുന്നു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.