
അർജന്റീന സന്ദർശനത്തെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമിട്ട് ലെയോ പതിനാലാമൻ പാപ്പ. അർജന്റീനയിലേക്ക് വരുമോയെന്ന് ചോദിച്ച വിശ്വാസികളോട് “അർജന്റീന, ഞങ്ങൾ വരുന്നു” എന്ന് പുഞ്ചിരിയോടെ പറഞ്ഞു. പൊതു അഭിമുഖത്തിനിടയിൽ റോമിലെത്തിയ അർജന്റീനക്കാരായ വിശ്വാസികൾ തങ്ങളുടെ നാട്ടിലേക്ക് വരണമെന്ന് അഭ്യർഥിച്ചപ്പോഴാണ് മാർപാപ്പ വളരെ ലളിതവും ഒപ്പം പ്രതീക്ഷ നൽകുന്നതുമായ ഈ മറുപടി നൽകിയത്.
ശ്വാസകോശ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രതിവാര പൊതു കൂടിക്കാഴ്ചയിൽ പങ്കെടുത്തുകൊണ്ടാണ് മാർപാപ്പ സാധാരണ നിലയിലുള്ള ഔദ്യോഗിക പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തിയത്. ശസ്ത്രക്രിയയെ തുടർന്ന് മാർപാപ്പയുടെ വിദേശ യാത്രകൾ മാറ്റിവയ്ക്കുമെന്നോ റദ്ദാക്കുമെന്നോ ഉള്ള ഊഹാപോഹങ്ങൾക്കിടയിലാണ് ഈ ആശ്വാസകരമായ പ്രതികരണം ഉണ്ടായിരിക്കുന്നത്.
നവംബർ 6 മുതൽ 17 വരെ ഉറുഗ്ഗായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലാണ് മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും യാത്രയ്ക്ക് തടസ്സങ്ങളൊന്നുമില്ലെന്നും മെഡിക്കൽ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.



