
നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് ക്രൈസ്തവ വിശ്വാസം പങ്കുവച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒരു ക്രൈസ്തവ വനിതയ്ക്ക് 14 വർഷം തടവുശിക്ഷ വിധിച്ചു. ബോർണോ സംസ്ഥാനത്തെ ഗ്വോസ പ്രദേശത്തുനിന്നുള്ള ലിയാതു സാമുവൽ ദാവ എന്ന സ്ത്രീക്ക്, ബോർണോ സ്റ്റേറ്റ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ബി. കുമ്ദിലയാണ് സ്റ്റേറ്റ് പീനൽ കോഡിലെ സെക്ഷൻ 210 പ്രകാരം ശിക്ഷ വിധിച്ചത്.
ഇസ്ലാമിക വിശ്വാസിയായ ഒരു സ്ത്രീയുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മതം മാറ്റത്തെ തുടർന്നാണ് ലിയാതു ശിക്ഷിക്കപ്പെടുന്നത്. എന്നാൽ താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ക്രിസ്തുമതം തിരഞ്ഞെടുത്തതെന്നും ആരും തന്നെ നിർബന്ധിച്ച് മതം മാറ്റിയതല്ലെന്നും കേസിന്റെ കേന്ദ്രബിന്ദുവായ സ്ത്രീ കോടതിയിൽ സാക്ഷി പറഞ്ഞു. താൻ ആ സ്ത്രീയോട് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും ലിയാതു കോടതിയിൽ അഭ്യർഥിച്ചിരുന്നു. എന്നാൽ കോടതി ഈ കാര്യങ്ങൾ ഒന്നും പരിഗണനയിൽ എടുത്തില്ല.
ലിയാതു സാമുവൽ ദാവയുടെ തടവിനെ തുടർന്ന് ഇവരുടെ കുടുംബത്തിന് നേരെയും വധഭീഷണിയുമായി തീവ്രവാദികൾ എത്തിയിരുന്നു. ദാവയുടെ ഭർത്താവും സുവിശേഷകനുമായ അമോസ് സുലൈമാൻ, തന്റെ ജീവന് ഭീഷണിയുള്ളതിനാൽ ഒളിവിൽ പോകാൻ നിർബന്ധിതനായതായി വ്യക്തമാക്കി. മാസങ്ങളോളം തടവിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങിയത്.
“ഞാൻ ഒളിവിലാണ്; എന്റെ ജീവന് ഭീഷണിയുണ്ട്,” സുലൈമാൻ പറഞ്ഞു. തന്റെ ഭാര്യയുടെ തടവുശിക്ഷയെക്കുറിച്ചും അവളെ സുരക്ഷിതമായി ചെന്നു കാണാൻ സാധിക്കാത്തതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. ബോക്കോ ഹറാമും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയും ചേർന്ന് പ്രദേശത്തെ സാധാരണക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സമൂഹങ്ങളുടെയും നേരെ ആക്രമണങ്ങൾ നടത്തിവരുന്ന ബോർണോയിലെ വർഷങ്ങളായുള്ള അതിക്രമങ്ങൾക്കും പലായനങ്ങൾക്കും ഇടയിലാണ് ഈ ദമ്പതികൾ അപകടകരമായ സാഹചര്യത്തിൽ കഴിയുന്നത് എന്നതും ശ്രദ്ധേയമാണ്.




