പെറുവിൽ പുതിയ ആസ്ഥാനം തുറക്കാൻ ഒരുങ്ങി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് സംഘടന

ഏപ്രിൽ 20-ന് പെറുവിൽ ഒരു പുതിയ ആസ്ഥാനം തുറക്കുമെന്ന് വെളിപ്പെടുത്തി പൊന്തിഫിക്കൽ ഫൗണ്ടേഷൻ ആയ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN). വിവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന പ്രാദേശിക സഭയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഘന അതിന്റെ ഓഫീസ് പെറുവിൽ സ്ഥാപിക്കുവാൻ ഒരുങ്ങുന്നത്.

ഏപ്രിൽ 20-ന്, ലിമയിലെ സാൻ ഇസിഡ്രോ ഡിസ്ട്രിക്റ്റിലെ ഇടവക ദൈവാലയത്തിൽ വച്ചായിരിക്കും ഓഫീസിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുക എന്ന് അധികൃതർ വെളിപ്പെടുത്തുന്നു. 132 രാജ്യങ്ങളിലെ കത്തോലിക്കാ സഭയുടെ അജപാലന, സുവിശേഷവൽക്കരണ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് സംഘടന വാർഷിക ശരാശരി 5,700 പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നു. നിലവിൽ ഈ സംഘടനയ്ക്ക് 23 രാജ്യങ്ങളിൽ ഓഫീസുകളുണ്ട്.

ഫൗണ്ടേഷനിൽ നിന്ന് പ്രതിവർഷം ഏറ്റവും കൂടുതൽ സഹായം ലഭിക്കുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളിലൊന്നാണ് പെറു. 2022-നും 2023-നും ഇടയിൽ 45 അധികാരപരിധികളിലായി 70-ലധികം പദ്ധതികൾ ഇവിടെ അംഗീകരിച്ചിരുന്നു. എയ്ഡ് ടു ദി ചർച്ച ഇൻ നീഡ് സംഘടന 1947-ലാണ് സ്ഥാപിതമായത്. ഈ സംഘടന ദൈവവചനം ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും പരിശീലനം നൽകുകയും വിശ്വസ്തരുടെ വിളിയെ ശക്തിപ്പെടുത്തുകയും അവരുടെ സുവിശേഷവത്കരണം സുഗമമാക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.