
പരിശുദ്ധാത്മാവിനെ സ്വാതന്ത്ര്യത്തിന്റെയും കൃപയുടെയും ഉറവിടമായി സ്വീകരിക്കാൻ കത്തോലിക്കരോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപ്പാപ്പ. മാർപാപ്പ എന്ന നിലയിൽ തന്റെ ആദ്യ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ പതിനായിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.
സുവിശേഷവൽക്കരണം, ‘ലോകത്തെ കീഴടക്കാനുള്ള നമ്മുടെ ശ്രമമല്ല’. മറിച്ച്, അത് ദൈവരാജ്യത്താൽ രൂപാന്തരപ്പെട്ട ജീവിതത്തിൽ നിന്ന് പ്രസരിക്കുന്ന അനന്തമായ കൃപയാണ്. അത് അനുഗ്രഹങ്ങളുടെ വഴിയാണ്. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ, ആത്മാവിൽ ദരിദ്രരായവർ, കരുണയുള്ളവർ, സൗമ്യതയുള്ളവർ, ഹൃദയശുദ്ധിയുള്ളവർ, സമാധാനം സ്ഥാപിക്കുന്നവർ എന്നിവരൊക്കെ ഒരുമിച്ച് സഞ്ചരിക്കേണ്ട പാതയാണ് സുവിശേഷവൽക്കരണം എന്ന് പാപ്പ ഓർമ്മിപ്പിച്ചു.
ജൂൺ ഏഴിന് വത്തിക്കാനിൽ സഭാ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പുതിയ സമൂഹങ്ങളുടെയും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന ജാഗരണ പ്രാർഥനയിൽ ഏകദേശം 70,000 പേർ പങ്കെടുത്തു.




