
ജീവിതം എന്നത് ഒരിക്കലും അവസാനിക്കാത്ത ചില യാത്രകളുടെ ഒരു പരമ്പരയാണ്. ഓരോ മനുഷ്യനും തന്റേതായ നിയോഗങ്ങളുമായി, ഏതെങ്കിലുമൊരു വഴിയിലൂടെ കടന്നുപോകുന്നവരാണ്. പ്രിയപ്പെട്ടവരുടെ വേർപാടുകളും നഷ്ടപ്പെട്ടുപോയ കാലത്തിന്റെ നൊമ്പരങ്ങളും പേറി നാം ഓരോരുത്തരും ഏകാന്തതയുടെ വലിയൊരു യാത്രാപഥത്തിലാണ്. ഗിലീസ് മക്കിന്നെൻ സംവിധാനം ചെയ്ത്, തിമോത്തി സ്പാൽ മുഖ്യവേഷത്തിൽ അഭിനയിച്ച ‘ദി ലാസ്റ്റ് ബസ്’ (The Last Bus) എന്ന ഹൃദ്യമായ ചലച്ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നതും മറ്റൊന്നല്ല. ജീവിതത്തിന്റെ സായാഹ്നത്തിൽ നിൽക്കുന്ന ഒരു വൃദ്ധന്റെ ദൃഢനിശ്ചയത്തിന്റെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഈ ചിത്രം, ആത്മീയമായ ഒട്ടനവധി ചിന്തകളാണ് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ അവശേഷിപ്പിക്കുന്നത്.
ഈ സിനിമയുടെ കേന്ദ്രബിന്ദു ടോം എന്ന വൃദ്ധനാണ്. തന്റെ പ്രിയ ഭാര്യ മേരിയുടെ വേർപാടിനു ശേഷം, അവളുടെ ചിതാഭസ്മവുമായി സ്കോട്ട്ലൻഡിന്റെ ഏറ്റവും അറ്റത്തുള്ള ജോൺ ഒ’ഗ്രോട്ട്സിൽ നിന്ന് ഇംഗ്ലണ്ടിന്റെ തെക്കേ അറ്റത്തുള്ള ലാൻഡ്സ് എൻഡിലേക്ക് ലോക്കൽ ബസുകളില്‍ മാത്രം സഞ്ചരിച്ച് അദ്ദേഹം നടത്തുന്ന വലിയൊരു യാത്രയാണിത്. വർഷങ്ങൾക്കു മുമ്പ് (1952 ൽ) തങ്ങളുടെ ജീവിതത്തിലുണ്ടായ ഒരു വലിയ ദുരന്തത്തിൽ നിന്ന് രക്ഷപെടാൻ ഇതേ ലാൻഡ്സ് എൻഡിൽ നിന്ന് വടക്കോട്ട് പലായനം ചെയ്തവരാണ് അവർ. അവരുടെ കുട്ടിയുടെ മരണമാണ് ആ വലിയ ദുരന്തം. ആ ഓർമ്മകളുടെ ബാക്കിപത്രമെന്നോണം, മേരിയുടെ ചിതാഭസ്മം അടങ്ങിയ ചെറിയൊരു പെട്ടിയുമായി, തന്റെ ഫ്രീ ബസ് പാസ് മാത്രം ഉപയോഗിച്ച് ആ ദീർഘയാത്ര തിരിക്കാൻ ടോം തീരുമാനിക്കുന്നു. ആ തിരിച്ചുപോക്ക് കേവലമൊരു യാത്ര മാത്രമല്ല, മറിച്ച് സ്നേഹത്തിന്റെ അനശ്വരതയെ തേടിയുള്ള ആത്മാവിന്റെ ഒരു സഞ്ചാരമാണ്.
ഏകദേശം എണ്ണൂറിലധികം മൈലുകൾ നീളുന്ന ഈ യാത്രാമധ്യേ, ആധുനിക ബ്രിട്ടീഷ് സമൂഹത്തിന്റെ വിവിധ മുഖങ്ങളായ ഒട്ടനവധി മനുഷ്യരെ ടോം കണ്ടുമുട്ടുന്നുണ്ട്. യാത്രയ്ക്കിടയിൽ വഴിയിൽ വച്ച് പലരുടെയും സഹായം അദ്ദേഹത്തിന് ലഭിക്കുന്നു. ചിലയിടങ്ങളിൽ ബസ് തകരാറിലാകുമ്പോൾ ഒരു പഴയ മെക്കാനിക്കിന്റെ കൈയടക്കത്തോടെ ടോം അവരെ സഹായിക്കുന്നു. മറ്റു ചില സന്ദർഭങ്ങളിൽ, ബസിൽ വച്ച് ദുഃഖിതയായ ഒരു യുവതിയെ നിശ്ശബ്ദമായി ആശ്വസിപ്പിക്കുന്നു. എന്നാൽ ഇതിനിടയിൽ, ചില മോശം അനുഭവങ്ങളും സ്വാർഥമുഖങ്ങളും അദ്ദേഹത്തിന് നേരിടേണ്ടിവരുന്നുണ്ട്. പ്രായത്തിന്റെ അവശതകളും ശാരീരിക ബുദ്ധിമുട്ടുകളും കാൻസർ ബാധിതമായ ആ ശരീരത്തെ വേദനിപ്പിക്കുമ്പോഴും തന്റെ ദൗത്യത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം തയ്യാറാകുന്നില്ല. ടോം അറിയാതെ തന്നെ, അദ്ദേഹത്തിന്റെ ഈ ഒറ്റപ്പെട്ടതും എന്നാൽ സാഹസികവുമായ യാത്രയുടെ ഫോട്ടോ ചിലര്‍ എടുക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നു.
നീണ്ട യാത്രാക്ലേശങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ, ടോം താന്റെ ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നു. അതിനു മുന്‍പ് അദ്ദേഹം തന്റെ മകളെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയില്‍ പോകുന്നുണ്ട്. ആ കല്ലറയ്ക്കു മുന്‍പില്‍ തങ്ങളുടെ കുടുംബഫോട്ടോ വച്ച് അദ്ദേഹം വിതുമ്പുന്നു. അതിനു ശേഷം തെക്കേ അറ്റത്തെ സമുദ്രതീരമായ ലാൻഡ്സ് എൻഡിൽ എത്തിച്ചേരുന്നു. യാത്രയിലുടനീളം സമൂഹം നൽകിയ പിന്തുണയുടെയും സ്നേഹത്തിന്റെയും തുടർച്ചയെന്നോണം, ഒടുവിൽ അദ്ദേഹത്തിന്റെ വരവറിഞ്ഞ് മാധ്യമങ്ങളും പ്രാദേശികജനങ്ങളും ആ തീരത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. താൻ ജീവനു തുല്യം സ്നേഹിച്ച മേരിയോട് താൻ നൽകിയ വാക്ക് പാലിച്ചുകൊണ്ട്, അവളുടെ ചിതാഭസ്മം ആ മണ്ണിലും കടലിലും വിതറാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ഇത് കാണുമ്പോള്‍ സ്നേഹം എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുന്നു എന്ന് നമുക്കും ബോധ്യമാകും.
മനുഷ്യന്റെ ജീവിതം ഈ ബസ് യാത്ര പോലെയാണെന്ന് തോന്നിപ്പോകുന്നു. നമ്മൾ ഓരോരുത്തരും ഈ ഭൂമിയിൽ ഏതാനും ചില യാത്രികർ മാത്രമാണ്. പലയിടങ്ങളിൽ നിന്നും കയറുന്നവരും വഴിയിൽ വച്ച് ഇറങ്ങിപ്പോകുന്നവരും യാത്രയിൽ നമ്മെ സഹായിക്കുന്ന അപരിചിതരായ മനുഷ്യരുമെല്ലാം നമ്മുടെ ജീവിതയാത്രയുടെ ഭാഗമാണ്. തളർന്ന ശരീരവുമായി, വാർധക്യത്തിന്റെ അവശതകൾക്കിടയിലും തന്റെ ദൗത്യത്തിൽ നിന്ന് പിന്മാറാത്ത ടോം, ലക്ഷ്യബോധമുള്ള ഒരു മനുഷ്യന്റെ ഇച്ഛാശക്തിയുടെ പ്രതീകമായി മാറുന്നു.
പ്രണയം എന്നത് മരണത്തിനപ്പുറത്തേക്ക് ജീവിക്കുന്ന ഒന്നാണെന്ന് ടോമും മേരിയും തെളിയിക്കുന്നു. മരണത്തിന് യഥാര്‍ഥ സ്നേഹത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല. അത് അനശ്വരമാണ്.
നമ്മുടെ ജീവിതത്തിലും എത്രയോ നഷ്ടങ്ങളും വേദനകളും ഉണ്ടായിട്ടുണ്ടാകും. ചില വേർപാടുകൾ നമ്മെ തകർത്തുകളഞ്ഞേക്കാം. എന്നാൽ, ആ വേദനകളിൽ തളർന്നിരിക്കാതെ, നമ്മുടെ ഉള്ളിലുള്ള നല്ല ഓർമ്മകളുടെ വെളിച്ചത്തിൽ മുന്നോട്ടു നടക്കാൻ ഈ ചലച്ചിത്രം നമ്മെ പ്രേരിപ്പിക്കുന്നു. പ്രത്യാശയുടെയും കാരുണ്യത്തിന്റെയും അവസാനത്തെ ബസും കാത്ത് നിൽക്കുന്നവരാണ് നമ്മളോരോരുത്തരും. ആ യാത്രയുടെ അവസാനം സ്നേഹത്തിന്റെ ശാന്തിയും സാഫല്യവും കണ്ടെത്താൻ നമുക്ക് സാധിക്കട്ടെ.
‘ദി ലാസ്റ്റ് ബസ്’ നൽകുന്ന സന്ദേശം ലളിതമാണ് – സ്നേഹവും ഓർമ്മകളും ഒരിക്കലും മരിക്കുന്നില്ല. അവ നമ്മെ എപ്പോഴും മുന്നോട്ട് നയിച്ചുകൊണ്ടിരിക്കും. ജീവിതമെന്ന ഈ വലിയ യാത്രയിൽ, നമ്മളും സ്നേഹത്തിന്റെ ഏതാനും ഓര്‍മ്മകള്‍ ബാക്കിവച്ച് കടന്നുപോകേണ്ടവരാണ് എന്ന തിരിച്ചറിവ് കൂടുതല്‍ നന്നായി ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS




