
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ശരീരത്തിന്റെ ആരോഗ്യത്തിന് നമ്മൾ ശ്രദ്ധ നൽകാറുണ്ട്. എന്നാൽ, ‘എന്റെ മനസ്സിന് എങ്ങനെയുണ്ട്?’ എന്ന് സ്വയം ചോദിക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകും. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിന് മനസ്സിന്റെ ആരോഗ്യവും പ്രധാനമാണ്. ദിവസേനയുള്ള ജീവിതത്തിൽ ചില ചെറിയ നല്ല ശീലങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ മനസ്സിന് കൂടുതൽ സന്തോഷവും ഉന്മേഷവും നൽകാനാകും.
1. സ്നേഹബന്ധങ്ങൾ ഊഷ്മളമാക്കാം
നമ്മെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരോടൊപ്പം സമയം ചെലവഴിക്കുന്നത് മനസ്സിന് വലിയ ആശ്വാസം നൽകും. കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുക, ഏറെ നാളായി കാണാത്ത ഒരു സുഹൃത്തിനെ വിളിക്കുക, വിഷമിച്ചിരിക്കുന്ന ഒരാളോട് സംസാരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ബന്ധങ്ങൾക്ക് കൂടുതൽ അടുപ്പം നൽകാൻ കഴിയും. തിരക്കുകൾക്കിടയിലും പ്രിയപ്പെട്ടവർക്കായി കുറച്ച് സമയം മാറ്റിവയ്ക്കാം.
2. ശരീരത്തിന് ഉണർവ് നൽകാം
ശരീരം സജീവമായിരിക്കുമ്പോൾ അതിന്റെ ഗുണം മനസ്സിനും ലഭിക്കും. ദിവസവും കുറച്ച് സമയം നടക്കുകയോ, ഇഷ്ടമുള്ള വ്യായാമത്തിൽ ഏർപ്പെടുകയോ ചെയ്യാം. മണിക്കൂറുകളോളം വ്യായാമം ചെയ്യേണ്ടതില്ല. നമുക്ക് സന്തോഷത്തോടെ ചെയ്യാൻ കഴിയുന്ന ഒരു ചെറിയ ശീലം ജീവിതത്തിന്റെ ഭാഗമാക്കുന്നതാണ് പ്രധാനം.
3. പുതിയ കഴിവുകൾ സ്വന്തമാക്കാം
പുതിയ കാര്യങ്ങൾ പഠിക്കുന്നത് ജീവിതത്തിലേക്ക് പുതുമ കൊണ്ടുവരാൻ സഹായിക്കും. പുതിയൊരു വിഭവം പാചകം ചെയ്യാൻ പഠിക്കാം, പുസ്തകം വായിക്കാം, ഒരു ഹോബി തുടങ്ങാം, അല്ലെങ്കിൽ പുതിയൊരു കഴിവ് പരിശീലിക്കാം. ഓരോ ചെറിയ പഠനവും നമ്മിൽ ആത്മവിശ്വാസം വളർത്തും. പഠിക്കാൻ പ്രായപരിധിയില്ല; ഓരോ ദിവസവും പുതിയതൊന്ന് പഠിക്കാനുള്ള അവസരമാണെന്ന് ഓർക്കുക.
4. നന്മകൾ പങ്കുവയ്ക്കാം
മറ്റൊരാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കാൻ കഴിഞ്ഞാൽ അതും നമ്മുടെ മനസ്സിന് സന്തോഷം നൽകും. ഒരാളോട് നന്ദി പറയുക, സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാകുക, വിഷമത്തിലായിരിക്കുന്ന ഒരാളുടെ വാക്കുകൾ ശ്രദ്ധിച്ച് കേൾക്കുക… ഇത്തരം ചെറിയ നന്മകൾക്ക് വലിയ വിലയുണ്ട്. മറ്റുള്ളവരിലേക്ക് നാം പകരുന്ന സന്തോഷം പലപ്പോഴും നമ്മുടെ മനസ്സിലേക്കും തിരിച്ചെത്തും.
5. ഇന്നിനെ മനോഹരമാക്കാം
കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുന്നതും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നതും മനസ്സിനെ ക്ഷീണിപ്പിക്കും. അതിനു പകരം, ഇപ്പോഴുള്ള നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ചുറ്റുമുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക, സ്വന്തം ചിന്തകളും വികാരങ്ങളും മനസ്സിലാക്കുക, ദിവസത്തിൽ കുറച്ച് സമയം ശാന്തമായി ഇരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാം. അങ്ങനെ ഇന്നിനെ ആസ്വദിക്കാൻ പഠിക്കുമ്പോൾ ജീവിതവും കൂടുതൽ മനോഹരമാകും.
മനസ്സിന്റെ സന്തോഷം വലിയ നേട്ടങ്ങളിൽ മാത്രം ഒളിഞ്ഞിരിക്കുന്നതല്ല. പ്രിയപ്പെട്ടവരോടൊപ്പമുള്ള കുറച്ചു സമയം, ചെറിയൊരു വ്യായാമം, പുതിയതൊന്ന് പഠിക്കുന്ന സന്തോഷം, മറ്റൊരാൾക്ക് ചെയ്യുന്ന ഒരു നന്മ, ശാന്തമായി ആസ്വദിക്കുന്ന ഒരു നിമിഷം – ഇവയെല്ലാം ജീവിതത്തിന് കൂടുതൽ നിറം നൽകും. അതോടൊപ്പം മനസ്സിനും ദിവസവും കുറച്ച് കരുതൽ നൽകാം. ചെറിയ നല്ല ശീലങ്ങൾ ചേർന്നാണ് സന്തോഷം നിറഞ്ഞൊരു ജീവിതം രൂപപ്പെടുന്നതെന്ന് മറക്കാതിരിക്കാം.
വിവർത്തനം: ഡിൻസി തോമസ്




