
സമയം അത്രമേൽ സാവധാനം കടന്നുപോകുന്ന ഒരിടം! ജർമ്മനിയിലെ സാക്‌സണി-അൻഹാൾട്ടിലുള്ള ‘സെന്റ് ബുർക്കാർഡി’ (St. Burchardi) എന്ന പുരാതന ദൈവാലയത്തിലേക്ക് പ്രവേശിക്കുന്ന ഏതൊരാളെയും കാത്തിരിക്കുന്നത് ഇത്തരത്തിലുള്ള തികച്ചും അപൂർവമായ ഒരു അനുഭവമാണ്. അവിടെ മനുഷ്യായുസ്സിന്റെ അതിരുകൾക്കുമപ്പുറത്തേക്ക്, വരുംതലമുറകൾക്കായി ഒരു സംഗീതക്കച്ചേരി തുടർന്നു കൊണ്ടിരിക്കുകയാണ്. വിഖ്യാത അമേരിക്കൻ സംഗീതജ്ഞനായ ജോൺ കേജിന്റെ (John Cage) ഒരു പ്രശസ്തമായ സംഗീതശകലമാണ് (Composition) ഈ ദൈവാലയത്തിലെ ഓർഗനിൽ നിരന്തരം മുഴങ്ങുന്നത്. 2001-ൽ ആരംഭിച്ച ഈ സംഗീത പ്രകടനം അവസാനിക്കുന്നത് എപ്പോഴാണെന്നോ? 2640 സെപ്റ്റംബർ നാലിന്! അതായത് കൃത്യമായി 639 വർഷങ്ങൾക്കൊടുവിൽ.
‘സാധ്യമായത്ര പതുക്കെ’ (As Slow As Possible)
അവന്റ്-ഗാർഡ് (Avant-garde) സംഗീത ശാഖയിലെ പ്രമുഖ അമേരിക്കൻ സംഗീതജ്ഞനായ ജോൺ കേജ് (John Cage), അദ്ദേഹം 1987-ൽ രചിച്ച തനിമയാർന്നൊരു സംഗീതസൃഷ്ടിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ‘ASLSP’ എന്നാൽ “As SLow aS Possible” (സാധ്യമായത്ര പതുക്കെ) എന്നാണ് അർഥം. സാധാരണയായി ഏതാനും മിനിറ്റുകൾ കൊണ്ട് വായിച്ചുതീർക്കുന്ന ഈ സംഗീതശകലം, “എത്രത്തോളം വേഗത കുറച്ച് വായിക്കാൻ സാധിക്കും?” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതിയുടെ സംഘാടകർ ഇതിനെ 639 വർഷത്തേക്ക് നീട്ടിയത്.
ഹാൽബർസ്റ്റാറ്റ് കത്തീഡ്രലിൽ ലോകത്തിലെ ആദ്യത്തെ കൂറ്റൻ ഗോഥിക് ഓർഗൻ (Gothic Organ) സ്ഥാപിക്കപ്പെട്ടത് ക്രിസ്തുവർഷം 1361-ലാണ്. ആ ചരിത്രസംഭവത്തിൽ നിന്നും ഈ സംഗീത പദ്ധതി ആരംഭിച്ച രണ്ടായിരമാണ്ടു വരെയുള്ള കാലയളവ് കൃത്യമായി 639 വർഷങ്ങളായിരുന്നു. ആ ഓർമ്മ നിലനിർത്താനാണ് കച്ചേരിയുടെ ആകെ ദൈർഘ്യം 639 വർഷമായി നിശ്ചയിച്ചത്.
ശാന്തതയിൽ അലിഞ്ഞു ചേരുന്ന സംഗീതം
ഈ പള്ളിയിൽ ചെന്നാൽ വൻ സംഗീതമേളയൊന്നും കേൾക്കാനാകില്ല. പകരം പൈപ്പിലൂടെ നിരന്തരം കാറ്റു കടത്തിവിട്ട് ഒരു പ്രത്യേക സ്വരം (Note) ദീർഘനേരം അങ്ങനെ മുഴങ്ങിക്കൊണ്ടേയിരിക്കും. ഓർഗന്റെ പെഡലുകൾ മണൽചാക്കുകൾ ഉപയോഗിച്ച് താഴ്ത്തി വച്ചിരിക്കുകയാണ്. വർഷങ്ങളോളം മാറ്റമില്ലാതെ ഒരേ സ്വരമാണ് (Note) പള്ളിയിൽ മുഴങ്ങിക്കേൾക്കുക. ഇടയ്ക്ക് വളരെ അപൂർവമായി മാത്രമാണ് സ്വരങ്ങളിൽ മാറ്റം (Chord change) വരുത്തുന്നത്. ഒരു സ്വരത്തിൽ നിന്ന് അടുത്ത സ്വരത്തിലേക്ക് (Chord change) മാറാൻ മാസങ്ങളോ, വർഷങ്ങളോ എടുത്തേക്കാം. ഈ അടുത്ത ദിവസം (2026 ഓഗസ്റ്റ് അഞ്ചിന്) നടന്ന 17-ാമത് സ്വരമാറ്റത്തിൽ ഏഴ് സ്വരങ്ങളിൽ നിന്ന് എട്ടാമതൊരു സ്വരം കൂടി ഓർഗനിലേക്ക് ചേർക്കപ്പെട്ടു. അടുത്ത സ്വരമാറ്റം നടക്കാൻ പോകുന്നത് 2027 ഒക്ടോബറിലാണ്!
ആധുനിക ലോകത്തിൽ ബഹളങ്ങളും വേഗതയും അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുമ്പോൾ ശാന്തതയിലേയ്ക്ക് മടങ്ങാനും സ്വസ്ഥമായി ദൈവത്തോട് ചേർന്നിരിക്കാനും ഉള്ള ആഹ്വാനമാണ് ഈ പദ്ധതിയിലൂടെ സംഘാടകർ ലക്‌ഷ്യം വയ്ക്കുന്നത്. ഒപ്പം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് കലയെന്നും, മനുഷ്യൻ കടന്നുപോയാലും അവന്റെ സൃഷ്ടികൾ ഇവിടെ കാലത്തെ അതിജീവിച്ച് നിലനിൽക്കുമെന്നും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.




