സാധാരണ ബാല്യം നഷ്ടപ്പെട്ട ഉക്രൈനിലെ കുട്ടികള്‍

എവ്‌ഹെന്‍ യാബുക്കോണ്‍, തന്റെ മകന്റെ ശവപ്പെട്ടിയില്‍ മൃദുവായി തലോടിക്കൊണ്ട് അവനുമായി അവസാന സംഭാഷണം നടത്തുകയാണ്. എന്നാല്‍ അത് പൂര്‍ത്തിയാക്കും മുമ്പു തന്നെ അയാള്‍ പലതവണ വാക്കുകള്‍ മുറിഞ്ഞ് പൊട്ടിക്കരയുന്നു. അയാളുടെ ഭാര്യ ഇന്നയാകട്ടെ, തന്റെ മകന്റെ ശവപ്പെട്ടിയില്‍ വച്ചിരിക്കുന്ന ഫ്രെയിം ചെയ്ത ഫോട്ടോയില്‍ തലോടുകയാണ്. ഒരു അമ്മയുടെ അവസാന പരിചരണമെന്ന നിലയില്‍…

എലിസെ റിയാബുക്കോണ്‍ എന്നായിരുന്നു റഷ്യന്‍ പട്ടാളക്കാരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ട ആ ആണ്‍കുട്ടിയുടെ പേര്. ഉക്രൈനിലെ പെരെമോഹ ഗ്രാമത്തില്‍ നിന്നുള്ള അവന് ഈ മെയ് മാസത്തില്‍ 14 വയസ് തികയുമായിരുന്നു. സത്യസന്ധനും വിനയാന്വിതനും പരോപകാരിയും യുദ്ധത്തെ വെറുക്കുന്നവനുമായിരുന്നു എലിസെ എന്ന് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നു.

യുദ്ധം ആരംഭിച്ചപ്പോള്‍ ഇന്നയും എലിസെയും അവളുടെ ഇളയ മകനും പെരെമോഹയില്‍ കുടുങ്ങി. “മാര്‍ച്ച് 11 -ന് റഷ്യക്കാര്‍ ഞങ്ങള്‍ക്ക് പോകാന്‍ അനുമതി നല്‍കി. അവര്‍ ഞങ്ങളെ യാത്രയാക്കുകയും ചെയ്തു. തുടര്‍ന്ന് ഞങ്ങള്‍ ഒരു വയല്‍ മുറിച്ചുകടക്കുമ്പോള്‍ അവര്‍ എല്ലാ ദിശകളില്‍ നിന്നും ഞങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഞങ്ങളുടെ വാഹനവ്യൂഹത്തില്‍ അഞ്ച് കാറുകള്‍ ഉണ്ടായിരുന്നു. ആരും രക്ഷപ്പെടാത്ത രീതിയില്‍ ആക്രമിക്കപ്പെട്ട രണ്ടാമത്തെ കാറിലായിരുന്നു എലിസെ. ആക്രമണശേഷം ഞാന്‍ വയലിലൂടെ ഇഴഞ്ഞ് എന്റെ മൂന്ന് വയസ്സുള്ള മകനെ അവന്റെ ജാക്കറ്റിന്റെ ഹുക്കില്‍ പിടിച്ച് വലിച്ചിഴച്ച് രക്ഷിച്ചു” – ഇന്ന പറയുന്നു. തന്റെ ഇളയമകന്‍ മാത്രമാണ് തനിക്ക് ഇനി ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള പ്രതീക്ഷയെന്നും അവര്‍ പറയുന്നു.

ഇന്ന ആ ആക്രമണത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കുകയും എലിസെയുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. “റഷ്യ നടത്തുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ലോകം അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ ഇരകളുടെയും കഥ ലോകമറിയണം. ആ മണ്ണില്‍ അവര്‍ കൊന്നൊടുക്കിയ ആളുകള്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും റഷ്യ ഉത്തരവാദിയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” -അവര്‍ പറഞ്ഞു.

വടക്കന്‍ നഗരമായ ചെര്‍നിഹിവില്‍ നിന്നുള്ള ആറു വയസുള്ള ഡാനിയല്‍ അവ്ഡിങ്കോയെയും കുടുംബത്തേയും ഏപ്രില്‍ തുടക്കത്തില്‍ അവര്‍ പ്രദേശത്തു നിന്ന് പിന്‍വാങ്ങുന്നതു വരെ റഷ്യന്‍ സൈന്യം വളയുകയും ബോംബെറിയുകയും ചെയ്തു. ഡാനിയലിനും മാതാപിതാക്കള്‍ക്കും മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റു. സ്ഫോടനം ഉണ്ടായപ്പോള്‍ എല്ലാവരും നിലത്തു വീണു. ഡാനിയലിന്റെ അമ്മയുടെ കാലില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്നത് അവന്റെ അച്ഛന്‍ ഒലെക്‌സാണ്ടര്‍ കണ്ടു. ഉടനെ പ്രഥമശുശ്രൂഷ നല്‍കിയതു കൊണ്ടുമാത്രം അവരുടെ കാല്‍ മുറിച്ചുമാറ്റേണ്ട അവസ്ഥയിലേക്കു പോയില്ല. ഡാനിയലിന്റെ ദേഹമാസകലം ഷെല്ലിന്റെ കഷണങ്ങള്‍ ഉണ്ടായിരുന്നു; രക്തസ്രാവവുമുണ്ടായിരുന്നു.

ആരൊക്കെയോ മൂവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ‘ആദ്യത്തെ നാലു ദിവസങ്ങളില്‍ ആരൊക്കെ ജീവിച്ചിരിക്കുന്നെന്നും ആരൊക്കെ മരിച്ചെന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഒടുവില്‍ കുടുംബം വീണ്ടും ഒന്നിച്ചു, ചികിത്സക്കായി പിന്നീട് ഞങ്ങളെ കീവിലേക്ക് കൊണ്ടുവന്നു” – ഒലെക്‌സാണ്ടര്‍ ഓര്‍ക്കുന്നു.

“ഡാനിയലിന്റെ തലയിലെ കഷണങ്ങള്‍ നീക്കം ചെയ്തിരുന്നു. പക്ഷേ അവന്റെ മുതുകില്‍ കുടുങ്ങിയ കഷണങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. അവ ഇപ്പോള്‍ നീക്കം ചെയ്യുന്നത് വളരെ വേദനാജനകമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ കാലില്‍ ഒന്നിലധികം മുറിവുകളും ഒടിവുകളും ഉണ്ട്. അവന് എപ്പോള്‍ നടക്കാന്‍ കഴിയുമെന്ന് വ്യക്തമല്ല. എങ്കിലും അവന്‍ സന്തോഷവാനാണ്. പക്ഷേ, മരുന്ന് കുത്തിവയ്ക്കാന്‍ നഴ്സ് വരുമ്പോള്‍ അവന്‍ കരയും” – ഒലെക്‌സാണ്ടര്‍ പറയുന്നു. ശാരീരികമായി പരിക്കേല്‍ക്കാതെ കഷ്ടിച്ച് രക്ഷപെട്ടവര്‍ പോലും മാനസികമായ ആഘാതത്തിന്റെ മുറിപ്പാടുകള്‍ വഹിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉക്രൈനിലെ കുട്ടികള്‍ ഇപ്പോള്‍ സാധാരണ ബാല്യത്തില്‍ നിന്ന് ഛേദിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ 7.8 ദശലക്ഷം കുട്ടികളില്‍ മൂന്നില്‍ രണ്ടു പേരും പലായനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുഎന്‍ കണക്കാക്കുന്നു. തെക്കും കിഴക്കും യുദ്ധം രൂക്ഷമായതിനാല്‍, ലിവിവിലും കീവിലും വീണ്ടും ഷെല്ലാക്രമണം നടക്കുന്നതിനാല്‍, ഉക്രൈനിന്റെ ഒരു ഭാഗവും ഇപ്പോഴും സുരക്ഷിതമായി കാണപ്പെടുന്നില്ല. വളരെ അപ്രതീക്ഷിതമായ രീതിയില്‍ വഴിമുട്ടിയ ജീവിതത്തിലേക്ക് ഈ രാജ്യത്തെ കുട്ടികള്‍ക്ക് എപ്പോഴാണ് തിരിച്ചുവരാന്‍ കഴിയുകയെന്ന് ഇനിയും വ്യക്തമല്ല.

കീര്‍ത്തി ജേക്കബ്

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.