സാങ്കേതിക ലോകത്ത് അദ്‌ഭുതങ്ങൾ സൃഷ്ടിക്കുന്ന ബാലുശ്ശേരിയിലെ കൗമാര പ്രതിഭ

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നിന്നുള്ള ഒൻപതാം ക്ലാസ് വിദ്യാർഥി നിവേദ് കെ. ശൈലേഷ് സാങ്കേതിക രംഗത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി മൊബൈൽ ആപ്പുകൾ നിർമ്മിച്ചും റോബോട്ടിക്സ് ക്ലാസുകൾ എടുത്തും ഈ മിടുക്കൻ നാടിന്റെ അഭിമാനമായി മാറിയിരിക്കുന്നു. സാങ്കേതിക ലോകത്ത് വലിയ മുന്നേറ്റങ്ങൾ ലക്ഷ്യമിടുന്ന ഈ കൗമാരക്കാരന്റെ വിശേഷങ്ങൾ ഏറെ ശ്രദ്ധേയമാണ്.

കോവിഡ് കാലത്തെ അടച്ചുപൂട്ടൽ വേളയിലാണ് നാലാം ക്ലാസ് വിദ്യാർഥിയായിരുന്ന നിവേദ്, കോർഡിംഗ് പഠിച്ചുതുടങ്ങിയത്. അതിൽ നിന്ന് പടിപടിയായി വളർന്ന അവൻ, പ്ലേ സ്റ്റോറിൽ ലഭ്യമായ രീതിയിൽ രണ്ട് ആൻഡ്രോയിഡ് ആപ്പുകൾ ഇതിനോടകം വികസിപ്പിച്ചെടുത്തു. സ്വന്തമായി ആപ്പുകൾ നിർമ്മിച്ചതിന് പുറമെ, യൂട്യൂബ് വഴി വീഡിയോ എഡിറ്റിംഗും മറ്റ് സാങ്കേതിക വിദ്യകളും അവൻ സ്വയം പഠിച്ചെടുത്തു. ഇപ്പോൾ ‘ജീവിതമാണ് ലഹരി’ എന്ന പേരിൽ സ്വന്തമായി ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുന്നതിന്റെ തിരക്കിലാണ് ഈ മിടുക്കൻ.

സ്വന്തമായി നേടിയെടുത്ത അറിവുകൾ മറ്റ് കുട്ടികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ‘യുകെ ടെക്കേഴ്സ്’ (UK Techers) എന്ന പേരിൽ റോബോട്ടിക്സ് അക്കാദമിയും നിവേദ് നടത്തിവരുന്നുണ്ട്. പ്രായപരിധികളില്ലാതെ കുട്ടികൾക്ക് റോബോട്ടിക്സും കോർഡിംഗും പകർന്നു നൽകാനാണ് ഈ സ്ഥാപനത്തിലൂടെ അവൻ ശ്രമിക്കുന്നത്. ഭാവിയിൽ തന്റെ സംരംഭം കൂടുതൽ വിപുലപ്പെടുത്താനും സാങ്കേതിക രംഗത്ത് കുട്ടികൾക്ക് മികച്ച മാർഗനിർദേശങ്ങൾ നൽകാനും ഈ കൗമാര പ്രതിഭ ആഗ്രഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.