​95 -ാം ജന്മദിനാഘോഷത്തിനിടെ അതിഥികൾക്ക് ‘സർപ്രൈസ് സമ്മാനം’

​തന്റെ 95 -ാം ജന്മദിനാഘോഷം വേറിട്ട രീതിയിൽ ആഘോഷിച്ച് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ് ബെറ്റി ആഡംസ് എന്ന മുത്തശ്ശി. വീട്ടുമുറ്റത്ത് സംഘടിപ്പിച്ച പിറന്നാളാഘോഷത്തിനിടെ അതിഥികൾക്കായി അപ്രതീക്ഷിതമായി വിശുദ്ധ കുർബാന ഒരുക്കിയാണ് ബെറ്റി മുത്തശ്ശി എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത്.

​ബർത്ത്ഡേ പാർട്ടിയിൽ സാധാരണ വേഷത്തിൽ തൊപ്പിയുമണിഞ്ഞ് പങ്കെടുത്ത  കത്തോലിക്കാ വൈദികനായ ഫാദർ ജോൺ പെട്ടെന്ന് തന്നെ തിരുവസ്ത്രങ്ങളണിഞ്ഞ് വിശുദ്ധ കുർബാനയ്ക്കായി വീട്ടുമുറ്റത്തേക്ക് എത്തുകയായിരുന്നു. ബെറ്റിയുടെ പേരക്കുട്ടിയായ ആറിൻ ഹാൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ഈ അപൂർവ നിമിഷങ്ങളുടെ വീഡിയോ ഇതിനകം എട്ടു ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

എല്ലാവരെയും വിശുദ്ധ കുർബാനയിൽ പങ്കെടുപ്പിക്കാൻ ഇതൊരു നല്ല വഴിയാണ്. എപ്പോഴും സജീവമായിരിക്കാനും കിട്ടിയ സൗകര്യങ്ങളിൽ സന്തോഷത്തോടെ ജീവിക്കാനും ഞങ്ങളെ പഠിപ്പിച്ച ‘ബെറ്റി മുത്തശ്ശിക്ക് ജന്മദിനാശംസകൾ’ ആറിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.