ഉക്രൈനിൽ അഞ്ഞൂറിലധികം കുട്ടികൾ കൊല്ലപ്പെട്ടു: സേവ് ദി ചിൽഡ്രൻ സംഘടന

കഴിഞ്ഞ നാലുമാസങ്ങളിൽ റഷ്യ – ഉക്രൈൻ യുദ്ധത്തിൽ ഇരകളായ കുട്ടികളുടെ എണ്ണത്തിൽ ഏഴുശതമാനം വർധനവുണ്ടായെന്നും ഈ കിരാതയുദ്ധത്തിൽ മരണമടഞ്ഞ 545 കുട്ടികളുൾപ്പെടെ 1700-ലധികം കുട്ടികൾ അക്രമങ്ങളുടെ ഇരകളായെന്നും സേവ് ദി ചിൽഡ്രൻ സംഘടന അറിയിച്ചു. കഴിഞ്ഞ പതിനെട്ടു മാസങ്ങളായി തുടരുന്ന യുദ്ധത്തിൽ, വേനൽക്കാലം ആരംഭിച്ച കഴിഞ്ഞ മാസങ്ങളിൽ മാത്രം 24 കുട്ടികളാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ 100-ലധികം വർഷങ്ങളായി ഉക്രൈനിലുൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയും അവരുടെ മെച്ചപ്പെട്ട ഭാവിക്കുവേണ്ടിയും പോരാടുന്ന സേവ് ദി ചിൽഡ്രൻ, അന്താരാഷ്ട്ര മാനവികനിയമങ്ങളനുസരിച്ച് സാധാരണ ജനത്തിന്, പ്രത്യേകിച്ച് കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും പൊതുജനസേവനകേന്ദ്രങ്ങളും സ്‌കൂളുകളും ആശുപത്രികളും സംരക്ഷിക്കപ്പെടണമെന്നും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു.

2022 ഫെബ്രുവരി 24-ന് ആരംഭിച്ച ഈ യുദ്ധത്തിൽ കഴിഞ്ഞ മെയ് മാസം മുതൽ 148 കുട്ടികൾ ഉക്രൈനിൽ ഈ സംഘർഷങ്ങളുടെ ഇരകളായി. ജൂൺ മാസത്തിൽ മാത്രം കൊല്ലപ്പെട്ട 11 കുട്ടികൾ ഉൾപ്പെടെ 43 കുട്ടികളാണ് ആക്രമണത്തിന്റെ ഇരകളായത്. കഴിഞ്ഞ നാലുമാസങ്ങളിൽ, ഡ്രോണുകൾ ഉൾപ്പെടെ വ്യോമമാർഗമുള്ള ആക്രമണങ്ങൾ മൂന്നിരട്ടിയായി.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ഈ വർഷം മെയ് മാസം മുതൽ ആഗസ്റ്റ് 13 വരെയുള്ള തീയതികളിലാണ് ഉക്രൈനിൽ ഏറ്റവുമധികം ആളുകൾ കൊല്ലപ്പെട്ടത്. 865 പേരാണ് ഈ നാലു മാസങ്ങൾക്കുള്ളിൽ ഉക്രൈനെതിരെ നടന്ന റഷ്യൻ ആക്രമണത്തിൽ മരണമടഞ്ഞത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.