
ഹൈറേഞ്ച് റിലീജിയസ് ഫ്രറ്റേർണിറ്റിയുടെ (HRF) നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ ഹൈറേഞ്ച് സന്ന്യസ്ത സംഗമം ‘ടുഗെദർ 2K 26’ കട്ടപ്പന കൃപാലയ ധ്യാനകേന്ദ്രത്തിൽ നടന്നു. ഹൈറേഞ്ചിലെ വിവിധ കത്തോലിക്കാ ആശ്രമങ്ങളിൽ നിന്നും മഠങ്ങളിൽ നിന്നുമായി നൂറ്റിമുപ്പതോളം സന്ന്യസ്തർ പങ്കെടുത്ത സംഗമത്തിൽ ഫാ. ബോബി ജോസ് കട്ടികാട് മുഖ്യപ്രഭാഷണം നിർവഹിച്ചു.
രാവിലെ ഒൻപതരയ്ക്ക് ആരാധനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഫാ. ഷിനോ പുതുശ്ശേരി എം.എസ്.എഫ്.എസ്. എല്ലാവരെയും സ്വാഗതം ചെയ്തു. തുടർന്ന്, കൃപാലായം ഡയറക്ടറും എച്ച്.ആർ.എഫ്. കോ-ഓർഡിനേറ്ററുമായ ഫാ. സക്കറിയാസ് എടാട്ട് വി.സി. സന്ന്യസ്ത സംഗമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. അതിനു ശേഷം സന്ന്യസ്തജീവിതത്തിന് പുതിയ ഊർജം പകരുന്ന ഈ കൂട്ടായ്മ സിസ്റ്റർ റെസ്സ്‌ലിൻ എസ്.എച്ച്. ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സംഗമത്തിൻ്റെ മുഖ്യ ആകർഷകത്വം ഫാ. ബോബി ജോസ് കട്ടികാട് നടത്തിയ ആത്മീയപ്രഭാഷണമായിരുന്നു. ‘യേശുവിലുള്ള വിശ്വാസവും യേശുവിന്റെ വിശ്വാസവും’ എന്ന വിഷയത്തില്‍ കേന്ദ്രീകൃതമായിരുന്നു പ്രഭാഷണം.
സമകാലിക സന്ന്യസജീവിതം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്തുകൊണ്ടുള്ള ഗ്രൂപ്പ് ചർച്ചകളും പങ്കുവയ്ക്കലുകളും സംഗമത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. ഫാ. സാജു എസ്.ഡി.ബി. പൊതുചർച്ചകൾക്ക് നേതൃത്വം നൽകി. എച്ച്.ആർ.എഫ്. സെക്രട്ടറി ഫാ. സാബു മണ്ണട എം.സി.ബി.എസ്. ചടങ്ങിന് കൃതജ്ഞതയർപ്പിച്ചു.
വിവിധ സന്ന്യസ സഭകളെ പ്രതിനിധീകരിച്ച് എത്തിയവർ ഇത്തരമൊരു കൂട്ടായ്മയുടെ പ്രസക്തിയും ആവശ്യകതയും എടുത്തുപറയുകയുണ്ടായി. പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിൽ ഇത്തരം ഒത്തുകൂടലുകൾ സന്ന്യസ്തർക്ക് വലിയ കരുത്തും പ്രത്യാശയും പകരുമെന്ന് സംഗമത്തിൽ പങ്കെടുത്തവർ വിലയിരുത്തി. ഫാ. സേവ്യർ കൊച്ചുറുമ്പിൽ കപ്പൂച്ചിൻ, ആബട്ട് ഫാ. മാരിയാനന്ദ് തുടങ്ങിയവരും സംഗമത്തിന് നേതൃത്വം നൽകി.




