
ഓഗസ്റ്റ് 30ന് ആചരിക്കുന്ന നിർബന്ധിത തിരോധാനത്തിന് ഇരകളായവരുടെ അന്താരാഷ്ട്ര ദിനത്തിന്റെ പശ്ചാത്തലത്തിൽ, മെക്സിക്കോയിലെ കത്തോലിക്കാ സഭ രാജ്യത്ത് അക്രമത്തിന് ഇരകളായവരുടെ പേരുകളും ചിത്രങ്ങളും ഉൾപ്പെടുത്തി ഒരു രേഖ തയ്യാറാക്കുന്നു. ഇത് ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് കൈമാറും.
മെക്സിക്കോ നേരിടുന്ന അക്രമങ്ങൾക്ക് മറുപടിയായി വിവിധ പ്രവർത്തനങ്ങളെയും സംഘടനകളെയും ഒരുമിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ സംരംഭമായ ‘നാഷണൽ ഡയലോഗ് ഫോർ പീസ്’ ആണ്, ‘ഒരു പേര്, ആയിരം ശബ്ദങ്ങൾ’ (One Name, a Thousand Voices) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ആരംഭിച്ചത്.
മെക്സിക്കോയിൽ കാണാതായ ആളുകളുടെ ഫോട്ടോകളും വിവരങ്ങളും ഒപ്പം സമീപകാലത്ത് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെയും പുരോഹിതരുടെയും പട്ടികയും ഈ രേഖയിൽ ഉൾപ്പെടുത്തും. ഈ വിവരങ്ങൾ ഐക്യരാഷ്ട്രസഭയ്ക്കും (UN) സമർപ്പിക്കും. കുടുംബാംഗങ്ങളോടും അന്വേഷണ ഗ്രൂപ്പുകളോടും പൊതുസമൂഹത്തോടും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതായ സ്ഥലം, തീയതി, ഫോട്ടോ, പേര് എന്നിവ അയച്ചുനൽകാൻ നാഷണൽ ഡയലോഗ് ഫോർ പീസ് അഭ്യർഥിച്ചു.
2026 ഓഗസ്റ്റ് 30 വരെ വിവരങ്ങൾ സംഘടനയുടെ ഫേസ്ബുക്ക്, എക്സ് (X), ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴിയോ, comunidad@dialogonacionalporlapaz.org.mx എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്. മെക്സിക്കോയിൽ അക്രമത്തിന് ഇരകളായവരുടെ പേരുകളും ഫോട്ടോകളും അടങ്ങിയ പട്ടിക പരിശുദ്ധ പിതാവ് എന്നാണ് ഏറ്റുവാങ്ങുക എന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഓഗസ്റ്റ് നാല് മുതൽ ആറ് വരെ മെക്സിക്കോ സന്ദർശിച്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിന്റെ സന്ദർശനത്തിന് ശേഷമാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് കർദിനാൾ പരോളിൻ, നാഷണൽ ഡയലോഗ് ഫോർ പീസ് പ്രതിനിധികളുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. അക്രമസംഭവങ്ങളെക്കുറിച്ച് പഠിക്കുന്ന ഗവേഷകയും യോഗത്തിൽ പങ്കെടുത്തവരിലൊരാളുമായ എലീന അസോള ഗാരിഡോയുടെ അഭിപ്രായത്തിൽ, സംഘടിത കുറ്റകൃത്യങ്ങൾ മൂലം കാണാതായ ആളുകളുടെ കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിയുക എന്നതായിരുന്നു കൂടിക്കാഴ്ചയിൽ കർദിനാളിന്റെ പ്രധാന താൽപ്പര്യങ്ങളിലൊന്ന്.




