
കടുത്ത യുദ്ധവും നാശനഷ്ടങ്ങളും വിതച്ച ഗാസയിൽ പ്രത്യാശയുടെ വെളിച്ചമായി അവിടുത്തെ ഏക കത്തോലിക്കാ സ്കൂൾ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഹോളി ഫാമിലി ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ഏകദേശം മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാർഥികൾക്കായി വീണ്ടും തുറന്നുകൊടുത്തത്. ഗാസയിലെ പുരാതന നഗരഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹോളി ഫാമിലി സ്കൂൾ ആയിരത്തോളം വിദ്യാർഥികൾക്കായി ഇന്നലെ രാവിലെയാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.
പ്രാദേശികമായ കത്തോലിക്കാ ഇടവകയ്ക്കൊപ്പം പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കുമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരാണ്. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തെത്തുടർന്ന് ആരംഭിച്ച, മൂന്ന് വർഷത്തോളം നീണ്ട കഠിനമായ യുദ്ധത്തിന് ശേഷമാണ് സ്കൂൾ വീണ്ടും തുറക്കുന്നത്. ഇത്രയധികം ദുരിതങ്ങൾ അനുഭവിച്ച പ്രാദേശിക സമൂഹത്തിന് ഇരുട്ടിൽ ഒരു വെളിച്ചമെന്ന പോലെ ഈ ചുവടുവയ്പ്പ് മാറും എന്ന് പ്രത്യാശിക്കുന്നതായി വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു.
“വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും സ്കൂൾ വീണ്ടും തുറക്കുന്നത് ജീവിതത്തിൽ അല്പം സാധാരണത്വം തിരികെ നൽകും. ഇതൊരു സുരക്ഷിതമായ അന്തരീക്ഷമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. ഗാസയിൽ നാശനഷ്ടങ്ങൾ സംഭവിക്കാത്ത ഒരിടവുമില്ല; ചുറ്റിലും തകർച്ച മാത്രമാണ്. എന്നാൽ കഠിനമായ ദുരന്തങ്ങളിലൂടെ കടന്നുപോയ കുട്ടികൾക്ക് സുരക്ഷിതത്വം തോന്നുമാറ് സ്കൂളിൽ വൃത്തിയുള്ളൊരു അന്തരീക്ഷം ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്”- ഫാ. ഗബ്രിയേൽ റൊമാനെല്ലി കൂട്ടിച്ചേർത്തു.
യുദ്ധത്തിന് മുമ്പ് ഗാസയിൽ അഞ്ച് ക്രിസ്ത്യൻ സ്കൂളുകളാണ് പ്രവർത്തിച്ചിരുന്നത്—മൂന്ന് കത്തോലിക്കാ സ്കൂളുകളും, ഒരു ഓർത്തഡോക്സ് സ്കൂളും, ഒരു ഇവാഞ്ചലിക്കൽ സ്കൂളും. അന്ന് ക്രിസ്ത്യൻ വിദ്യാർഥികൾ ഈ പല സ്കൂളുകളിലായി ചിതറിക്കിടക്കുകയായിരുന്നു. എന്നാൽ ചരിത്രത്തിൽ ആദ്യമായി, ഗാസയിലെ മുഴുവൻ ക്രിസ്ത്യൻ വിദ്യാർഥികളും ഇനി ഹോളി ഫാമിലി സ്കൂൾ എന്ന ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ പഠിക്കും. ലാറ്റിൻ പാത്രിയാർക്കീസ് ഓഫ് ജറുസലേമിന്റെ പ്രൊജക്റ്റ് ഡെവലപ്‌മെന്റ് ഓഫീസ് ഡയറക്ടർ ജോർജ്ജ് അക്രൂഷ് നൽകുന്ന വിവരമനുസരിച്ച്, ഏകദേശം 130 ക്രിസ്ത്യൻ വിദ്യാർഥികളാണ് ഇവിടെ പഠിക്കുക.
യുദ്ധത്തെത്തുടർന്ന് അഭയാർഥികളായ നിരവധിയാളുകൾ സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോയതിന് ശേഷമാണ് സ്കൂൾ തുറന്നത്. ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാനായി 450-ലധികം ആളുകൾ ഇതുവരെ ഈ സ്കൂൾ കെട്ടിടത്തിലാണ് അഭയം തേടിയിരുന്നത്.




