മനസ്സിൽ പരിശുദ്ധ അമ്മയോടുള്ള സ്നേഹവും നന്ദിയും മാത്രം; 16,000-ത്തിലധികം കിലോമീറ്ററുകൾ സൈക്കിളിൽ സഞ്ചരിച്ച് ഒരു തീർഥാടകൻ

16,000-ത്തിലധികം കിലോമീറ്ററുകൾ സൈക്കിളിൽ സഞ്ചരിക്കുന്ന ഒരു തീർഥാടകൻ. അതും നിരപ്പായ റോഡുകൾ മാത്രമല്ല മെക്സിക്കോയുടെ മരുഭൂമികളും വനപാതകളും പിന്നിട്ടാണ് ആ സൈക്കിൾ യാത്ര മുന്നേറിയത്. ഇത്രയധികം ദൂരം പിന്നിട്ടപ്പോഴും സാന്റിയാഗോ കാമാൽ ബെ എന്ന മുപ്പത്തിനാലുകാരന്റെ മനസ്സിൽ ഒന്ന് മാത്രം. പരിശുദ്ധ അമ്മയോടുള്ള സ്നേഹം. അമ്മയുടെ രോഗസൗഖ്യത്തിനായി പ്രാർഥിച്ച്, ഗ്വാഡലൂപ്പെ മാതാവിന് നൽകിയ വാക്ക് പാലിക്കാൻ സാന്റിയാഗോ നടത്തിയ ഈ യാത്ര ഇന്ന് ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ്.

അമ്മയുടെ സൗഖ്യത്തിനായുള്ള പ്രാർഥനയും രോഗശാന്തിയും

സാന്റിയാഗോയുടെ അമ്മ ഗുരുതരമായ രോഗബാധയെത്തുടർന്ന് തീർത്തും അവശയായ സമയം. അമ്മയുടെ ചികിത്സയ്ക്കുപോലും കയ്യിൽ പണം തികയാത്ത അവസ്ഥയിൽ ആണ് പരിശുദ്ധ അമ്മയിലേയ്ക്ക് സാന്റിയാഗോ അടുക്കുന്നത്. ചെലവേറിയ ശസ്ത്രക്രിയയും മെഡിക്കൽ ചികിത്സകളും തന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് അദ്ദേഹം പരിശുദ്ധ അമ്മയോട് ഇപ്രകാരം പറഞ്ഞു “എന്റെ അമ്മയെ സുഖപ്പെടുത്തുകയാണെങ്കിൽ, ഈ രാജ്യം മുഴുവൻ ഞാൻ സൈക്കിളിൽ ചുറ്റിക്കറങ്ങി നന്ദിയർപ്പിക്കും”.

തന്റെ പക്കൽ കണ്ണുനീരോടെ എത്തുന്ന ആർക്കും അഭയം നൽകുന്ന പരിശുദ്ധ അമ്മയ്ക്ക് സാന്റിയാഗോയുടെ ഹൃദയം നുറുങ്ങിയുള്ള പ്രാർഥന കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. അധികം വൈകാതെ തന്നെ സാന്റിയാഗോയുടെ അമ്മ അദ്ഭുതകരമായി സുഖപ്പെട്ടു. അമ്മയ്ക്ക് അദ്ഭുതകരമായി രോഗസൗഖ്യം ലഭിച്ചതോടെ, താൻ നൽകിയ വാഗ്ദാനം നിറവേറ്റാൻ സാന്റിയാഗോ ഇറങ്ങിത്തിരിച്ചു.

16,000 കിലോമീറ്ററിലെ പ്രതിബന്ധങ്ങൾ

ചെറിയൊരു തുക മാത്രമായി വീട്ടിൽ നിന്ന് ഇറങ്ങിയ സാന്റിയാഗോ തന്റെ സൈക്കിളിന്റെ പുറകിൽ ഗ്വാഡലൂപ്പെ മാതാവിന്റെ രൂപവും ചുമലിൽ ജനങ്ങൾ നൽകിയ നിരവധി പ്രാർഥനാ നിയോഗങ്ങളും പേറിയാണ് തന്റെ തീർഥാടനം ആരംഭിച്ചത്. എന്നാൽ ഈ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. കത്തുന്ന വെയിലും കഠിനമായ തണുപ്പും പർവതപാതകളും നിറഞ്ഞ മെക്സിക്കൻ വഴികളിലൂടെ മാസങ്ങളോളം സാന്റിയാഗോ തന്റെ യാത്ര തുടർന്നു. പ്രതികൂല കാലാവസ്ഥയെ തടസങ്ങളോ ഒന്നും തന്റെ നേർച്ചയിൽ നിന്ന് തന്നെ പിന്നോട്ട് വലിക്കില്ല എന്ന ഉറപ്പിന്മേൽ അദ്ദേഹം മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. യാത്രയിൽ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഒപ്പം തുടരാൻ കഴിയാതെ മടങ്ങേണ്ടി വന്നെങ്കിലും സാന്റിയാഗോ ഏകനായി ലക്ഷ്യത്തിലേക്ക് കുതിച്ചു.

മൈലുകളോളം നീണ്ട കഠിനാധ്വാനത്തിനൊടുവിൽ തട്ടകത്തിൽ തിരിച്ചെത്തി കുടുംബാംഗങ്ങളെ കെട്ടിപ്പുണർന്ന് വിങ്ങിപ്പൊട്ടുമ്പോൾ, ആ ശബ്ദത്തിൽ തളർച്ചയല്ല, മറിച്ച് സാക്ഷാത്കാരത്തിന്റെ സന്തോഷമായിരുന്നു. “ഞാനത് പൂർത്തിയാക്കി” എന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ പൂർണ്ണമായ സമർപ്പണത്തിന്റെ ആത്മസംതൃപ്തിയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.