
യൂറോപ്പിൽ പൊതുവെ മതേതരത്വം ശക്തമാകുന്ന സാഹചര്യത്തിനിടയിലും സ്കോട്ട്‌ലൻഡിൽ കത്തോലിക്കാ സഭയിലേക്ക് ആകൃഷ്ടരായി ‘ജെൻ സി’ (Gen Z – 1990-കളുടെ അവസാനത്തിലും 2010-കളുടെ ആരംഭത്തിലും ജനിച്ചവർ) തലമുറയിലെ യുവാക്കൾ വൻതോതിൽ കടന്നുവരുന്നു. മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ പ്രകടമായ ആത്മീയ ഉണർവിന് സമാനമായ തരംഗമാണ് ഇപ്പോൾ സ്കോട്ടിഷ് സഭയിലും ദൃശ്യമാകുന്നത്.
യൂണിവേഴ്സിറ്റി ക്യാമ്പസുകൾ കേന്ദ്രീകരിച്ചും ഇടവക കൂട്ടായ്മകളിലൂടെയും നിരവധി യുവതീയുവാക്കളാണ് കത്തോലിക്കാ സഭയിൽ ചേരുന്നതിനായി പ്രൊട്ടസ്റ്റന്റ് പശ്ചാത്തലങ്ങളിൽ നിന്നും മതരഹിത അന്തരീക്ഷത്തിൽ നിന്നും മുന്നോട്ടുവരുന്നത്. സഭയുടെ പാരമ്പര്യത്തിലും ദിവ്യകാരുണ്യ ആരാധനയിലും ആരാധനാക്രമങ്ങളിലുമുള്ള കൃത്യതയാണ് യുവജനങ്ങളെ പ്രധാനമായും കത്തോലിക്കാ സഭയിലേയ്ക്ക് ആകർഷിക്കുന്നത്. ആധുനിക ഡിജിറ്റൽ ലോകത്തിലെ അസ്ഥിരതകൾക്കിടയിൽ വ്യക്തമായ സത്യവും ആത്മീയ അടിത്തറയും തേടിയാണ് പുതിയ തലമുറ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിയുന്നത് എന്നാണ് പുറത്തുവരുന്ന ഓരോ പഠനങ്ങളും വെളിപ്പെടുത്തുന്നത്.
എഡിൻബറ, ഗ്ലാസ്ഗോ തുടങ്ങിയ പ്രധാന നഗരങ്ങളിലെ കത്തീഡ്രലുകളിലും ഇടവകകളിലും വിശുദ്ധ കുർബാനയിലും സഭയിലെ മറ്റ് അനുഷ്ഠാനങ്ങളിലും യുവാക്കളുടെ പ്രാതിനിധ്യം മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിട്ടുണ്ട്. അമേരിക്കയിലും ഇംഗ്ലണ്ടിലും അടുത്തകാലത്തായി ദൃശ്യമായ പ്രൊ-ലൈഫ്, യുവജന ആത്മീയ ഉണർവുകൾക്ക് സമാനമായി സ്കോട്ട്‌ലൻഡിലും കത്തോലിക്കാ സഭയുടെ ഭാവി പ്രതീക്ഷ നൽകുന്നതാണെന്ന് സഭാ നേതൃത്വവും നിരീക്ഷകരും വിലയിരുത്തുന്നു.




